കാസര്‍ഗോഡ്: ലോക്സഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ല പൂര്‍ണസജ്ജമെന്നും മുഴുവന്‍ ആളുകളും മഹത്തായ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ കെ.ഇമ്പശേഖര്‍ അറിയിച്ചു.
കാസര്‍ഗോഡ് ലോക്സഭാ മണ്ഡലത്ത് ആകെ 1334 ബൂത്തുകളാണ് ഉള്ളത്. അതില്‍ 983 ബൂത്തുകള്‍ കാസര്‍ഗോഡ് ജില്ലയിലും 351 ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലുമാണ്. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മണ്ഡലത്തിലെ മുഴുവന്‍ പോളിംഗ് സ്റ്റേഷനിലും വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്.
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ നല്‍കുന്നുണ്ട്. ഇതോടൊപ്പം പ്രാദേശികമായ ആരോഗ്യ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും.
ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ബൂത്തുകളില്‍ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം ക്യൂ സംവിധാനം ഉണ്ടായിരിക്കും. ട്രാന്‍സ് ജെന്‍ഡര്‍, ഭിന്നശേഷിക്കാര്‍, മുതിന്ന പൗരന്മാര് എന്നിവര്‍ മറ്റൊരു ക്യൂവിലും നിന്ന് വോട്ട് രേഖപ്പെടുത്തും. പോളിംഗ് കേന്ദ്രങ്ങളില്‍ ചൂട് പ്രതിരോധിക്കാനായി കുടിവെള്ളവും ഒആര്‍എസും നല്‍കും.
മുഴുവന്‍ ബൂത്തുകളും ഹരിതചട്ടം പാലിച്ചാണ് പ്രവര്‍ത്തിക്കുക. മണ്ഡലത്തിലെ 1334 പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
കളക്ടറേറ്റില്‍ സജ്ജീകരിക്കുന്ന കണ്ട്രോള് റൂമില്‍ മുഴുവന്‍ സമയവും പോളിംഗ് സ്റ്റേഷനുകളിലെ ദൃശ്യങ്ങള്‍ നിരീക്ഷിക്കും. എഡിഎം കെ.വി.ശ്രുതിക്കാണ് കണ്ട്രോള് റൂമിന്റെ ചുമതലയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഭിന്നശേഷി-വയോജന സൗഹൃദ
തെരഞ്ഞെടുപ്പ്
ജില്ലയിലെ മുഴുവന്‍ സെന്ററുകളിലും വീല്‍ ചെയറുകള്‍ സജ്ജീകരിക്കുകയും ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും സഹായിക്കുന്നതിന് വിദ്യാര്‍ഥി വളണ്ടിയര്‍മാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലയിലെ വിദ്യാലയങ്ങളിലെ 18 വയസ്സിനു താഴെയുള്ള എന്‍.എസ്.എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് മുതലായവയില്‍ അംഗങ്ങളായ രണ്ടുവീതം കുട്ടികളെയാണ് വോളണ്ടിയര്‍മാരായി ജില്ലയിലെ 983 ബൂത്തുകളില്‍ നിയോഗിച്ചിട്ടുള്ളത്.ആശാവര്‍ക്കര്‍മാര്‍, പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍, ബഡ്സ് സ്കൂള്‍ ജീവനക്കാര്‍ മുതലായവര്‍ മുഖേന ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും കണ്ടെത്തിയ വീല്‍ചെയറുകള്‍ ബൂത്തുകളിലേക്ക് എത്തിക്കും.
കൂടാതെ ജില്ലയില്‍ ഹോം വോട്ടിംഗ് സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കാത്ത ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും പോളിംഗ് ബൂത്തുകളിലേക്ക് എത്തിച്ചേരുന്നതിനുള്ള പിക്ക് ആന്റ് ഡ്രോപ് വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.ഓരോ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതതിടങ്ങളിലെ പാലിയേറ്റീവ് കെയര്‍ നഴ്സുമാരുടെ കിഴില്‍ ആശാവര്‍ക്കര്‍മാരാണ് സേവനം മുന്‍കൂട്ടി ആവശ്യപ്പെട്ട, നടക്കുവാന്‍ പ്രയാസമുള്ള വയോജനങ്ങളെയും കാഴ്ച/ചലന വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരെയും ബൂത്തുകളില്‍ എത്തിക്കുന്നത്.
