കോർപറേഷൻ ടെൻഡർ മുക്കി കടമുറികൾ മറിച്ചുവില്പനയ്ക്ക്
1478805
Wednesday, November 13, 2024 7:09 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കോർപറേഷൻ കടമുറികൾ വാടകയ്ക്കുനല്‍കാൻ ടെൻഡറുകൾ ക്ഷണിച്ചവേളയിൽ, മുൻകാലങ്ങളിൽ മുറികൾ വാടകയ്ക്കെടുത്തവർ ഇരട്ടിലാഭത്തിനായി മറിച്ചുവിൽക്കാൻ പരസ്യം നല്കുന്നു. ഇതിനെതിരേ കോർപറേഷൻ കടമുറികൾക്കായി കാത്തിരിക്കുന്ന ചെറുകിടകച്ചവടക്കാർ രംഗത്ത്.
ശക്തൻ ബസ് സ്റ്റാൻഡിലെ ശക്തൻ ആർക്കേഡിലെ കടമുറികൾക്കു മുന്‍പിലാണ് മുറി വാടകയ്ക്ക് എന്നെഴുതി മൊബൈൽനന്പർ സഹിതം പരസ്യപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രണ്ടുദിവസം മുന്‍പാണ് കോർപറേഷൻവക വിവിധ ഷോപ്പിംഗ് കോപ്ലക്സുകളിലെ മുറികളും മാർക്കറ്റുകളിലെ ഒഴിവുള്ള കടമുറികളും ഏറ്റെടുക്കാൻ ജോയിന്റ് കോർപറേഷൻ സെക്രട്ടറി (ഇൻചാർജ്) ടെൻഡർ ക്ഷണിച്ചത്. കൗൺസിൽ അംഗീകരിച്ച ലൈസൻസ് വ്യവസ്ഥകൾക്കനുസൃതമായി കടമുറികളുടെ നിലവിലുള്ള അവസ്ഥയിൽ ഏറ്റെടുക്കാൻ തയാറുള്ളവരുടെ ടെൻഡറുകളാണു ക്ഷണിച്ചത്. ടെൻഡറിൽ കച്ചവട ആവശ്യം കാണിക്കണമെന്നും ചട്ടമുണ്ട്. ഇതൊന്നും പാലിക്കാതെയാണ് അമിതലാഭത്തിനായി മറിച്ചുവില്പന പരസ്യം പതിച്ചിട്ടുള്ളത്.
കോർപറേഷനിൽ ടെൻഡർസമയത്തു രേഖാമൂലം കാണിച്ചിട്ടുള്ള കച്ചവടങ്ങളല്ല പലരും നിലവിൽ നടത്തുന്നതെന്നും ആരോപണമുണ്ട്. ഈ അവസരത്തിലാണു മുൻകാലങ്ങളിൽ കടമുറികൾ ലേലത്തിൽപിടിച്ചവർ അന്യായവാടകയ്ക്കു മറിച്ചുനല്‍കാൻ മുറികൾ വാടകയ്ക്കെന്ന നോട്ടീസ് പതിച്ചിരിക്കുന്നത്. കോർപറേഷൻ കടമുറികളിൽ പലതും വർഷങ്ങളായി കൈവശംവച്ച് മറ്റു പലർക്കും വാടകയ്ക്കു മറിച്ചുകൊടുത്ത് അമിതലാഭം കൊയ്യുന്നയാളാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. ഭരണ- ഉദ്യോഗസ്ഥരുമായി പിടിപാടുള്ള ഇയാൾ ലക്ഷങ്ങളാണ് ഇത്തരത്തിൽ സന്പാദിക്കുന്നത്. ഇതിന്റെ നിശ്ചിതവിഹിതം ഉദ്യോഗസ്ഥർക്കും ചില കൗൺസിലർമാർക്കും രഹസ്യമായി എത്തുന്നതായും ചെറുകിട കച്ചവടങ്ങൾ തുടങ്ങൻ കടമുറികൾക്കായി കാത്തിരിക്കുന്നവർ കുറ്റപ്പെടുത്തി.
കോർപറേഷൻവക കടമുറികൾ വാടകയ്ക്കുകിട്ടാൻ പുതിയതായി ടെൻഡർ നല്‍കുന്നവരെ കടമുറിമാഫിയകൾ ഭീഷണിപ്പെടുത്തുന്നതായും പറയുന്നു.