നിർധന കുടുംബത്തിന് വീടൊരുക്കാൻ സൗജന്യഭൂമി നൽകി ജോർജ് പാലമറ്റം
1467122
Thursday, November 7, 2024 2:23 AM IST
കൊരട്ടി: പൊതുസമൂഹത്തിന് ഉത്തമമാതൃകയും സന്ദേശവും പകർന്ന് തന്റെ 60-ാം പിറന്നാൾ ആഘോഷിക്കുകയാണ് കൊരട്ടി പഞ്ചായത്തിലെ പൊങ്ങം സ്വദേശി പാലമറ്റം ജോർജ്. വഴിച്ചാൽ 13-ാം വാർഡിൽ ദീർഘകാലമായി വാടകയ്ക്ക് താമസിച്ചു വരുന്ന ജോൺ കൊമ്പനായിക്കും കുടുംബത്തിനുമാണ് വീട് നിർമാണത്തിനായി ആറുലക്ഷം രൂപ വിലമതിക്കുന്ന സൗജന്യഭൂമി നൽകി ജോർജ് മാതൃകയായത്.
കുടിലുകളില്ലാത്ത കൊരട്ടി എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുന്ന കൊരട്ടി പഞ്ചായത്തിലെ അതിദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ടതാണ് ജോണും കുടുംബവും. ഇതിനു മുമ്പ് മറ്റൊരു കുടുംബത്തിനും ഭവനനിർമാണത്തിനായി സൗജന്യമായി ഭൂമി ഇദ്ദേഹം കൈമാറിയിരുന്നു.
ഭൂമിയുടെ രേഖകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സി. ബിജു ഏറ്റുവാങ്ങി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ച് നൽകുമെന്ന് പഞ്ചായത്ത് അധികൃതർ ഉറപ്പ് നൽകി.
വൈസ് പ്രസിഡന്റ്് ഷൈനി ഷാജി, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. കെ.ആർ. സുമേഷ്, കുമാരി ബാലൻ, പഞ്ചായത്ത് അംഗങ്ങളായ ലിജോ ജോസ്, പി.എസ്. സുമേഷ്, റെയ്മോൾ ജോസ്, ഗ്രേസി സ്കറിയ, ബിജി സുരേഷ്, വിഇഒ കെ.എം.അമ്പിളി എന്നിവർ പങ്കെടുത്തു.