ഭിന്നശേഷി നോഡല്‍ ഓഫീസര്‍കൂടിയായ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ആര്യ പി. രാജിന്റെ നേതൃത്വത്തില്‍ സാമൂഹ്യനീതി വകുപ്പിലെയും കെഎസ്എസ്എമ്മിലെയും ജീവനക്കാരാണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
അഞ്ചു നിയോജക
മണ്ഡലങ്ങളിലും സ്ത്രീകള്‍
നിയന്ത്രിക്കുന്ന
പോളിംഗ് ബൂത്തുകള്‍
ജില്ലയില്‍ അഞ്ചു നിയോജക മണ്ഡലങ്ങളിലും സ്ത്രീകള്‍ നിയന്ത്രിക്കുന്ന ഓരോ പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്.
മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിംഗ് സ്റ്റേഷന് 150 ഹോളി ഫാമിലി എയ്ഡഡ് സീനിയര്‍ ബേസിക് സ്കൂള്‍ കുമ്പള, കാസര്‍ഗോഡ് പോളിംഗ് സ്റ്റേഷന് 138 കാസര്‍ഗോഡ് ഗവ.കോളജ്, ഉദുമയില്‍ പോളിംഗ് സ്റ്റേഷന് 148 കുണ്ടംകുഴി ജിഎച്ച്എസ്എസ്, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പോളിംഗ് സ്റ്റേഷന് 20 മഹാകവി പി സ്മാരക ജിവിഎച്ച്എസ്എസ് വെള്ളിക്കോത്ത്, തൃക്കരിപ്പൂരില്‍ പോളിംഗ് സ്റ്റേഷന് 45 ചീമേനി നോര്‍ത്ത് ജിഎച്ച്എസ്എസ് എന്നിവയാണ് വനിതകള്‍ നിയന്ത്രിക്കുന്ന പോളിംഗ് സ്റ്റേഷനുകള്‍.
മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍ ഒരുക്കിയിട്ടുണ്ട്. മഞ്ചേശ്വരത്ത് പോളിംഗ് സ്റ്റേഷന് 23 മഞ്ചേശ്വരം എസ്എടിഎച്ച്എസ്, കാസര്‍ഗോഡ് പോളിംഗ് സ്റ്റേഷന് 13, സെന്‍ട്രല്‍ പ്ലാന്റേഷന് ക്രോപ്പ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രീയ വിദ്യാലയ നമ്പര്‍ 1, ഉദുമ മണ്ഡലത്തില്‍ പോളിംഗ് സ്റ്റേഷന് 87 ബാര ജിഡബ്ല്യുഎല്‍പിഎസ്, കാഞ്ഞങ്ങാട് പോളിംഗ് സ്റ്റേഷന് 166 പടന്നക്കാട് ജിഎല്‍പിഎസ്, തൃക്കരിപ്പൂരില്‍ പോളിംഗ് സ്റ്റേഷന് 123 കൊടക്കാട് ജിഡബ്ല്യുയുപിഎസ് എന്നിവയാണ് ജില്ലയിലെ മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍.
തനതു ബൂത്തുകളായി നാലു പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയത്. മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിംഗ് സ്റ്റേഷന് നമ്പര്‍ 63 വിദ്യാവര്‍ധക എയുപിഎസ് മിയാപദവ്, കാസര്‍ഗോഡ് മണ്ഡലത്തില്‍ പോളിംഗ് സ്റ്റേഷന് 88 കമ്മ്യൂണിറ്റി ഹാള്‍ ഇന്ദുമൂലെ,
ഉദുമ മണ്ഡലത്തില്‍ പോളിംഗ് സ്റ്റേഷന് 77 ബളവന്തടുക്ക അങ്കണവാടി, മഞ്ചേശ്വരത്ത് പോളിംഗ് സ്റ്റേഷന് 160, മാടക്കാല്‍ ജിഎല്‍പിഎസ് എന്നിവയാണ് തനത് പോളിംഗ് സ്റ്റേഷനുകള്‍.
കാസര്‍ഗോഡ് മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷന് 115 ചെര്‍ക്കള ജിഎച്ച്എസ്എസ്, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ പോളിംഗ് സ്റ്റേഷന് 135 ദുര്‍ഗ എച്ച്എസ്എസ് എന്നവയാണ് ഭിന്നശേഷിക്കാരായ ജീവനക്കാര്‍ നിയന്ത്രിക്കുന്ന രണ്ടു പോളിംഗ് സ്റ്റേഷനുകള്‍.
മഞ്ചേശ്വരം മണ്ഡലത്തില്‍ പോളിംഗ് സ്റ്റേഷന് 165 മൊഗ്രാല്‍ ജിവിഎച്ച്എസ്എസ് ആണ് ജില്ലയിലെ ഏക യുവ പോളിംഗ് സ്റ്റേഷന്.
