സമ്മാനങ്ങള്‍ വെട്ടിക്കുറച്ചു: ലോട്ടറിവില്പയില്‍ വന്‍ ഇടിവ്
Wednesday, July 29, 2015 12:27 AM IST
ജോസഫ് പ്രിയന്‍

കോഴിക്കോട്: പരിഷ്കരിച്ച സമ്മാനഘടനയും ടിക്കറ്റ് വിലയും പൊതുജനങ്ങളെ അറിയിക്കാതെ നടത്തുന്ന കംപ്യൂട്ടറൈസ്ഡ് നറുക്കെടുപ്പുകളും ഭാഗ്യക്കുറി വില്പനയെ അവതാളത്തിലാക്കുന്നു. ഏറ്റവുമധികം ലാഭമുണ്ടാക്കിയിരുന്ന ഈ മേഖല ഇന്ന് സര്‍ക്കാരിന്റെയും ലോട്ടറി വകുപ്പിന്റെയും നിഷേധസമീപനം മൂലം പ്രതിസന്ധിയിലാണ്.

ടിക്കറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കലും നിരക്ക് വര്‍ധനയും മാത്രമാണ് ഇപ്പോള്‍ നടക്കുന്ന പരിഷ്കാരങ്ങള്‍. സമ്മാന ഘടന പരിഷ്കരിക്കാത്തതിനാലും മാധ്യമങ്ങളില്‍ നിന്ന് പരസ്യം ഒഴിവാക്കിയതും അച്ചടി ക്രമക്കേടും ചൂതാട്ട ലോട്ടറിയുടെ കടന്നുകയറ്റവും കേരളാ ലോട്ടറിയുടെ വില്‍പനയെ സാരമായി ബാധിച്ചിട്ടുണ്ട്. സമ്മാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം ഉണ്ടായിട്ടും അത് നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. 20 മുതല്‍ 30 എണ്ണം വരെയുള്ള രണ്ട് ബുക്കുകള്‍ വിറ്റാല്‍ കുറഞ്ഞത് ഒരു സമ്മാനമെങ്കിലും ഇതില്‍ നിന്നും ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നാല് ബുക്കുകള്‍ വിറ്റാല്‍ പോലും സമ്മാനം ലഭിക്കാത്ത അവസ്ഥയാണെന്ന് ലോട്ടറി ഏജന്റുമാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ലോട്ടറി എടുക്കുന്നവരും കുറഞ്ഞു. പാവപ്പെട്ടവരുടെ ചികിത്സാ ധനസഹായ സമാഹരണത്തിനായി സര്‍ക്കാര്‍ നടത്തുന്ന കാരുണ്യ ലോട്ടറിയും ഇപ്പോള്‍ നാശത്തിന്റെ പാതയിലാണ്. 50 രൂപയ്ക്ക് വില്‍ക്കുന്ന കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടിയും രണ്ടാം സമ്മാനം 20 ലക്ഷവുമായിരുന്നു. എന്നാല്‍ ഒരു മാസം മുമ്പ് രണ്ടാം സമ്മാനം 10 ലക്ഷമാക്കി കുറച്ചു. പത്ത് ലക്ഷം കുറച്ചപ്പോള്‍ അയ്യായിരം രൂപയുടെ രണ്ട് സമ്മാനങ്ങള്‍ മാത്രമാണ് വര്‍ധിപ്പിച്ചത്. 50 രൂപയുടെ കാരുണ്യ പ്ളസ് ടിക്കറ്റിന്റേയും സമ്മാനത്തുക വെട്ടിക്കുറച്ചു. രണ്ടാം സമ്മാനം 25 ലക്ഷത്തില്‍ നിന്നും 10 ലക്ഷമാക്കി.

