തിരുപ്പതി ലഡു: ആന്ധ്രയിൽ ടിഡിപിയും വൈഎസ്ആർ കോൺഗ്രസും ഏറ്റുമുട്ടലിൽ
Friday, September 20, 2024 1:07 AM IST
അമരാവതി: മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിൽ ലഡു നിർമിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ ആരോപണം ആന്ധ്രപ്രദേശിൽ രാഷ്ട്രീയ വിവാദമാകുന്നു.
രാഷ്ട്രീയലക്ഷ്യത്തിനുവേണ്ടിയുള്ള ഹീനമായ ആരോപണമാണിതെന്ന് മുൻ സർക്കാരിനു നേതൃത്വം നൽകിയ വൈഎസ്ആർ കോൺഗ്രസ് പ്രതികരിച്ചു. ആരോപണം സാധൂകരിക്കുന്ന ലാബ് റിപ്പോർട്ടുമായാണ് ഇതിനെ ടിഡിപി പ്രതിരോധിച്ചത്.
ബുധനാഴ്ച ചേർന്ന എൻഡിഎ നിയമസഭാ കക്ഷിയോഗത്തിലാണ് മുൻമുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ കാലത്ത് തിരുപ്പതി ലഡു നിർമാണത്തിന് നിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചിരുന്നതായി ചന്ദ്രബാബു നായിഡു ആരോപിച്ചത്.
ഗുജറാത്ത് കേന്ദ്രീകരിച്ചുള്ള ലബോറട്ടി ഇക്കാര്യം പരിശോധനയിൽ സ്ഥിരീകരിച്ചതായി പിന്നീട് ടിഡിപി വക്താവ് അനാം വെങ്കിട രാമണ്ണ റെഡ്ഡിയും അവകാശപ്പെട്ടു. ഇതിനുപിന്നാലെ ഇരുപാർട്ടിയിലെയും നേതാക്കൾ ആരോപണ പ്രത്യാരോപണവുമായി രംഗത്തെത്തുകയായിരുന്നു.