കെഎസ്ആര്‍ടിസി അധിക
സര്‍വീസ് നടത്തും
പോളിംഗ് സുഗമമാക്കുന്നതിനായി പോളിംഗ് ഓഫീസര്‍മാര്‍ക്ക് കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുപോകുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ദേശീയപാത വഴിയും, ചന്ദ്രഗിരി വഴിയും കെഎസ്ആര്‍ടിസി ബസുകള്‍ നിലവില്‍ ഓടുന്നതിന് പുറമെ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉള്‍നാടുകളിലേക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉപയോഗിച്ച വാഹനങ്ങള്‍ തിരിച്ചുവരുമ്പോള്‍ യാത്രാ സൗകര്യത്തിന് ഉപയോഗിക്കാം.
രാത്രി എട്ടിന് കാസര്‍ഗോഡ് - ചെര്‍ക്കള- ബോവിക്കാനം- ബന്തടുക്ക, 8.20നു കാസര്‍ഗോഡ് - ദേളി-പൊയിനാച്ചി-ബന്തടുക്ക, ഒന്‍പതിന് കാസര്‍ഗോഡ്- കാഞ്ഞങ്ങാട് (ചന്ദ്രഗിരി വഴി), ഒന്‍പതിന് കാസര്‍ഗോഡ്- ചെര്‍ക്കള- പയ്യന്നൂര്‍- കണ്ണൂര്‍- കോഴിക്കോട്, 10ന് കാസര്‍ഗോഡ്- കാഞ്ഞങ്ങാട് - പയ്യന്നൂര്‍ - കണ്ണൂര്‍ (ചന്ദ്രഗിരി വഴി), കണ്ണൂര്‍ - കാസര്‍ഗോഡ് രാത്രി 10.30ന് പയ്യന്നൂരില്‍ എത്തും. കോഴിക്കോട് - കാസര്‍ഗോഡ് രാത്രി 10.45ന് പയ്യന്നൂര്‍ എത്തും. ബസുകള്‍ അതാത് പോളിംഗ് സ്റ്റേഷനുകള്‍ വഴിയാണ് യാത്ര ചെയ്യുക.
ബൂത്തുകള്‍ സജ്ജം
ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികള്‍ സ്വീകരണ വിതരണ കേന്ദ്രങ്ങളില്‍ നിന്ന് വിതരണം ചെയ്തു. നിയോജകമണ്ഡലം അസി.റിട്ടേണിംഗ് ഓഫീസര്‍മാരായ ജെഗ്ഗിപോള്‍, പി.ബിനുമോന്, നിര്‍മല്‍ റീത്ത ഗോമസ്, സൂഫിയാന് അഹമ്മദ്, പി.ഷാജു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ വിതരണം നടന്നു. മഞ്ചേശ്വരം മണ്ഡലത്തില്‍ കുമ്പള ജിഎച്ച്എസ്എസ്, കാസര്‍ഗോഡ് മണ്ഡലത്തില്‍ കാസര്‍ഗോഡ് ഗവ.കോളജ്, ഉദുമ മണ്ഡലത്തില്‍ ചെമ്മനാട് ജമാഅത്ത് എച്ച്എസ്എസ്, കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ദുര്‍ഗ എച്ച്എസ്എസ്, തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ എന്നിവടങ്ങളിലാണ് പോളിംഗ് സാമഗ്രികളുടെ വിതരണം നടന്നത്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, പൊതു നിരീക്ഷകന് റിഷിരേന്ദ്രകുമാര്‍, ജില്ലാ പോലീസ് മേധാവി പി.ബിജോയ്, എന്നിവര്‍ വിവിധ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
വിവിധ പോളിംഗ് ബൂത്തുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാരും തെരഞ്ഞെടുപ്പ് സാമഗ്രികള്‍ ഏറ്റുവാങ്ങി. പോളിംഗ് കഴിഞ്ഞ ശേഷം പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയ മെഷീനും വിവിപാറ്റും സ്വീകരണ വിതരണ കേന്ദ്രങ്ങളിലെത്തിക്കും. തുടര്‍ന്ന് മെഷീനുകളും വിവിപാറ്റുകളും കേന്ദ്രസര്‍വകലാശാലയിലെ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റും.
മഞ്ചേശ്വരം, കാസര്‍ഗോഡ്, ഉദുമ മണ്ഡലങ്ങളുടെ സ്ട്രോംഗ് റൂം കേന്ദ്രസര്‍വകലാശാലയിലെ ഗംഗോത്രി ബ്ലോക്കിലും കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്യാശേരി മണ്ഡലങ്ങളുടെ സ്ട്രോംഗ് റൂം കാവേരി ബ്ലോക്കിലും പോസ്റ്റല്‍ ബാലറ്റ് സ്ട്രോംഗ് റൂം സബര്‍മതി ബ്ലോക്കിലുമാണ് ഒരുക്കിയിരിക്കുന്നത്.