ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കണം: കുഞ്ഞാലിക്കുട്ടി
ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെയും എതിര്‍ക്കണം: കുഞ്ഞാലിക്കുട്ടി
Wednesday, November 25, 2015 12:39 AM IST
തിരുവനന്തപുരം: ഭൂരിപക്ഷ വര്‍ഗീയതയെയും ന്യൂനപക്ഷ വര്‍ഗീയതയെയും കേരളം അറപ്പോടെയാണ് കാണുന്നതെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയ ഭേദമന്യേ ഇവ എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തുന്ന സമത്വമുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ടു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ താത്കാലിക നേട്ടങ്ങളുണ്ടാക്കിയേക്കാം. എന്നാല്‍, അതൊന്നും സ്ഥായിയായി നിലനില്‍ക്കില്ല. നേരത്തേ ഇത്തരം ചില വര്‍ഗീയപ്രസ്ഥാനങ്ങള്‍ ഉണ്ടായപ്പോള്‍ ചില മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. അവയൊക്കെ താത്കാലിക നേട്ടങ്ങളുണ്ടാക്കിയെങ്കിലും പിന്നീട് നിലനില്‍പ്പുണ്ടായിട്ടില്ല.


പലരും വര്‍ഗീയതയെ കക്ഷിരാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടതുകൊണ്ടാണ് ഇത്തരം ശക്തികള്‍ വളര്‍ന്നത്. വര്‍ഗീയതയെ കക്ഷിരാഷ്ട്രീയത്തിനതീതമായി ആര്‍ക്കും എതിര്‍ക്കാവുന്നതാണ്. ഇക്കാര്യത്തില്‍ മുന്നണി വ്യത്യാസങ്ങള്‍ നോക്കാതെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തില്‍ നടക്കുന്ന വര്‍ഗീയ പ്രചാരണത്തിന്റെ തനിപ്പകര്‍പ്പ് കേരളത്തില്‍ നടക്കുമ്പോള്‍ അതു കണ്ടില്ലെന്നു നടിക്കാന്‍ ആര്‍ക്കും കഴിയില്ല. എല്ലാവരും ചേര്‍ന്ന് ഇതിനെ എതിര്‍ത്തുതോല്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.