ഗതാഗത കമ്മീഷണറുടെ പരിഷ്കാരം അപ്രായോഗികം: ബൈവീലേഴ്സ് അസോസിയേഷൻ
Thursday, June 30, 2016 1:24 PM IST
കൊച്ചി: ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹന ഉടമകൾക്കു പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം നൽകരുതെന്ന ഗതാഗത കമ്മീഷണറുടെ പുതിയ പരിഷ്കാരം തികച്ചും അപ്രായോഗികമാണെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ബൈവീലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ്് കുരുവിള മാത്യൂസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇതിനെതിരേ സംസ്‌ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തും. സംസ്‌ഥാനത്ത് അപകടങ്ങൾ വർധിക്കുന്നതിന്റെ ഉത്തരവാദിത്വം ഇരുചക്രവാഹന ഉടമകൾക്കാണെന്ന വാദം തെറ്റാണ്. റോഡുകളുടെ നിലവാരക്കുറവും അശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരവും മോട്ടോർ വാഹന വകുപ്പിന്റെ നിരുത്തരവാദപരമായ സമീപനവുമാണ് ഇതിനു കാരണം. ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന ഇത്തരം പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനു മുമ്പ് വിശദമായ ചർച്ച നടത്തണം.

നയപരമായ തീരുമാനം എടുക്കുന്നത് ബന്ധപ്പെട്ട വകുപ്പു മന്ത്രിയെങ്കിലും അറിഞ്ഞിരിക്കണം. ഏകപക്ഷീയമായി ഗതാഗത കമ്മീഷണർ പ്രഖ്യാപനം നടത്തുന്ന രീതി ശരിയല്ല. ഇതിൽ ഗൂഢാലോചനയുണ്ട്.


ഹെൽമറ്റ് നിയമം കർക്കശമാക്കുന്നതിനു മുമ്പ് ബോധവത്കരണവും ഗുണനിലവാരമുള്ള ഹെൽമറ്റുകളുടെ ലഭ്യതയും ഉറപ്പുവരുത്തണം. ബിഐഎസ് നിലവാരമുള്ള ഹെൽമറ്റുകൾ കമ്പോളത്തിലില്ല. സംസ്‌ഥാനത്തിന്റെ സാമ്പത്തിക സ്‌ഥിതി വളരെ മോശമായ സാഹചര്യത്തിൽ കേരളത്തിലെ പെട്രോൾ ബങ്കുകളിൽ കോടിക്കണക്കിനു രൂപ മുടക്കി നിരീക്ഷണ കാമറകൾ സ്‌ഥാപിക്കുന്നത് പ്രായോഗികമല്ല. ഇതു സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ബൈവീലേഴ്സ് അസോസിയേഷന്റെ കേന്ദ്ര കമ്മിറ്റി യോഗം തിങ്കളാഴ്ച മൂന്നിന് കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോമിൽ ചേരുമെന്നും അദ്ദേഹം അറിയിച്ചു. അസോസിയേഷൻ ഭാരവാഹികളായ രാജൻ എ. മാത്യൂസ്, സി. ശിവാനന്ദൻ, സാമുവൽ മാത്യു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.