സാംബശിവൻ ഗ്രാമോത്സവം ഇന്നു മുതൽ
1477985
Sunday, November 10, 2024 6:49 AM IST
കൊല്ലം: വി. സാംബശിവൻ ഫൗണ്ടേഷന്റേയും സാംസ്കാരിക വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ കഥാപ്രസംഗകലയുടെ ശതാബ്ദി സമാപന ആഘോഷങ്ങൾ ചവറ തെക്കുംഭാഗത്ത് നടക്കും.
സാംബശിവൻ ഗ്രാമോത്സവം എന്ന പേരിൽ വി. സാംബശിവൻ സ്മാരകത്തിൽ ഇന്നു മുതൽ 13 വരെ നീളുന്ന വിവിധ കലാപരിപാടികളും സമ്മേളനങ്ങളുമാണ് നടക്കുക.
ആറ് പ്രഫഷണൽ കഥാപ്രസംഗങ്ങൾ, ഓട്ടൻതുള്ളൽ, വിൽപ്പാട്ട്, ഗാനമേള, കവിയരങ്ങ് എന്നിവ അരങ്ങേറും. ഇന്ന് രാവിലെ 10 ന് വിളംബരദിനം ഡോ. സുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ അധ്യക്ഷയാകും.
തുടർന്ന് നടക്കുന്ന ഏഴ് ലഘുകഥാപ്രസംഗങ്ങൾ റാണി മോനച്ചൻ, ദേവ് കിരണൻ, ശ്രീപ്രിയ, അനഘ എന്നീ വിദ്യാർഥികളും, സി.എൻ. സ്നേഹലത, അനിത ചന്ദ്രൻ, എൻ. വസന്തകുമാരി എന്നീ കഥാപ്രസംഗ ഇൻസ്റ്റിട്ട്യൂട്ട് കാഥികരും അവതരിപ്പിക്കും. കാഥിക തൊടിയൂർ വസന്തകുമാരി മോഡറേറ്റർ ആകും.
നാളെ രാവിലെ 9.30 ന് കാഥികൻ കിളിമാനൂർ സലിംകുമാർ ശകുനി എന്ന കഥ പറയും. 11 ന് കവി ശാന്തൻ ഹരിദാസൻ നയിക്കുന്ന കവിയരങ്ങ് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് മുളങ്കാടകം മനോജ് കുമാറിന്റെ ഓട്ടൻതുളളൽ (രുഗ്മിണീസ്വയംവരം) അവതരിപ്പിക്കും. തുടർന്ന് സാംബശിവൻ ഗ്രാമോത്സവം, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ജഗതിരാജ് ഉദ്ഘാടനം ചെയ്യും.
സാംബശിവൻ ഫൗണ്ടേഷൻ പ്രസിഡന്റ് എൻ. രതീന്ദ്രൻ അധ്യക്ഷനാകും. പ്രമുഖർ പ്രസംഗിക്കും. ചവറ തെക്കുംഭാഗത്തെ മുതിർന്ന പൗരന്മാരെ ആദരിക്കും. വൈകുന്നേരം ആറിന് കൈതാരം വിനോദ് ഇരട്ട മുഖങ്ങൾ എന്ന കഥാപ്രസംഗം അവതരിപ്പിക്കും.
12 ന് രാവിലെ 10 ന് പൊതുസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ആർ. രവീന്ദ്രൻ അധ്യക്ഷനാകും. തുടർന്ന് സൂരജ് സത്യൻ രമണൻ എന്ന കഥയും വിനോദ് ചമ്പക്കര കുഞ്ചൻ നമ്പ്യാർ എന്ന കഥയും പറയും. വൈകുന്നേരം ആറിന് ഐഎംഎയും ദേവരാജൻ ശക്തി ഗാഥ കൊല്ലം ചാപ്റ്ററും നയിക്കുന്ന ഗാനമേള നടക്കും.
13 ന് രാവിലെ 10 ന് നരിക്കൽ രാജീവിന്റെ പ്രിയപ്പെട്ടവളിൽ നിന്ന് ഒരു കത്ത് എന്ന കഥാപ്രസംഗം നടക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് വസന്തകുമാർ സാംബശിവൻ റാണി എന്ന കഥ പറയും. 3.30-ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
കേരള കലാമണ്ഡലം വിസി ഡോ. ബി. അനന്തകൃഷ്ണൻ കഥാപ്രസംഗശതാബ്ദി സമാപന സന്ദേശം നൽകും. തുടർന്ന് കാഥിക സംഗമവും കാഥികരെ ആദരിക്കലും നടക്കും. വൈകുന്നേരം 6.30 ന് ബിഗ് ബോസ് താരം മണികണ്ഠൻ അവതരിപ്പിക്കുന്ന കർണൻ എന്ന വിൽപ്പാട്ടോടെ മേളയ്ക്ക് തിരശീല വീഴും.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ഡോ. വസന്തകുമാർ സാംബശിവൻ, ആർ.രവീന്ദ്രൻ, ബാജി സേനാധിപൻ, ആർ. സന്തോഷ് എന്നിവർ സംബന്ധിച്ചു.