കൊട്ടാരക്കര ചന്തയുടെ നവീകരണം നടന്നില്ല
1477988
Sunday, November 10, 2024 6:49 AM IST
കൊട്ടാരക്കര: ആഘോഷമാക്കിയ നിർമാണ ഉദ്ഘാടനം കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും കൊട്ടാരക്കര മാർക്കറ്റ് സമുച്ചത്തിന്റെ നിർമാണം തുടങ്ങിയില്ല. പ്രതീക്ഷയോടെ കാത്തിരുന്നവരൊക്കെ നിരാശയിൽ.
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ജൂൺ 25 ന് മന്ത്രി കെ.എൻ. ബാലഗോപാൽ മാർക്കറ്റ് സമുച്ചയ നിർമാണ ഉദ്ഘാടനം നടത്തിയത്.
അതിന് മുൻപായി താത്കാലിക ചന്തയൊരുക്കി പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. കഴിഞ്ഞ ഓണക്കാലത്തും പരിമിത സൗകര്യങ്ങളിൽ വീർപ്പുമുട്ടുകയായിരുന്നു ചന്തയിലെ കച്ചവടക്കാരും സാധനങ്ങൾ വാങ്ങാനെത്തിയവരും. ഓണം കഴിഞ്ഞിട്ടും മാർക്കറ്റ് സമുച്ചയം നിർമാണം തുടങ്ങാനാകാത്തതാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നത്.
കിഫ്ബിയിൽ ഉൾപ്പെടുത്തി അഞ്ച് കോടി രൂപയാണ് മാർക്കറ്റ് സമുച്ചയം നിർമിക്കാൻ അനുവദിച്ചിട്ടുള്ളത്. സംസ്ഥാന തീരദേശ വികസന കോർപ്പറേഷനെ മാർക്കറ്റ് നവീകരണത്തിനായുള്ള സ്പെഷൽ പർപ്പസ് വെഹിക്കിൾ ആയി നിയമിച്ചാണ് പദ്ധതി തയാറാക്കിയത്.
42 സെന്റ് ഭൂമിയാണ് ചന്തയ്ക്കുള്ളത്. രണ്ട് നിലയുള്ള 23,000 ചതുരശ്ര അടി വിസ്തീർണമുള്ള മാർക്കറ്റ് കെട്ടിടം 33 കടമുറികൾ, എട്ട് ഇറച്ചി തയാറാക്കൽ കേന്ദ്രങ്ങൾ, വിശ്രമ മുറികൾ, ടോയ് ലറ്റ് സംവിധാനം, 12 ഉണക്കമത്സ്യ വിപണന സ്റ്റാളുകൾ 19 മത്സ്യ സ്റ്റാളുകൾ, പ്രിപ്പറേഷൻ റൂം, മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള സൗകര്യം, ഓഫീസ് മുറി, എന്നിവ പുതിയ മാർക്കറ്റിലുണ്ടാകും.
മത്സ്യം വിപണനത്തിന് തയാറാക്കുന്ന റാക്കുകളെല്ലാം സ്റ്റെയിൻലസ് സ്റ്റീലിലാണ് നിർമിക്കുക.
സ്വകാര്യ ബസ് സ്റ്റാൻഡിന്റെ നിർമാണ ഉദ്ഘാടനം നടത്തിയിട്ട് വർഷങ്ങളായി. ഇപ്പോഴും നിർമാണം തുടങ്ങിയില്ല. സാംസ്കാരിക സമുച്ചയം, നഗരസഭ ആസ്ഥാന മന്ദിരം, ബൈപ്പാസ്, മേൽപ്പാലം തുടങ്ങി പല പദ്ധതികളും തുടങ്ങാനായിട്ടില്ല. ഇതുപോലെ മാർക്കറ്റ് സമുച്ചയത്തിന്റെ നിർമാണവും അനന്തമായി നീളുമോയെന്നാണ് ആശങ്ക.
നിലവിലെ നഗരസഭ ചെയർമാന്റെ കാലാവധി രണ്ട് മാസത്തിനകം പൂർത്തിയാകും. ഇതിന് മുൻപ് നിർമാണ ജോലികൾ തുടങ്ങുമെന്ന പ്രതീക്ഷയൊക്കെ മങ്ങുകയാണ്.