രണ്ടര കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിൽ
Thursday, June 30, 2016 1:45 PM IST
കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ കളമശേരി, കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലകളിൽ നിന്നായി കഞ്ചാവുമായി മൂന്നു യുവാക്കൾ പിടിയിലായി.

കോതമംഗലം സ്വദേശി ആട്ടായം വീട്ടിൽ ഷിഹാബുദീൻ (31), അടിമാലി സ്വദേശി മാനിക്കൽ വീട്ടിൽ ക്രസന്റ് (സദാം – 28), മുടിക്കൽ സ്വദേശി പുല്യാടൻ വീട്ടിൽ സക്കീർ ഹുസൈൻ (29) എന്നിവരെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എൽ. ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്ന് രണ്ടര കിലോ കഞ്ചാവും ഇവരുപയോഗിച്ചിരുന്ന ബൈക്കുകളും കാറും എക്സൈസ് പിടിച്ചെടുത്തു. ഷിഹാബുദീനെ പെരുമ്പാവൂരിൽ നിന്ന് കാൽ കിലോ കഞ്ചാവുമായാണ് പിടികൂടിയത്. ഇയാളുടെ കാറിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. കാറിൽ സുഹൃത്തുക്കളോടൊപ്പം കമ്പത്തുനിന്നാണ് കഞ്ചാവ് വാങ്ങുന്നതെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു.

വട്ടേക്കാട്ടുപടി മലമുറി പമ്പിന്റെ മുൻവശത്തുനിന്നാണ് ക്രസന്റ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് ഒന്നേക്കാൽ കിലോ കഞ്ചാവും ഒരു സ്കൂട്ടറും പിടിച്ചെടുത്തു. കഞ്ചാവ് സ്കൂട്ടറിന്റെ ടൂൾ ബോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സക്കീർ ഹുസൈനിനെ വട്ടേക്കാട്ടുപടി ഷാപ്പിന്റെ പരിസരത്തുനിന്ന് 1.100 കിലോഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. ഇയാളുടെ സ്കൂട്ടറും പിടിച്ചെടുത്തു. ഇയാൾ കഞ്ചാവ് മൊത്ത കച്ചവടക്കാരനാണ്. ആവശ്യക്കാരുടെ കൈയിൽ നിന്ന് പണം മുൻകൂറായി വാങ്ങിയ ശേഷം പിന്നീട് എത്തിച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്. കഴിഞ്ഞദിവസം കളമശേരി, എറണാകുളം കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ മൂന്നു കേസുകളിലായി ഓട്ടോറിക്ഷ അടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് മൊത്തക്കച്ചവടക്കാരെ പിടികൂടാനായത്.


കച്ചവടത്തിനായി ഇവർ പല പേരുകളാണ് ഉപയോഗിക്കുന്നത്. കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസിബി പേപ്പർ കണ്ടെടുത്തിട്ടുണ്ട്. ഇടപ്പള്ളിയിലെ ഒരു കടയിൽ നിന്ന് പായ്ക്കറ്റിന് 50 രൂപ നിരക്കിലാണ് ഇവർ ഈ പേപ്പർ വാങ്ങുന്നത്. ജില്ലയിൽ റെയ്ഡുകൾ ശക്‌തമാക്കുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർമാരായ വി.എ. ജബ്ബാർ, പി.കെ. ബാലകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ഡി. ജോസ്, സാജൻ പോൾ, സുനീഷ്കുമാർ, ഷിബു, സുരേഷ് ബാബു, ശശി, സുനിൽ കുമാർ, വിഭു, വനിത സിവിൽ എക്സൈസ് ഓഫീസർ ജീമോൾ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.