ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരും: എൻസിടിഇ
Wednesday, January 22, 2025 2:36 AM IST
ന്യൂഡൽഹി: ഒരു പതിറ്റാണ്ടിനുശേഷം ഒരുവർഷ ബിഎഡ് കോഴ്സ് തിരികെ കൊണ്ടുവരാൻ നീക്കവുമായി നാഷണൽ കൗണ്‍സിൽ ഫോർ ടീച്ചേഴ്സ് എഡ്യുക്കേഷൻ (എൻസിടിഇ).
ഇതിനായി കരട് ചട്ടങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു സമർപ്പിക്കുമെന്ന് എൻസിടിഇ അധ്യക്ഷൻ പങ്കജ് അറോറ അറിയിച്ചു. 2014ൽ നിർത്തലാക്കിയ ഒരു വർഷ ബിഎഡ് കോഴ്സ് കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയങ്ങളുമായി പൊരുത്തപ്പെടുത്തിയായിരിക്കും തിരികെ കൊണ്ടുവരികയെന്ന് അദ്ദേഹം പറഞ്ഞു.
കോഴ്സ് പുനരാരംഭിച്ചാൽ നാലു വർഷ ബിരുദം പൂർത്തിയാക്കിയവർക്കും രണ്ടുവർഷ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കും ഒരുവർഷ ബിഎഡ് കോഴ്സിലേക്ക് യോഗ്യത നേടാം.
മൂന്നുവർഷ യുജി പൂർത്തിയാക്കിയവർക്ക് കോഴ്സിൽ പ്രവേശനം നേടാൻ കഴിയില്ലെന്നും അങ്ങനെയുള്ള വിദ്യാർഥികൾ രണ്ടുവർഷ ബിഎഡിൽ പ്രവേശനം നേടണമെന്നും പങ്കജ് അറിയിച്ചു. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ശിപാർശമാനിച്ചായിരിക്കും കരട് ചട്ടങ്ങൾ എൻസിടിഇ തയാറാക്കുക.
1995ൽ ആരംഭിച്ച ഒരു വർഷ ബിഎഡ് കോഴ്സിനു നിലവാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് 2014ൽ നിർത്തലാക്കിയത്. എന്നാൽ, അധ്യാപക പരിശീലനത്തിലും വിദ്യാഭ്യാസത്തിലും നിലവാരം ഉറപ്പാക്കുമെന്നും കോഴ്സിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും പങ്കജ് പറഞ്ഞു.