വിവാഹതട്ടിപ്പ്: റിമാന്‍ഡ് പ്രതിക്കെതിരേ വീണ്ടും കേസ്
വിവാഹതട്ടിപ്പ്: റിമാന്‍ഡ് പ്രതിക്കെതിരേ വീണ്ടും കേസ്
Friday, March 6, 2015 12:13 AM IST
കൊച്ചി: സംസ്ഥാനത്തു വിവിധ ജില്ലകളില്‍ വിവാഹതട്ടിപ്പു നടത്തി പോലീസിന്റെ പിടിയിലായി തിരുവനന്തപുരം പൂജപ്പുര ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ഇരുപത്തൊമ്പതുകാരന്‍ കൊച്ചിയിലെ മറ്റൊരു വിവാഹതട്ടിപ്പു കേസില്‍ കൂടി അറസ്റിലായി. കൊല്ലം കിളിക്കൊല്ലൂര്‍ കമല വിലാസം ബാലചന്ദ്രന്‍ പിള്ളയുടെ മകന്‍ ബി. അരുണിനെ (29) ആണ് പാലാരിവട്ടം അഡീഷണല്‍ എസ്ഐ പി.പി. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ജയിലിലെത്തി അറസ്റ് ചെയ്തത്.

രണ്ടു മാസം മുന്‍പ് വിവാഹവാഗ്ദാനം നല്‍കി ചങ്ങനാശേരി കുറിച്ചി സ്വദേശിനിയായ യുവതിയെ എറണാകുളം നോര്‍ത്തിലെ ലോഡ്ജില്‍വച്ചു പീഡിപ്പിക്കുകയും അവരില്‍നിന്ന് 5,000 രൂപ വാങ്ങി കടന്നുകളയുകയും ചെയ്തു എന്ന കേസിലാണ് അരുണ്‍ വീണ്ടും അറസ്റിലായത്. യുവതി നോര്‍ത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കു പരാതി നല്കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണു പാലാരിവട്ടം പോലീസ് പൂജപ്പുരയിലെത്തി അറസ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്നലെ കൊച്ചിയില്‍ കൊണ്ടുവന്നു വിശദമായി ചോദ്യംചെയ്തു വരുകെയാണ്.

അരുണ്‍ കഴിഞ്ഞ മാസം 25ന് മറ്റൊരു കേസില്‍ അറസ്റിലായതിനെത്തുടര്‍ന്നു പൂജപ്പുര ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.


തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ അരുണ്‍ നിരവധി വിവാഹതട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. നിര്‍ധന കുടുംബത്തില്‍പ്പെട്ടവരാണു തട്ടിപ്പിനു കൂടുതലും ഇരയായത്. നിരവധി യുവതികള്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്െടന്നാണു നിഗമനം. മാനഹാനി ഭയന്നു പലരും പരാതിപ്പെടാന്‍ മുതിരുന്നില്ല.

പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന വിവാഹപരസ്യം കണ്ടാണു തട്ടിപ്പിനു പദ്ധതിയിടുന്നത്. വിവാഹപരസ്യത്തിലെ വിലാസത്തില്‍ ബന്ധപ്പെട്ടശേഷം വധുവിന്റെ വീട്ടുകാരുമായി വിവാഹം ഉറപ്പിക്കും. വിവാഹശേഷം യുവതികളെ ലോഡ്ജിലും മറ്റും താമസിപ്പിച്ചു സ്വര്‍ണവും പണവും അപഹരിച്ചശേഷം കടന്നുകളയും. ചില യുവതികളെ വിവാഹം കഴിക്കുന്നതിനു മുന്‍പു തന്നെ ലോഡ്ജിലും മറ്റും താമസിപ്പിച്ചു പീഡിപ്പിക്കുകയും പണവും സ്വര്‍ണവും അപഹരിക്കുകയും ചെയ്തതായി പോലീസിനു മൊഴി ലഭിച്ചിട്ടുണ്ട്.

ചങ്ങനാശേരി, ഇരവിപുരം, പുളിക്കീഴ് തുടങ്ങിയ പോലീസ് സ്റേഷനുകളിലും ഇയാള്‍ക്കെതിരേ പരാതികളുണ്ട്. കൊല്ലത്തെ ഇടത്തരം കുടുംബത്തില്‍പ്പെട്ട അരുണ്‍ കടകളില്‍ സെയില്‍സ്മാനായി ജോലി ചെയ്തിട്ടുണ്െടന്നു പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.