വീണ്ടും എംജി റോഡ് വികസനം; പടിഞ്ഞാറെകോട്ടയിൽ മേൽപ്പാലം
1477975
Sunday, November 10, 2024 6:36 AM IST
തൃശൂർ: കരാറുകാരൻ കുഴിച്ചുമൂടിയ എംജി റോഡ് വികസനം കോർപറേഷൻ വീണ്ടും പുറത്തെടുത്തു മിനുക്കാനൊരുങ്ങുന്ന വേളയിൽ, പടിഞ്ഞാറെകോട്ട ജംഗ്ഷനിൽ മേൽപ്പാലമെന്ന പതിറ്റാണ്ടിലധികം പഴക്കമുള്ള വികസനസ്വപ്നത്തിനും വഴിയൊരുങ്ങുന്നു.
കാൽവരി റോഡിൽനിന്ന് ബിന്ദു തിയേറ്റർ റോഡിലേക്കു മേൽപ്പാലം പണിയുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും പുതിയ പ്രപ്പോസലിൽ അരണാട്ടുകര റോഡിൽനിന്ന് ബിന്ദു തിയേറ്റർ റോഡിലേക്കു മേൽപ്പാലം പണിയാനാണു നീക്കം. ഇതോടെ ആറു പ്രധാന വഴികൾ സംഗമിക്കുന്ന, ഭരണസിരാകേന്ദ്രത്തിനുമുന്പേയുള്ള ജംഗ്ഷനിൽ ഗതാഗതം സുഗമമാകും.
പടിഞ്ഞാറെകോട്ടയിൽ മേൽപ്പാലം നിർമിച്ച് ഗതാഗതക്കുരുക്കിനു പരിഹാരം കാണുമെന്ന പ്രഖ്യാപനത്തിന് ഒരു പതിറ്റാണ്ടിലധികം പഴക്കമുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു മേൽപ്പാലം നിർമാണത്തിനായി 35 കോടി രൂപ അനുവദിക്കുമെന്നും പറഞ്ഞിരുന്നു. തേറന്പിൽ രാമകൃഷ്ണൻ എംഎൽഎ ആയിരുന്ന കാലത്ത് തൃശൂരിൽ നടന്ന ജനസന്പർക്കപരിപാടിയിലാണു തുക വാഗ്ദാനം ചെയ്തത്. എന്നാൽ വർഷങ്ങൾ ഒരുപാടു കഴിഞ്ഞിട്ടും സർക്കാരുകൾ മാറിഭരിച്ചിട്ടും വികസനം കടലാസിലൊതുങ്ങി.
ജംഗ്ഷനിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി റോഡ് വീതികൂട്ടുക മാത്രമാണു ചെയ്തത്. തുടർ ഭരണങ്ങളിൽ തൃശൂരിൽനിന്ന് ഒന്നിലധികം മന്ത്രിമാരും എംപിമാരും ഉണ്ടായിട്ടും പടിഞ്ഞാറെകോട്ട വികസനത്തിനായി യാതൊരു നടപടിയും പിന്നീടുണ്ടായില്ല. എംജി റോഡ് വികസനം കരാറുകാരന്റെ കെടുകാര്യസ്ഥതയിൽ മുടങ്ങുകയും ചെയ്തു.
എംജി റോഡ് വികസനത്തിനായി നടുവിലാലിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിപ്പണിതു വീതികൂട്ടിയിരുന്നു. ജംഗ്ഷനിലെ വീട്ടുകാരും സ്ഥലം വിട്ടുകൊടുത്തു കോർപറേഷനോടൊപ്പം ചേർന്നു. എന്നാൽ തുടർകാര്യങ്ങളിൽ ആവേശമുണ്ടായില്ല. ഈ റോഡിന്റെ വശങ്ങളിലുള്ള ട്രാൻസ്ഫോർമറുകൾ മാറ്റിസ്ഥാപിക്കാനുള്ള ശ്രമംപോലും പിന്നീടുണ്ടയില്ല. പുതിയ പ്രപ്പോസലിൽ വൈദ്യുതിലൈനുകളടക്കം ഭൂമിക്കടിയിലൂടെ സ്ഥാപിച്ചുകൊണ്ടാണു വികസനം സാധ്യമാക്കുക. നടുവിലാൽമുതൽ പാറയിൽവരെ 21 മീറ്ററും തുടർന്ന് 25 മീറ്റർ വീതിയുമാണ് റോഡിനുണ്ടാകുക.
സ്വന്തം ലേഖകൻ