സംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നു
Wednesday, January 22, 2025 12:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മൂലധന നിക്ഷേപം കുറഞ്ഞു വരുന്നു. കടമെടുക്കുന്ന പണം നിത്യനിദാന ചെലവുകൾക്ക് വിനിയോഗിക്കുന്നു എന്നാണിതു കാണിക്കുന്നത്. അതേസമയം റവന്യു ചെലവുകൾ വർധിച്ചു വരുന്നു. 2023-24 സാന്പത്തിക വർഷത്തെ അക്കൗണ്ടന്റ ജനറലിന്റെ കണക്കുകളിലാണിതു വ്യക്തമായത്.
2023-24 ൽ 1,42,626.34 കോടി രൂപയായിരുന്നു റവന്യു ചെലവ്. തലേവർഷം ഇത് 1,41,950.94 കോടി രൂപയായിരുന്നു. 0.48 ശതമാനത്തിന്റെ വർധന. അതേസമയം ഇതേകാലയളവിൽ മൂലധന ചെലവ് 13,996.56 കോടിയിൽ നിന്ന് 13,584.45 കോടി രൂപയായി കുറഞ്ഞു. 2.94 ശതമാനത്തിന്റെ കുറവാണുണ്ടായത്.
ജിഎസ്ടി പിരിവിൽ ഒരു വർഷത്തിനിടെ 3.56 ശതമാനത്തിന്റെ വർധന മാത്രമാണുണ്ടായത്. 29,513.28 കോടി രൂപയിൽ നിന്ന് 2023-24 ൽ ജിഎസ്ടി 30,563.60 കോടി രൂപയായാണു വർധിച്ചത്. കൂടാതെ കേന്ദ്ര സർക്കാരിൽ നിന്ന് 737.88 കോടി രൂപയുടെ ജിഎസ്ടി നഷ്ടപരിഹാരവും ലഭിച്ചു.
ധനഉത്തരവാദ നിയമം നിഷ്കർഷിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും സംസ്ഥാനത്തിനു പൂർണവിജയം കൈവരിക്കാനായില്ല. റവന്യുകമ്മി പൂർണമായും ഇല്ലാതാക്കുകയും 0.8 ശതമാനം മിച്ചം കൈവരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ 18,140.19 കോടി രൂപയുടെ കമ്മി 2023-24 ൽ ഉണ്ടായിരുന്നു.
ഇത് സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 1.58 ശതമാനമാണ്. കടവും ബാധ്യതകളും 33.70 ശതമാനത്തിൽ കവിയരുതെന്ന നിബന്ധനയും പാലിക്കാനായില്ല. യഥാർഥ കടം 36.23 ശതമാനമായി. എന്നാൽ ധനകമ്മി നാലു ശതമാനത്തിനുള്ളിലായിരിക്കണമെന്ന നിബന്ധന പാലിക്കാനായി. 2.99 ശതമാനമാണിത്.
നികുതി, നികുതിയേതര വരുമാനമുൾപ്പെടെ എല്ലാ വരവിനങ്ങളും ബജറ്റിൽ കണക്കുകൂട്ടിയതിലേക്കാൾ കുറവായിരുന്നു. ബജറ്റിൽ കണക്കുകൂട്ടിയതിന്റെ 93.76 ശതമാനമായിരുന്നു നികുതി വരുമാനം.
നികുതിയേതര വരുമാനമാകട്ടെ 95.65 ശതമാനവും. ഗ്രാന്റ് ഇൻ എയ്ഡ് വരുമാനം ബജറ്റ് കണക്കിന്റെ 76.06 ശതമാനം മാത്രമേ എത്തിയുള്ളൂ. ആകെ റവന്യു വരുമാനം ബജറ്റിൽ കണക്കുകൂട്ടിയതിന്റെ 91.93 ശതമാനമാണ്. 51,856.38 കോടി രൂപ കടമെടുക്കാമെന്നു ബജറ്റിൽ കണക്കുകൂട്ടിയെങ്കിലും യഥാർഥത്തിൽ കടം 34,258.05 കോടി രൂപയാണ്. കണക്കുകൂട്ടിയതിന്റെ 66.06 ശതമാനം മാത്രം. 2024 മാർച്ച് 31ന് സംസ്ഥാനത്തിന്റെ കടബാധ്യത 4,15,221.15 കോടി രൂപയാണ്.