തുറവൂർ: ഗതാഗതക്കുരുക്കിൽ നട്ടംതിരിഞ്ഞ് തുറവൂർ കവല. ദേശീയപാതയിലെ പ്രധാന കവലയായ തുറവൂരിൽ മണിക്കൂറുകളോളമാണ് ട്രാഫിക് ബ്ലോക്കിൽപ്പെട്ട് വാഹനങ്ങൾ കിടക്കുന്നത്. ആകാശപാത നിർമാണത്തോടനുബന്ധിച്ച് ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇവിടെ ഗതാഗതകുരുക്ക് രൂക്ഷമായി.
രാവിലെയും വൈകുന്നേരവും കിലോമീറ്ററുകൾ നീളത്തിലാണ് വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത്. ഇവിടത്തെ സിഗ്നൽ സംവിധാനങ്ങൾ നിർത്തിയതോടുകൂടി ഗതാഗതം നിയന്ത്രിക്കാനുള്ള യാതൊരുവിധ സംവിധാനങ്ങളും ഇവിടെയില്ല. മുൻപ് സിഗ്നൽ സംവിധാനം ഇല്ലാത്തപ്പോൾ ഇവിടെ ഹോം ഗാർഡിനെ നിയമിച്ചാണ് വാഹനഗതാഗതം നിയന്ത്രിച്ചിരുന്നത്. എന്നാൽ, കുത്തിയതോട് പോലീസ് ഹോം ഗാർഡ് സംവിധാനം പിൻവലിച്ചതോടുകൂടിയാണ് ഗതാഗതക്കുരുക്കു രൂക്ഷമായിരിക്കുന്നത്. ആംബുലൻസ് ഇവിടെ കുരുങ്ങിക്കിടക്കുന്നതു നിത്യസംഭവമാണ്.