ആശുപത്രിയിൽ അക്രമം നടത്തിയ ആൾ പിടിയിൽ
1477996
Sunday, November 10, 2024 7:01 AM IST
ശാസ്താംകോട്ട: മദ്യപിച്ച് എത്തിയ ആൾ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ആക്രമം നടത്തി. സുരക്ഷാ ജീവനക്കാരനേയും മർദിച്ചു.
ലാബിന്റെ ചില്ലുകൾ അടിച്ചുതകർത്തു. അരമണിക്കൂറോളം ആശുപത്രിയിൽ അക്രമം നടത്തി. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പടി കല്ലട കണത്താർ കുന്നംകുന്നുത്തറ കിഴക്കതിൽ അനുമോൻ (34) ആണ് അക്രമണം അഴിച്ചുവിട്ടത്.
മദ്യപിച്ച് ലക്ക് കെട്ട് ആശുപത്രിയിൽ എത്തിയ ഇയാൾ അക്രമാസക്തനായതോടെ ജീവനക്കാരിൽ ചിലർ പുറത്തേക്ക് ഓടി രക്ഷപെട്ടു. ഡോക്ടറുടെ കാബിനിലേക്ക് കയറാനുള്ള ശ്രമം തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ ഇയാൾ മർദിച്ചു.
ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ മറ്റുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ശാസ്താംകോട്ട എസ്ഐ ഷാനവാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘമെത്തി ഏറെ പണിപ്പെട്ടാണ് പിടികൂടിയത്.
അക്രമിയെ പോലീസുകാരും കൂട്ടിരിപ്പുകാരും ചേർന്നാണ് കീഴ്പ്പെടുത്തിയത്. വൈദ്യപരിശോധന നടത്താനും എറെ ബുദ്ധിമുട്ടി. പോലീസുകാർക്കുനേരേയും ഇയാൾ ബലപ്രയോഗത്തിനൊരുങ്ങി.
മണിക്കൂറുകളോളം ആശുപത്രിയും പരിസരവും സം ഘർഷാവസ്ഥയിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.