ജമ്മു കാഷ്മീർ ഗ്രാമത്തിലെ ദുരൂഹ മരണം: കേന്ദ്രസംഘത്തിന്റെ അന്വേഷണം തുടരുന്നു
Wednesday, January 22, 2025 2:36 AM IST
രജൗരി/ജമ്മു: ജമ്മുകാഷ്മീരിലെ രജൗരിയിൽ അതിർത്തിഗ്രാമമായ ബദാലിൽ മൂന്നു കുടുംബങ്ങളിലായി 13 കുട്ടികൾ ഉൾപ്പെടെ 17 പേർ ദിവസങ്ങളുടെ ഇടവേളയ്ക്കുള്ളിൽ മരിച്ച സംഭവത്തെക്കുറിച്ച് കേന്ദ്രസംഘത്തിന്റെ അന്വേഷണം തുടരുന്നു.
ആഭ്യന്തരമന്ത്രാലയത്തിലെ ഡയറക്ടർ പദവിയിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച ആറു മണിക്കൂറോളം പ്രദേശത്ത് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് രജൗരിയിലേക്കു മടങ്ങിയ സംഘം ഇന്നലെ വീണ്ടും ഗ്രാമത്തിലെത്തി വിവിധ സാന്പിളുകൾ ശേഖരിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയവും നടത്തി.
45 ദിവസത്തിനിടെ 17 പേർ മരിച്ചതിന്റെ ഞെട്ടലിൽനിന്ന് ഗ്രാമവാസികൾ ഇനിയും മുക്തരായിട്ടില്ല. പതിനഞ്ചു വയസുകാരി യാസ്മിൻ കൗസറാണ് അവസാനം മരണപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം ജമ്മുവിലെ എസ്എംജിഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു യാസ്മിന്റെ മരണം. ഇന്നലെ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഗ്രാമത്തിൽ സന്ദർശനം നടത്തി മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു.