കൂടല്‍മാണിക്യത്തിൽ ഇന്നുമുതൽ തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി
1467482
Friday, November 8, 2024 6:46 AM IST
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങള്‍ ഇന്നും നാളെയും മറ്റെന്നാളും നടക്കും. തൃപ്പുത്തരി സദ്യയ്ക്കായി കലവറ നിറയ്ക്കല്‍ നടന്നു. ക്ഷേത്രത്തിന്റെ കിഴക്കനടപ്പുരയില് നടന്ന ചടങ്ങ് ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേല്‍ശാന്തി മണക്കാട് പരമേശ്വരന് നമ്പൂതിരി നിലവിളക്ക് കൊളുത്തി. ആദ്യസമര്പ്പണമായി തെക്കേമഠം സുരേഷ് നേന്ത്രക്കുല സമര്‍പ്പിച്ചു.
തുടര്‍ന്ന് തൃപ്പുത്തരി സദ്യയ് ക്ക് ആവശ്യമായ ഉണക്കല്ലരി, പച്ചക്കറി, ചേന, ചേമ്പ്, പച്ചമാങ്ങ, ഇടിയന് ചക്ക, നാളികേരം, പപ്പടം മുതലായവ ഭക്തജനങ്ങള്‍ സമര്‍പ്പിച്ചു. ഇന്ന് പോട്ട പ്രവൃത്തി കച്ചേരിയില്‍നിന്നും ഉച്ചക്ക് 12.30 ന് തൃപ്പുത്തരി സദ്യയുടെ ആവശ്യത്തിലേക്കുള്ള തണ്ടിക പുറപ്പെട്ട് വൈകീട്ട് അഞ്ചിന് ഠാണാവില്‍ എത്തിച്ചേരും. അവിടെനിന്ന് നാദസ്വരത്തിന്റെ അകമ്പടിയോടെ പള്ളിവേട്ട ആല്‍ത്തറയില്‍ എത്തി സന്ധ്യാവെടിക്കുശേഷം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ 6.45 ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. വൈകീട്ട് ആറിന് കിഴക്കേഗോപുരനടയില്‍ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം.
നാളെ തൃപ്പുത്തരിക്ക് ആറായിരത്തോളം ഭക്തജനങ്ങള്തെക്കേ ഊട്ടുപുരയിലും പടിഞ്ഞാറെ ഊട്ടുപുരയിലുമായി തൃപ്പുത്തരി സദ്യയുണ്ണും. അത്താഴപൂജയ്ക്കു ശേഷം ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം അവതരിപ്പിക്കുന്ന കഥകളി (നളചരിതം രണ്ടാം ദിവസം - കാട്ടാളനും ദമയന്തിയും) ഉണ്ടായിരിക്കും.
ഞായറാഴ്ച മുക്കുടി നിവേദ്യം. കുട്ടഞ്ചേരി അനൂപ് മൂസ് മുക്കുടിയിലേക്കുള്ള മരുന്ന് തയാറാക്കും. രാവിലെ 7.30 മുതല്‍ മുക്കുടി പടിഞ്ഞാറെ നടപ്പുരയില്‍ വിതരണം ചെയ്യും. മുക്കുടി നിവേദ്യം സേവിച്ചാല്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് ഉത്തമമാണെന്നാണു വിശ്വാസം. 2500 ലിറ്റര്‍ തൈരിലാണ് മുക്കുടി നിവേദ്യം തയാറാക്കുന്നത്.