കരുവന്നൂര്‍ ചേലക്കടവിലെ ആളൊഴിഞ്ഞ വീടുകള്‍ പൊളിച്ചുനീക്കി
1478815
Wednesday, November 13, 2024 7:10 AM IST
കരുവന്നൂര്‍: സാമൂഹ്യവിരുദ്ധരും ലഹരിമാഫിയാസംഘങ്ങളും പിടിമുറുക്കിയ കരുവന്നൂര്‍ ബംഗ്ലാവിനു സമീപത്തെ ചേലക്കടവ് പ്രദേശത്തെ വീടുകള്‍ പൊളിച്ചുനീക്കി. ആളൊഴിഞ്ഞ നാലു വീടുകളാണു നഗരസഭ പൊളിച്ചുനീക്കിയത്. പോലീസിന്റെയും നഗരസഭാ കൗണ്‍സിലര്‍മാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണു നഗരസഭാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിക്കൽ നടത്തിയത്. രണ്ടു വീട്ടുകാര്‍ വീടുപൊളിക്കുന്നതിനു സാവകാശം അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്കു കത്തുനല്കിയിരിക്കുന്നതിനാല് അവ ഒഴിവാക്കി മറ്റു വീടുകളാണു പൊളിച്ചുനീക്കിയത്.
ഈ വീടുകള്‍ക്കു സമീപത്തുകൂടി പോകുന്ന റോഡ് എത്തിച്ചേരുന്നതു കരുവന്നൂര്‍ പുഴയോരത്തേക്കാണ്. ഈ പുഴയോരവും റോഡിനു മറുവശത്തുള്ള ആളൊഴിഞ്ഞ പറമ്പുകളിലും ലഹരിമാഫിയാസംഘം പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ തമ്പടിക്കാറുണ്ട്. അതിനാല്‍ ഈ വഴികളിലൂടെ യാത്ര ചെയ്യുവാന്‍ പലര്‍ക്കും ഭീതിയാണ്.
ദൂരസ്ഥലങ്ങളില്‍നിന്നുപോലും ലഹരിവസ്തുക്കള്‍ വാങ്ങുവാന്‍ ഇവിടേക്ക് യുവാക്കളടക്കമുള്ളവര്‍ എത്താറുണ്ട്. പുറമേനിന്നു പൂട്ടിയ വീടുകളുടെ ഓടുകളും ഷീറ്റുകളും ഇളക്കിമാറ്റിയാണ് ആദ്യം ഇക്കൂട്ടര്‍ അകത്തു കടക്കുക. മുമ്പ് സന്ധ്യ മയങ്ങിയാല്‍ ഉണ്ടായിരുന്ന ഇവരുടെ ശല്യം പിന്നീട് പകല്‍സമയത്തും കൂടുതലായി.
പോലീസില്‍ പരാതി നല്കിയാല് പോലീസ് എത്തുന്നതിനു മുമ്പേ ഇക്കൂട്ടര്‍ സ്ഥലംവിടുകയാണു പതിവ്. പോലീസില്‍ വിവരം അറിയിച്ചതിനു സമീപവാസികള്ക്കതിരേ ഭീഷണി മുഴക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്.
ഒക്ടോബര്‍ മുപ്പതിനകം ചേലക്കടവിലെ ആള്‍ത്താമസമില്ലാത്ത വീടുകള്‍ പൊളിച്ചുമാറ്റുമെന്നു നേരത്തേതന്നെ കൗണ്‍സില്‍ ഐകകണ്ഠ്യേന തീരുമാനിച്ചിരുന്നു. എന്നാല്‍, വീടുകള്‍ പൊളിച്ചുനീക്കാന്‍ നടപടിയാരംഭിക്കാത്തതില് പ്രതിഷേധിച്ച് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടക്കമുള്ള ഇരുപത്തഞ്ചോളംപേര്‍ നവംബര്‍ ഒന്നിനു നഗരസഭാ ഓഫീസിലെത്തിയിരുന്നു.
ഒരുമാസം മുമ്പ് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന രണ്ടുപേരെയാണു വീടുകളില്‍ രാത്രി തമ്പടിച്ചവര്‍ ആക്രമിച്ചതെന്നും രാത്രി ഇതുവഴി നടക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ചേലക്കടവില്നിന്നും എത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി.
ചെയര്‍പേഴ്സണുമായി പ്രദേശവാസികളും കൗണ്‍സിലര്‍മാരും നടത്തിയ ചര്‍ച്ചയില്‍ വീടു പൊളിക്കുന്നതിനെതിരേ സ്ത്രീ പരാതി നല്‍കിയിട്ടുണ്ടെന്നും അവരുടെ വാദം കേള്‍ക്കണമെന്നും നഗരസഭ വ്യക്തമാക്കി.
തുടര്‍ന്ന് പരാതിക്കാരെ ഒഴിവാക്കി ആള്‍ത്താമസമില്ലാത്ത വീടുകള്‍ പൂര്‍ണമായും പൂട്ടാനും വാല്യുവേഷന് നടപടികള്‍ പൂര്‍ത്തിയാക്കി എത്രയുംവേഗം അവ പൊളിച്ചുനീക്കാനും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടികള്‍.