കോൽക്കത്ത കൊലപാതകം; പ്രതിക്കു വധശിക്ഷ തേടി സംസ്ഥാനം ഹൈക്കോടതിയിൽ
Wednesday, January 22, 2025 2:36 AM IST
കോൽക്കത്ത: പശ്ചിമബംഗാളിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിക്കു വധശിക്ഷ നൽകണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ കൽക്കട്ട ഹൈക്കോടതിയിൽ.
കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതി സഞ്ജയ് റോയിക്കു വിചാരണക്കോടതി വിധിച്ച മരണംവരെ ജീവപര്യന്തം തടവുശിക്ഷയ്ക്കെതിരേയാണു നിയമപോരാട്ടം.
അപ്പീൽ അനുമതി തേടിയുള്ള അഡ്വക്കറ്റ് ജനറൽ കിഷോർ ദത്തയുടെ അപേക്ഷ ജസ്റ്റീസ് ദെബാംഗ്ഷു ബസക്കിന്റെ അധ്യക്ഷതയിലുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ച് അനുവദിച്ചു.
തിങ്കളാഴ്ചയാണ് സിയാൽദയിലെ അഡീഷണൽ സെഷൻസ് ജഡ്ജി അനിർബൻ ദാസ് പ്രതി സഞ്ജയ് റോയിക്കു മരണംവരെ ജീവപര്യന്തം തടവു വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കൊലപാതകമെന്ന പ്രോസിക്യൂഷൻ വാദം തള്ളിയ കോടതി പ്രതി അരലക്ഷം രൂപ പിഴയൊടുക്കണമെന്നും വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട ഡോക്ടറുടെ ആശ്രിതർക്ക് 17 ലക്ഷം രൂപ സംസ്ഥാന സർക്കാർ നഷ്ടപരിഹാരമായി അനുവദിക്കണമെന്ന നിർദേശവും ഉണ്ടായിരുന്നു.
കോടതിവിധിയിലുള്ള അതൃപ്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അന്വേഷണ ചുമതല കോൽക്കത്ത പോലീസിനായിരുന്നുവെങ്കിൽ പ്രതിക്കു വധശിക്ഷ ഉറപ്പാക്കിയേനെ എന്നു പറഞ്ഞ മുഖ്യമന്ത്രി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പറഞ്ഞു. വിധി പുറത്തുവന്ന് 48 മണിക്കൂറിനകം സംസ്ഥാനം ഹൈക്കോടതിയിലെത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒൻപതിനാണ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ ലൈംഗികപീഡനത്തിനു ശേഷമാണ് കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.
അടുത്ത ദിവസം തന്നെ കോല്‍ക്കത്ത പോലീസിലെ സിവിക് വൊളന്റിയറായിരുന്ന സഞ്ജയ് റോയി അറസ്റ്റിലായി. സഞ്ജയ് റോയിക്കു പുറമേ മറ്റു ചിലർക്കും പങ്കുണ്ടെന്ന വാദം ശക്തമായിരുന്നു. പ്രതിഷേധം കനക്കുന്നതിനിടെ കൽക്കട്ട ഹൈക്കോടതിയുടെ നിർദേശപ്രകാരം കേസന്വേഷണം സിബിഐ ഏറ്റെടുക്കുകയായിരുന്നു.