മാർ ഈവാനിയോസിന്റെ നാമകരണ നടപടികളുടെ മേജർ അതിരൂപതാതല സമാപനം ഇന്ന്
Wednesday, August 24, 2016 12:45 PM IST
തിരുവനന്തപുരം: മലങ്കര പുനരൈ ക്യ പ്രസ്‌ഥാനത്തിന്റെയും ബഥനി ആശ്രമത്തിന്റെയും സ്‌ഥാപകനും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപോലീത്തയുമായ ദൈവദാസൻ മാർ ഈവാനിയോസിന്റെ വിശുദ്ധ നാമകരണ നടപടികളുടെ പ്രാഥമിക ഘട്ടമായ മേജർ അതിരൂപതാ നടപടികൾ പൂർത്തിയായി. ഇന്നു രാവിലെ എട്ടിനു പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന സമൂഹബലിയോടെയാണ് സമാപന ചടങ്ങുകൾക്കു തുടക്കം കുറിക്കുന്നത്.

ശുശ്രൂഷകൾക്കു മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ മുഖ്യ കാർമികത്വം വഹിക്കും. സഭയിലെ മറ്റു മെത്രാപ്പോലീത്താമാർ സഹകാർമികരായിരിക്കും. പത്തിനു നടക്കുന്ന പ്രാരംഭ പ്രാർഥനകൾക്കു ശേഷം നടപടിക്രമങ്ങൾ ആരംഭിക്കും. കാനോനിക നടപടികളിൽ പ്രധാന ചുമതലകൾ വഹിച്ചിരുന്ന എപ്പിസ്കോപ്പൽ ഡെലിഗേറ്റ് റവ. ഡോ. മൈക്കിൾ വട്ടപ്പലം 97,180 പേജുകളുള്ള നടപടി രേഖകൾ മേജർ ആർച്ച് ബിഷപ്പിന് കൈമാറും. റവ. ഡോ. സാജു അ ഗസ്റ്റിൻ പ്രസ്തുത രേഖകൾ കൈ മാറ്റം ചെയ്യുന്നതിന് തടസമില്ലായെന്ന് കാതോലിക്കാബാവായെ ഔദ്യോഗികമായി അറിയിക്കും.

റോമിലെ വിശുദ്ധരുടെ നാമകരണ നടപടികൾക്കുള്ള തിരുസംഘത്തിന് ഈ രേഖകൾ കൈമാറും. ഇവയുടെ പകർപ്പ് മേജർ അതിഭദ്രാസന പ്രത്യേക ആർക്കൈവ്സിൽ സൂക്ഷിക്കും. അന്വേഷണ സംഘത്തിലെ അംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്ത് രേഖകളിൻമേൽ ഒപ്പുരേഖപ്പെടുത്തും. ഇതുവരെ നടപടിക്രമങ്ങളുടെ പോസ്റ്റുലേറ്റർ ആയിരുന്ന ബിഷപ് തോമസ് മാർ അന്തോണിയോസ് രേഖകൾ ഏറ്റുവാങ്ങി 136 പെട്ടികളിലായി അടച്ചു മുദ്ര വയ്ക്കും. സെപ്റ്റംബർ ആദ്യവാരം രേഖകൾ റോമിലെ തിരുസംഘത്തിനു സമർപ്പിക്കും.


1997 ജൂലൈ 15–ന് നാമകരണ നടപടികൾ ആരംഭിക്കുന്നതിനുള്ള അപേക്ഷ അന്നത്തെ ആർച്ച് ബിഷപ് സിറിൾ മാർ ബസേലിയോസ് സ്വീകരിക്കുന്നതോടു കൂടിയാണ് ദൈവദാസൻ മാർ ഈവാനിയോസിന്റെ വിശുദ്ധ നാമകരണ നടപടികൾ ആരംഭിച്ചത്. 2007 ജൂലൈ 14–ന് ആദ്യഘട്ടമായി മാർ ഈവാനിയോസിനെ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ ദൈവദാസനായി പ്രഖ്യാപിച്ചു. തുടർന്ന് റോമിലെ തിരുസംഘത്തിൽ നിന്ന് നടപടികൾക്ക് ഔദ്യോഗിക അനുവാദം ലഭിച്ചു. വിവിധ കമ്മീഷനുകളെയും നിയമിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. 2014 ജൂൺ 23–ന് ദൈവദാസൻ മാർ ഈവാനിയോസിന്റെ കബറിടം തുറന്നു കാനോനിക പരിശോധന നടത്തി.

തുടർന്നുള്ള നടപടികൾ റോമിലെ വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള തിരുസംഘത്തിലാണ് നടക്കുന്നത്. തുടർന്ന് ധന്യൻ, വാഴ്ത്തപ്പെട്ടവൻ, വിശുദ്ധൻ എന്നീ പദവികളിലേക്കാണ് ഉയർത്തപ്പെടാനുള്ളത്. ഇതിനിടയിൽ രണ്ട് അത്ഭുതങ്ങൾ സ്‌ഥിരീകരിക്കപ്പെടണം. ദൈവികമായ ഇടപെടലുകൾക്കും നടപടികൾ ത്വരിതമാക്കപ്പെടുന്നതിനും വിശ്വാസികൾ കൂടുതൽ തീക്ഷ്ണതയോടെ പ്രാർഥിക്കണമെന്ന് ഇതുസംബന്ധിച്ചുപ്രസിദ്ധീകരിച്ച സന്ദേശത്തിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.