പാർലമെന്റിൽ പ്രവാസി പ്രാതിനിധ്യം വേണമെന്ന്
Wednesday, January 22, 2025 2:36 AM IST
ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിനു വരുന്ന പ്രവാസികളുടെ ശബ്ദം പാർലമെന്റിലെത്തിക്കാൻ പ്രതിനിധിയെ വേണമെന്ന് ആവശ്യം.
വിദേശകാര്യവുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി യോഗത്തിൽ കോൺഗ്രസ് പ്രതിനിധി ദീപേന്ദർ സിംഗ് ഹൂഡയാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. വിദേശത്തു കഴിയുന്ന പൗരന്മാർക്കായി ഇറ്റലി ഉൾപ്പെടെ രാജ്യങ്ങളിലെ നിയമനിർമാണ സഭകളിൽ പ്രതിനിധികളെ നിയോഗിച്ചിട്ടുണ്ടെന്ന് ഹൂഡ ചൂണ്ടിക്കാട്ടി.
വിദേശ ഇന്ത്യക്കാർ നേരിടുന്ന നിരവധിയായ പ്രശ്നങ്ങളും ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സമതിയിൽ ചർച്ചാവിഷയമായി. കേരളത്തിൽ നിന്ന് നോർക്ക റൂട്ട്സ്, പഞ്ചാബ് സർക്കാരിന്റെ വിദേശകാര്യവിഭാഗം ഉൾപ്പെടെ സമിതി യോഗത്തിൽ പങ്കെടുത്തു.