റോഡ് കുത്തിപ്പൊളിച്ചിട്ട് ഒരുമാസത്തിലേറെ
1467471
Friday, November 8, 2024 6:46 AM IST
കൊരട്ടി: കൊരട്ടി - പുളിക്കകടവ് പൊതുമരാമത്ത് റോഡിൽ കൊരട്ടി റെയിൽവേ മേൽപ്പാലത്തിന്റെ പ്രവേശനകവാടത്തിനോടുചേർന്ന് ജല അഥോറിറ്റി അറ്റകുറ്റപ്പണികൾക്കായി റോഡ് കുത്തിപ്പൊളിച്ചിട്ട് ഒരുമാസത്തിലേറെയായി.
ജലവിതരണ പൈപ്പ് പൊട്ടിയതുമൂലമാണ് റോഡിന്റെ നടുഭാഗം കുത്തിപ്പൊളിച്ചതെങ്കിലും കുഴികളടക്കാൻ അധികൃതർ തയാറാവുന്നില്ല. ദിനംപ്രതി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ടിട്ടും ഉത്തരവാദപ്പെട്ടവർ നിഷേധാത്മകനിലപാടു സ്വീകരിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. എൽഎഫ് ഹയർസെക്കൻഡറി സ്കൂളിന്റെ മുൻവശം കൂടിയാണിത്. കൊരട്ടിമുത്തിയുടെ തിരുനാളിനുമുമ്പ് കുത്തിപ്പൊളിച്ച നിർദിഷ്ടയിടം ചാക്കുകളിൽ കൊണ്ടുവന്ന ടാർ മിശ്രിതം ഇട്ട് താത്കാലികമായി അടച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽതന്നെ തകർന്നു. കൊരട്ടി പഞ്ചായത്തിലെ ഗതാഗതമേറെയുള്ള പൊതുമരാമത്ത് റോഡുകളിലൊന്നാണിത്.
പരിഹാരംതേടി ജനപ്രതിനിധികളും പ്രദേശവാസികളും പലവട്ടം അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും നടപടിയെടുക്കുന്നില്ല. ആധുനികരീതിയിൽ ബിഎംബി സി ടാറിംഗ് നടത്തിയ റോഡിലെ കുത്തിപ്പൊളിച്ച ഭാഗത്തിന്റെ വ്യാപ്തി കൂടുകയാണ്. അപകടങ്ങൾ ഒഴിവാക്കാനും റോഡ് കൂടുതൽ തകരാതിരിക്കാനും സത്വരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.