കോട്ടയം: കസ്തൂരിരംഗൻ റിപ്പോർട്ടിന്മേലുള്ള അന്തിമ വിജ്ഞാപനം മാർച്ച് നാലിനു മുന്പ് വേണമെന്നാവശ്യപ്പെട്ടു റോഷി അഗസ്റ്റിൻ എംഎൽഎയുടെ നേതൃത്വത്തിൽ ഇടുക്കിയിൽനിന്നു തിരുവനന്തപുരത്തേക്കു കർഷകരക്ഷാ പദയാത്ര തുടങ്ങി.
ഉദ്ഘാടനം 35-ാംമൈലിൽ കേരള കോൺഗ്രസ്-എം ചെയർമാൻ കെ.എം.മാണി നിർവഹിച്ചു. പരിസ്ഥിതിലോല പ്രദേശങ്ങളുടെ അന്തിമ വിജ്ഞാപനം കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽത്തന്നെയാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മുന്പ് യോജിച്ചുനിന്നിരുന്ന ചില സംഘടനകൾ ഇപ്പോൾ നിലപാടിൽനിന്നു പിന്നോട്ടുപോയിരിക്കുന്നു.
ഇന്നു തുടങ്ങിവച്ചിരിക്കുന്ന കർഷക സംരക്ഷണ പദയാത്ര ഒരു കർഷകപ്രക്ഷോഭത്തിനു നാന്ദികുറിക്കലാണെന്നും മാണി പറഞ്ഞു.നിയമസഭ ഐകകണ് ഠ്യേന പാസാക്കിയ നിലപാടിൽനിന്നുള്ള പിന്നോട്ടുപോകലാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ നിലപാടെന്നു പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് യോഗത്തിൽ പറഞ്ഞു.
ഗാഡ്ഗിൽ-കസ്തൂരിരംഗൻ പഠനറിപ്പോർട്ട് കേരളത്തിലെ കർഷകർക്കനുകൂലമായി തിരുത്തിച്ചു ജനവാസകേന്ദ്രങ്ങളെയും തോട്ടംമേഖലയെയും കൃഷിയിടങ്ങളെയും ഒഴിവാക്കി കരട് വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ മേൽ സമ്മർദം ചെലുത്തിയതു കേരള കോണ്ഗ്രസാണെന്നും പി.ജെ. ജോസഫ് പറഞ്ഞു. മാർച്ച് ആറിന് ഇടുക്കി ജില്ലയിൽ ഹർത്താലും പരിസ്ഥിതി മേഖലയിൽ വരുന്ന ശേഷിക്കുന്ന 76 വില്ലേജുകളിൽ കരിദിനവും ആചരിക്കും.
നൂറോളം പ്രവർത്തകരാണ് ആറു ദിവസം നീളുന്ന പദയാത്രയിൽ പങ്കെടുക്കുക. ഇതോടൊപ്പം പദയാത്ര കടന്നുപോകുന്ന മണ്ഡലങ്ങളിലെ പാർട്ടി പ്രവർത്തകർ അണിചേരും. വിവിധ പ്രദേശങ്ങളിൽ സ്വീകരണവും നൽകും. ഉദ്ഘാടന യോഗത്തിൽ കേരള കോണ്ഗ്രസ് - എം ഇടുക്കി ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ് അധ്യക്ഷതവഹിച്ചു. ജോസ് കെ.മാണി എംപി, ജോയി ഏബഹാം എംപി, മോൻസ് ജോസഫ് എംഎൽഎ, ഡോ. എൻ. ജയരാജ് എംഎൽഎ, തോമസ് ചാഴികാടൻ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ, ജോർജുകുട്ടി ആഗസ്തി, ബേബി ഉഴത്തുവാൽ, കോട്ടയം ജില്ലാ പ്രസിഡന്റ് ഇ.ജെ. ആഗസ്തി, ജോസഫ് ജോണ്, പ്രഫ. കെ.ആന്റണി, ഫിലിപ്പ് കുഴികുളം, രാകേഷ് ഇടപ്പുര എന്നിവർ പ്രസംഗിച്ചു.
പാർട്ടി സ്റ്റേറ്റ് സ്റ്റീറിംഗ് കമ്മിറ്റിയംഗം ജോസ് പാലത്തിനാൽ, സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, യൂത്ത് ഫ്രണ്ട് ജില്ലാപ്രസിഡന്റ് ജിൻസണ് വർക്കി, രാജു തോമസ്, കെ.എൻ. മുരളി, ജേക്കബ് പിണക്കാട്ട്, ഷാജി പാന്പൂരി, സാജൻ കുന്നത്ത്, എ.ഒ. അഗസ്റ്റിൻ, ജോയി മടുക്കക്കുഴി, പ്രസാദ് ഉരുളികുന്നം, ജോർമിൻ കിഴക്കേത്തല, ടോമി പി. തീവള്ളി, ജോഷി മണിമല, ജോമറ്റ് ജോസഫ്, ടോമി കൊച്ചുകുടി, സണ്സിമാത്യു, മനോഹർ നടുവിലേടത്ത് തുടങ്ങിയവരുടെ നേതൃത്വ ത്തിലാണ് പ്രവർത്തകർ പദയാത്രയിൽ പങ്കുചേരുന്നത്. ഇന്ന് രാവിലെ 7.30ന് റാന്നിയിൽനിന്ന് ആരംഭിക്കുന്ന പദയാത്ര ഉതിമൂട്, മൈലപ്ര, കുന്പഴ വഴി കോന്നിയിൽ സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.