ട്രംപ് അധികാരത്തിലേറുന്നതിനുമുന്പ് വിദേശവിദ്യാർഥികൾക്കു മടങ്ങിയെത്താൻ നിർദേശം
Sunday, December 29, 2024 12:03 AM IST
ന്യൂയോർക്ക്: ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുംമുന്‍പ് മടങ്ങിയെത്താന്‍ വിദേശവിദ്യാര്ഥികളോടു നിര്‍ദേശിച്ച് അമേരിക്കൻ സർവകലാശാലകൾ.
ശീതകാല അവധിക്ക് സ്വന്തം രാജ്യങ്ങളിലേക്കും വിനോദയാത്രകള്‍ക്കുമൊക്കെ പോയ വിദേശ വിദ്യാര്‍ഥികളോടാണ് ട്രംപ് അധികാരമേല്‍ക്കുന്ന ജനുവരി 20ന് മുന്‍പ് മടങ്ങിയെത്താന്‍ സര്‍വകലാശാലകള്‍ നിര്‍ദേശിച്ചിട്ടുള്ളത്.കുടിയേറ്റനയം കൂടുതല്‍ കര്‍ക്കശമാക്കുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ഗാസ, സിറിയ, സൊമാലിയ, യെമന്‍, ലിബിയ എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതു വിദേശവിദ്യാര്‍ഥികളെ ബാധിക്കാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യം ഒഴിവാക്കാനാണു സര്‍വകലാശാലകളുടെ നീക്കം.
കോര്‍ണല്‍, ഹാര്‍വഡ്, ബ്രൗണ്‍ സര്‍വകലാശാലകള്‍, എംഐടി, വെസ്ലിയന്‍ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സൗത്തേണ്‍ കലിഫോര്‍ണിയ, നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റി തുടങ്ങി പന്ത്രണ്ടിലധികം സ്ഥാപനങ്ങള്‍ വിദേശത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതിനകംതന്നെ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
നാലു വർഷത്തെ ബൈഡന് ഭരണത്തിനുശേഷം ഓവല്‍ ഓഫീസിലെത്തുന്ന ട്രംപ്, യാത്രാവിലക്ക് പ്രഖ്യാപിച്ചേക്കുമെന്ന ഭയമാണ് സര്‍വകലാശാലകളുടെ നീക്കത്തിനു പിന്നില്‍.
അതേസമയം, സത്യപ്രതിജ്ഞയ്ക്കുമുന്‍പ് യുഎസിനു പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മറ്റുചില സര്‍വകലാശാലകളും വിദേശ വിദ്യാര്‍ഥികളോടു നിര്‍ദേശിച്ചിട്ടുണ്ട്.
2023-24 അക്കാദമിക് വര്‍ഷം ഏകദേശം പത്തു ലക്ഷത്തിലധികം വിദേശ വിദ്യാര്‍ഥികള്‍ യുഎസിലെ കോളജുകളിലും സര്‍വകലാശാലകളിലും പ്രവേശനം നേടിയിട്ടുണ്ടെന്നാണു കണക്ക്.
2017 ജനുവരിയില്‍ ആദ്യമായി യുഎസ് പ്രസിഡന്റ് പദത്തിലെത്തിയപ്പോള്‍ ട്രംപ് യാത്രാവിലക്ക് പ്രഖ്യാപിച്ചിരുന്നു. അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ഇറാന്, ഇറാക്ക്, ലിബിയ, സൊമാലിയ, സുഡാന്, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കായിരുന്നു വിലക്ക്. പിന്നീട് നൈജീരിയ, മ്യാന്മര്, എരിത്രിയ, ടാന്‍സാനിയ, വെനസ്വേല തുടങ്ങിയ രാജ്യങ്ങള്‍ക്കും ട്രംപ് ഭരണകൂടം യാത്രാവിലക്ക് ഏര്‍പ്പെടുത്തി. അക്കാലയളവില്‍ 40,000 ത്തോളം വീസ അപേക്ഷകള്‍ നിരാകരിക്കപ്പെട്ടുവെന്നാണ് കണക്ക്.
യാത്രാവിലക്ക് വിഷയം കോടതി കയറുകയും യുഎസ് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു. ഇതോടെ ആയിരക്കണക്കിന് വിദേശവിദ്യാര്‍ഥികളുടെ പഠനം മുടങ്ങി. പിന്നീട് ജോ ബൈഡന് അധികാരത്തിലെത്തിയതിനു പിന്നാലെ 2021ലാണ് യാത്രാവിലക്ക് നീക്കുന്നത്.