സിപിഎമ്മും ബിജെപിയും ഒരേ മുന്നണിയായി മാറി: കെ. സുധാകരൻ എംപി
1477974
Sunday, November 10, 2024 6:36 AM IST
മുള്ളൂർക്കര: സിപിഎമ്മും ബിജെപിയും ഇന്നിപ്പോൾ ഒരേ മുന്നണിയായി മാറിയെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. പെട്ടി വിവാദമാക്കി യുഡിഎഫിനെ തളർത്താമെന്നാണ് അവർ കരുതിയത്. എന്നാൽ തിരിച്ചടി കിട്ടാൻ തുടങ്ങിയതോടെ സിപിഎം നേതാക്കൾതന്നെ വിഷയം വിവാദമാക്കണ്ടായെന്നുപറഞ്ഞ് പെട്ടി മടക്കിയിരിക്കുകയാണ്.
പി.പി. ദിവ്യയെ സംരക്ഷിച്ചതിനുപിറകിൽ സിപിഎമ്മാണ്. ദിവ്യയെ അറസ്റ്റുചെയ്യേണ്ടെന്നു പറഞ്ഞതു പി. ശശിയാണ്. ഒടുവിൽ കോടതി ജാമ്യം നിഷേധിച്ചപ്പോഴാണ് അവർ പോലീസിൽ കീഴടങ്ങിയത്. ജാമ്യം കിട്ടിയതുകൊണ്ടുമാത്രം കേസിൽനിന്ന് മോചിതയായെന്നു ആരും ധരിക്കേണ്ട. ദിവ്യ തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്നു പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞതുതന്നെ കുറ്റസമ്മതമാണ്. കുറ്റം ചെയ്ത പി.പി. ദിവ്യ ശിക്ഷിക്കപ്പെടണം. അതിനാവശ്യമായ നടപടികളുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മുള്ളൂർക്കരയിൽ നടന്ന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രകാശൻ അധ്യക്ഷത വഹിച്ചു. എഐസിസി സെക്രട്ടറി ഡോ. വി.കെ. അറിവഴകൻ, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, സിദ്ദിഖലി രാങ്ങാട്ടൂർ, കെപിസിസി ജനറൽ സെക്രട്ടറി എം. ലിജു തുടങ്ങിയവർ സംസാരിച്ചു.