ഉള്ളാൾ ബാങ്ക് കവർച്ച: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവച്ചു വീഴ്ത്തി
Wednesday, January 22, 2025 2:36 AM IST
മംഗളൂരു: ഉള്ളാൾ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് തെളിവെടുപ്പിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കാലിൽ വെടിവച്ചു വീഴ്ത്തി.
പ്രതികളിലൊരാളായ കണ്ണൻ മണി(36)യാണ് സംഭവം നടന്ന കെസി റോഡിലെ ബാങ്കിനു സമീപത്തുവച്ച് പോലീസുദ്യോഗസ്ഥരെ റോഡിൽനിന്നു വീണുകിട്ടിയ ബിയർ കുപ്പികൊണ്ട് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്.
ഉള്ളാൾ ഇൻസ്പെക്ടർ എച്ച്. എൻ.ബാലകൃഷ്ണ, നിതിൻ, അഞ്ജനപ്പ എന്നീ പോലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റു. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കണ്ണനെ ഒപ്പമുണ്ടായിരുന്ന മറ്റു പോലീസുകാർ കാലിൽ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
ബാങ്ക് കവർച്ച നടത്തിയ മുംബൈ ധാരാവിയിൽനിന്നുള്ള തമിഴ്നാട്ടുകാരടങ്ങിയ ക്രിമിനൽ സംഘത്തിലെ മൂന്നുപേരാണു കഴിഞ്ഞ ദിവസം പിടിയിലായത്.