കുറഞ്ഞ വോട്ടിംഗ് ശതമാനം; മുന്നണികൾക്ക് ആശങ്കയും പ്രതീക്ഷയും
1479068
Thursday, November 14, 2024 6:55 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കേരളം കണ്ട ഏതൊരു ഉപതെരഞ്ഞെടുപ്പിനെക്കാളും ഒട്ടുംകുറയാത്ത പ്രചാരണവേലകൾ അരങ്ങേറിയിട്ടും ചേലക്കരയിൽ ഇത്തവണയും വോട്ടിംഗ് ശതമാനം കുറഞ്ഞതിൽ മുന്നണികൾക്ക് ആശങ്കയും പ്രതീക്ഷയും.
മുൻകാലങ്ങളെ അപേക്ഷിച്ച് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞ വോട്ടിംഗ് ശതമാനം രേഖപ്പെടുത്തിയപ്പോഴും ഇപ്പോഴത്തെക്കാൾ നാലരശതമാനം കൂടുതലായിരുന്നു; 77.28 ശതമാനം. 2016ൽ 79.21 ശതമാനമായിരുന്നു. രണ്ടുശതമാനത്തോളം 2021ൽ കുറഞ്ഞപ്പോഴും, മണ്ഡലംകണ്ട കുറഞ്ഞ ഭൂരിപക്ഷത്തിലും എൽഡിഎഫ് വിജയം നേടിയിരുന്നു. ഇത്തവണ വോട്ടിംഗ് ശതമാനം വീണ്ടും കുറഞ്ഞത് എൽഡിഎഫിനെ ആശങ്കയിലാക്കിയിട്ടുണ്ട്.
1996 മുതൽ കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് തരംഗത്തിൽ ഭരണം മാറിമറിഞ്ഞപ്പോഴൊന്നും എൽഡിഎഫിനെ കൈവിടാത്ത മണ്ഡലത്തിൽ അല്പം ഇടർച്ചയോടെയാണെങ്കിലും പൂർണവിശ്വാസവും എൽഡിഎഫ് നേതാക്കൾ പ്രകടിപ്പിക്കുന്നു. 2011ൽ 76.52 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ മൊത്തം 213103 വോട്ടർമാരിൽ 58026 പേർ വോട്ടു രേഖപ്പെടുത്തിയില്ല.
വോട്ടിംഗ് ശതമാനം കുറഞ്ഞതിനുകാരണം നിലവിലെ ഭരണത്തോടുള്ള പ്രതിഷേധമാണെന്നും തങ്ങൾക്ക് അനുകൂലമാണെന്നും കാരണസഹിതം യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. ഒന്നാമതായി ചേലക്കരയിലെ വികസനമില്ലായ്മയാണു യുഡിഎഫ് മുന്നോട്ടുവച്ചത്. മാത്രമല്ല, ചേലക്കരയിലെ ജനങ്ങൾക്കു പ്രിയങ്കരനായ മുൻ എംഎൽഎയും നിലവിലെ എംപിയുമായ കെ. രാധാകൃഷ്ണനെ രാജിവയ്പിച്ചു ലോക്സഭയിലേക്കു വിട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയിലുള്ള പ്രതിഷേധമാണെന്നും പറയുന്നു.
2016ൽ യു.ആർ. പ്രദീപ് എൽഡിഎഫ് സ്ഥാനാർഥിയായിരുന്നപ്പോൾ ഉണ്ടായിരുന്നതിനെക്കാൾ ആറര ശതമാനത്തോളം കുറവു വോട്ടാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. അതിനുമുന്പ് 2011, 2006, 2001, 1996 എന്നിങ്ങനെ പിറകോട്ടു നിയമസഭയിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന കെ. രാധാകൃഷ്ണനാണ് മണ്ഡലത്തെ ചുവപ്പിച്ചുനിർത്തിയിരുന്നത്. അന്നൊന്നും വോട്ടിംഗ് ശതമാനം മണ്ഡലാടിസ്ഥാനത്തിൽ വിലയിരുത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല.
പാർട്ടിനേതൃത്വത്തോടും എൽഡിഎഫിനോടുമുള്ള എതിർപ്പു പ്രകടിപ്പിച്ച് സിപിഎം അനുകൂലികൾതന്നെ വോട്ടുചെയ്യാൻ എത്തിയിട്ടില്ലെന്നാണ് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. പ്രചാരണവേളയിൽതന്നെ അത്തരം സാഹചര്യങ്ങൾ വ്യക്തമായിരുന്നെന്നും മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും അവർ പ്രതീക്ഷ പുലർത്തുന്നു.
കുറഞ്ഞ പോളിംഗിലും വോട്ടിംഗ് ശതമാനം ഉയർന്നതായും വിജയസാധ്യതയുണ്ടെന്നും എൻഡിഎ നേതാക്കൾ അവകാശപ്പെട്ടു.