മണിപ്പുർ കലാപം: പ്രധാനമന്ത്രി ഒളിച്ചോടുന്നുവെന്ന് കോണ്ഗ്രസ്
Wednesday, January 22, 2025 2:36 AM IST
ന്യൂഡൽഹി: കലാപഭൂമിയായ മണിപ്പുർ സന്ദർശിക്കാൻ തയാറാകാത്ത പ്രധാനമന്ത്രി തന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയാണെന്ന് കോണ്ഗ്രസ്.
മണിപ്പുർ സംസ്ഥാന രൂപീകരണദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നതിനു പിന്നാലെയാണ് വിമർശനവുമായി കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തുവന്നത്.
സംസ്ഥാന രൂപീകരണദിനത്തിൽ മണിപ്പുരിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേർന്ന ആശംസ വെറും പൊള്ളയാണെന്നും അദ്ദേഹം ആരോപിച്ചു.
കലാപബാധിത മേഖലയായ മണിപ്പുരിന്റെ ചുമതല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വിട്ടുകൊടുത്തുകൊണ്ട് പ്രധാനമന്ത്രി തന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയാണ്.
കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇതുവരെയും സംസ്ഥാനം സന്ദർശിക്കാൻ പ്രധാനമന്ത്രി തയാറാകാത്തത് അദ്ദേഹത്തിന്റെ കർത്തവ്യ അവഗണനയാണെന്നും കോണ്ഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.