കൂടാതെ വിന്‍ വിന്‍, ധനശ്രീ, അക്ഷയ, ഭാഗ്യനിധി, പൌര്‍ണമി തുടങ്ങിയ ടിക്കറ്റുകളുടെയും സമ്മാന ഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. സമ്മാന ഘടനയില്‍ മാറ്റം വരുത്തിയതോടെ ലോട്ടറി വില്‍പനയില്‍ ഗണ്യമായ കുറവുണ്ടായതായി ഏജന്റുമാര്‍ പറയുന്നു. കൂടാതെ ഏജന്റുമാരില്‍ നിന്നു വില്‍പനക്കാരില്‍ നിന്നും ഈടാക്കിയിരുന്ന 12 ശതമാനം സേവന നികുതി 14 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. ടിക്കറ്റ് വില്‍പനയിലൂടെ കോടികള്‍ ലാഭമുണ്ടാക്കുന്ന സര്‍ക്കാര്‍ 14 ശതമാനം സേവനനികുതി സാധാരണക്കാരായ വില്‍പനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരേയും പ്രതിഷേധം രൂക്ഷമായിട്ടുണ്ട്. ടിക്കറ്റ് വിറ്റു കിട്ടുന്ന ലാഭത്തില്‍ നിന്നുമാണ് വില്‍പ്പനക്കാര്‍ ഈ തുക അടയ്ക്കേണ്ടത്. അംഗവൈകല്യം ബാധിച്ചവരും മറ്റു ജോലികള്‍ക്ക് പോകാന്‍ സാധിക്കാത്തവരും, സമൂഹത്തില്‍ താഴെക്കിടയില്‍ ജീവിക്കുന്നവരുമാണ് കൂടുതലായും ഈ മേഖലയിലുള്ളത്. ഇവരുടെ മേല്‍ സേവന നികുതിയും അടിച്ചേല്‍പ്പിക്കുന്നതോടെ പലരും ലോട്ടറി വില്‍പന മതിയാക്കി മറ്റു തൊഴിലുകള്‍ തേടിപ്പോകുന്നതായും വിദഗ്ധര്‍ പറയുന്നു.


ബംപര്‍ ലോട്ടറികളുടെ നടത്തിപ്പില്‍ നഷ്ടം വരുത്തിയ ധനവകുപ്പും ലോട്ടറി വകുപ്പും സമാനമായ പരിഷ്കാരങ്ങള്‍ കാരുണ്യ ലോട്ടറിയിലും പരീക്ഷിച്ചതോടെയാണ് കാരുണ്യ ലോട്ടറിയുടെ വില്‍പ്പന കുറഞ്ഞത്. ലക്ഷക്കണക്കിന് ലോട്ടറികളാണ് വിറ്റഴിയാതെ കെട്ടിക്കിടക്കുന്നത്. ടിക്കറ്റു വിറ്റു കിട്ടുന്ന തുകയുടെ ഒരു വിഹിതം ദരിദ്രരോഗികളുടെ ചികിത്സയ്ക്കായാണ് ചെലവഴിച്ചിരുന്നത്. ഇതു പ്രചരിപ്പിച്ചതോടെ ടിക്കറ്റ് വില്‍പന കുത്തനെ ഉയര്‍ന്നിരുന്നു. ഈ ലോട്ടറിയുടെ പേരില്‍ തുടങ്ങിയ കാരുണ്യ ബെനവലന്റ് സ്കീം വഴി നിരവധി പേര്‍ക്ക് ചികിത്സാ സഹായവും ലഭിക്കുന്നുണ്ട്. കാരുണ്യ ലോട്ടറിയുടെ വിജയത്തെത്തുടര്‍ന്നാണ് കാരുണ്യ പ്ളസ് ആരംഭിച്ചത്.

മൂന്നു മാസത്തില്‍ ഒരിക്കല്‍ ഇറക്കുന്ന ബമ്പര്‍ ലോട്ടറികളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയും വരുമാനം നഷ്ടപ്പെടുത്തുകയാണ്. സമ്മര്‍, വിഷു, ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പറുകളുടെ വില ഉയര്‍ത്തുകയും സമ്മാനഘടന പരിഷ്കരിക്കുകയും ചെയ്തു. ടിക്കറ്റ് വില ഇരട്ടിയാക്കി. സമ്മാന ഘടനയിലും വ്യത്യാസം വരുത്തി. എന്നാല്‍ ഇതു സംബന്ധിച്ച് പ്രചാരണം നടത്താന്‍ സര്‍ക്കാര്‍ തയാറായില്ല.

ഇതോടെ ഇരട്ടി വില നല്‍കി ടിക്കറ്റ് വാങ്ങാന്‍ ആളില്ലാതായി. നിയമപരമായ പഴുതുകള്‍ മുതലെടുത്ത് ഇതര സംസ്ഥാന ലോട്ടറികള്‍ കേരളത്തിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കേരളത്തിന്റെ സ്വന്തം ലോട്ടറിയെ സര്‍ക്കാര്‍ തന്നെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. സ്ഥിരമായി ലോട്ടറിയെടുക്കുന്നവര്‍ ഓണ്‍ ലൈന്‍ ചൂതാട്ടത്തിലേക്കും ഓണ്‍ ലൈന്‍ ലോട്ടറികളിലേക്കും തിരിഞ്ഞിരിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.