പീച്ചിയിൽ കുട്ടവഞ്ചി ടൂറിസം ഉദ്ഘാടനം 12ന്
1467810
Saturday, November 9, 2024 7:51 AM IST
പീച്ചി: വിനോദ സഞ്ചാരികൾക്കായി പീച്ചി ഡാമിൽ ആരംഭിക്കുന്ന കുട്ടവഞ്ചി ടൂറിസം ഉദ്ഘാടനത്തിനൊരുങ്ങുന്നു. വനംവകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് പീച്ചിയിൽ കുട്ടവഞ്ചി ടൂറിസം ആരംഭിക്കുന്നത്. 12ന് വൈകീട്ട് 4.30ന് റവന്യൂ മന്ത്രി കെ. രാജൻ പദ്ധതി ഉദ്ഘാടനം ചെയ്യും.
പീച്ചിഡാമിന്റെ പവിലിയനു പിന്നിലായി റിസർവോയറിനോടുചേർന്ന് പണികഴിപ്പിച്ചിട്ടള്ള വനം വകുപ്പിന്റെ ഇൻസ്പെക്ഷൻ ബംഗ്ലാവിന്റെ പരിസരത്തുനിന്നാണ് കുട്ടവഞ്ചിയാത്ര ആരംഭിക്കുക. തമിഴ്നാട്ടിലെ ഹൊഗനേക്കലിൽ നിന്നും എത്തിച്ച നാല് കൊട്ടവഞ്ചികളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. ഒരു തുഴച്ചിൽകാരനടക്കം അഞ്ച് വിനോദസഞ്ചാരികൾക്ക് യാത്രചെയ്യാം.
ഇവിടെ ശുചീകരണ പ്രവർത്തനങ്ങളും വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.
പീച്ചി വാഴാനി വൈൽഡ് ലൈഫ് വാർഡൻ വി.ജി. അനിൽകുമാർ, അസിസ്റ്റന്റ് വൈൽഡ്ലൈഫ് വാർഡൻ സുമു സ്കറിയ എന്നിവരുടെ നേതൃത്വത്തിൽ പീച്ചി ഫോറസ്റ്റ് ഓഫീസിലെ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ എസ്.പി. അഭിലാഷ്, ഫോറസ്റ്റർമാരായ ജയകുമാർ, സീന, പ്രശാന്ത്, പന്ത്രണ്ടോളം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, ഫോറസ്റ്റ് വാച്ചർമാർ എന്നിവർ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
പീച്ചിയിലെ വിനോദസഞ്ചാര മേഖലയുടെ വികസനത്തിന് പുതിയ പദ്ധതികൾ നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തിയിരുന്നു.
കുട്ടവഞ്ചി ടൂറിസം അതിനൊരു തുടക്കമാകും എന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാരികൾ.