ഇലക്ടറൽ ബോണ്ട്: തൃണമൂലിന് 612 കോടി
Wednesday, January 22, 2025 2:36 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള പ്രാദേശിക പാർട്ടികളുടെ വരുമാനത്തിൽ 612.4 കോടി രൂപയുമായി മമത ബാനർജിയുടെ തൃണമൂൽ കോണ്‍ഗ്രസ് ഒന്നാമത്. തെലുങ്കാനയിലെ ബിആർഎസാണു രണ്ടാമത് - 495.5 കോടി രൂപ.
സുപ്രീംകോടതി കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നിരോധിക്കുന്നതുവരെ 2023-24 സാന്പത്തികവർഷത്തിൽ ഇലക്ടറൽ ബോണ്ടുവഴി ലഭിച്ച തുകയാണിത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും ഓഡിറ്റ് റിപ്പോർട്ടുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വൈബ്സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ലഭ്യമല്ല.
ദേശീയ പാർട്ടികളായ ആം ആദ്മി പാർട്ടി, ബിഎസ്പി, സിപിഎം, നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) എന്നിവ ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും എഎപി മാത്രമാണ് ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള സംഭാവന (10.1 കോടി രൂപ) പ്രഖ്യാപിച്ചത്.
സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസുകൾ അടക്കം കേരളത്തിലെ മറ്റു പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടിലൂടെ എന്തെങ്കിലും തുക ലഭിച്ചതായി പട്ടികയിലില്ല. 2023 മാർച്ച് വരെ ഇലക്ടറൽ ബോണ്ടുകളിലൂടെ രാഷ്ട്രീയപാർട്ടികൾക്കു ലഭിച്ച 12,000 കോടി രൂപയിൽ 6,566.11 കോടി ബിജെപിക്കും 1,123.29 കോടി കോണ്‍ഗ്രസിനും ലഭിച്ചിരുന്നു.
ബഹുദൂരം ബിജെപി
ഇലക്ടറൽ ബോണ്ടുകൾ നിരോധിച്ചതിനെത്തുടർന്ന് ഇലക്ടറൽ ട്രസ്റ്റ് മുഖേന രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച സംഭാവനയിലും ബിജെപി ബഹുദൂരം മുന്നിലാണ്.
രാജ്യത്തെ ഏറ്റവും വലിയ ഇലക്ടറൽ ട്രസ്റ്റായ പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റിന് (പിഇടി) 2024ൽ ലഭിച്ച 1,075.71 കോടി രൂപയിൽ സിംഹഭാഗവും (67.3% -723.7 കോടി രൂപ) ലഭിച്ചതു ബിജെപിക്കാണ്. കോണ്‍ഗ്രസിന് 156.4 കോടി (14.5%), ബിആർഎസിന് 85 കോടി (7.9%), വൈആർസിപിക്ക് 72.5 കോടി (6.7%), ടിഡിപിക്ക് 33 കോടി (3.1%), ജനസേന പാർട്ടിക്ക് അഞ്ചു കോടിയും ലഭിച്ചു.
മൊത്തം 19 ഇലക്ടറൽ ട്രസ്റ്റുകളെ അംഗീകരിച്ചിട്ടുണ്ടെങ്കിലും 14 എണ്ണത്തിന്റെ സംഭാവനകളെക്കുറിച്ചു മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ വിവരം ലഭ്യമായിട്ടുള്ളൂ. ഈ 14ൽ പിഇടി ഉൾപ്പെടെ അഞ്ച് ഇലക്ടറൽ ട്രസ്റ്റുകൾക്കു മാത്രമാണ് 2024 സാന്പത്തികവർഷം സംഭാവന ലഭിച്ചതും രാഷ്ട്രീയപാർട്ടികൾക്കു കൊടുത്തതും.
ഇലക്ടറൽ ട്രസ്റ്റ് മുഖേന ലഭിച്ച സംഭാവനകളെക്കുറിച്ചുള്ള പ്രാദേശിക പാർട്ടികളുടെ ഓഡിറ്റ് പ്രകാരം ടിഎംസിക്ക് 612.4 കോടി രൂപയും ബിആർഎസിന് 495.5 കോടിയും ബിജെഡിക്ക് 245.5 കോടിയും ടിഡിപിക്ക് 174.1 കോടിയും വൈഎസ്ആർസിപിക്ക് 121.5 കോടിയും ഡിഎംകെയ്ക്ക് 60 കോടിയും ജെഎംഎമ്മിന് 11.5 കോടിയും സിക്കിം ഡെമോക്രാറ്റിക് മുന്നണിക്ക് 5.5 കോടി രൂപയുമാണു ലഭിച്ചത്.
2023 മാർച്ച് 31നും 2024 ഫെബ്രുവരി 15നുമിടയിലെ വരുമാനം മാത്രമാണിത്. ഇതിനു പുറമെ നിരോധനത്തിനു മുന്‍പായി ഇലക്ടറൽ ബോണ്ടുകൾ വഴിയും രാഷ്ട്രീയപാർട്ടികൾ പണം സന്പാദിച്ചു.
തൃണമൂൽ കോണ്‍ഗ്രസിന്റെ മൊത്തം വരുമാനത്തിന്റെ 95 ശതമാനവും ഇലക്ടറൽ ബോണ്ടുകളാണ്. ബിജെഡിക്ക് 82, ജെഎംഎമ്മിന് 73, ബിആർഎസിന് 72, വൈഎസ്ആർസിപിക്ക് 64, ടിഡിപിക്ക് 61, എഎപിക്ക് 44 ശതമാനം വീതമാണ് ഈയിനത്തിൽ ലഭിച്ചത്.
വിശദാംശങ്ങൾ ഇപ്പോഴും അജ്ഞാതം
ഇലക്ടറൽ ബോണ്ട് പദ്ധതിയിൽനിന്നു വ്യത്യസ്തമായി, ഇലക്ടറൽ ട്രസ്റ്റുകൾ ഓരോ സംഭാവനയും ദാതാവിന്റെ പേരിനൊപ്പം പ്രഖ്യാപിക്കേണ്ടതുണ്ട്. ട്രസ്റ്റുകൾ തങ്ങൾ സംഭാവന ചെയ്യുന്ന രാഷ്ട്രീയപാർട്ടികളുടെ പേരുകളും തുകയും നൽകേണ്ടതുണ്ട്.
എന്നാൽ ഏതു പാർട്ടിക്ക്, എത്ര തുക, ഏതു കോർപറേറ്റ് കന്പനി നൽകിയെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ അജ്ഞാതമായി തുടരുന്നു. ദുരൂഹമായ ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് കഴിഞ്ഞ വർഷം ഫെബ്രുവരി 15നാണ് സുപ്രീംകോടതി വിധിച്ചത്.
ബോണ്ടുകൾ ഉടൻ നിർത്താൻ ബാങ്കുകളോടും ബോണ്ടുകളുടെ വിശദാംശങ്ങൾ വൈബ് സൈറ്റിൽ പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി ഉത്തരവിട്ടു. ഇതിനെ മറികടക്കാനാണ് ഇലക്ടറൽ ട്രസ്റ്റുകൾ വഴി പാർട്ടികൾ പണം സ്വരൂപിച്ചത്.