അഴിമതിക്കെതിരേ ആരു പ്രതികരിച്ചാലും പരിഗണിക്കും: വി.എസ്
അഴിമതിക്കെതിരേ ആരു പ്രതികരിച്ചാലും പരിഗണിക്കും: വി.എസ്
Wednesday, January 28, 2015 1:22 AM IST
കൊല്ലം: അഴിമതിക്കെതിരേ ആരു പ്രതികരിച്ചാലും പരിഗണിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. ഞങ്ങള്‍ അഴിമതിക്ക് എതിരായ നിരന്തര പോരാട്ടത്തിലാണ്.

ബാര്‍ കോഴ വിഷയവുമായി ബന്ധപ്പെട്ട് ബാലകൃഷ്ണപിള്ളയും പി.സി. ജോര്‍ജും ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്‍ഡിഫ് പരിഗണിക്കും. ഇരുവരുടെയും പോരാട്ടം ശരിയും ആത്മാര്‍ഥതയും ഉള്ളതാണെങ്കില്‍ എന്തു ചെയ്യണമെന്ന് എല്‍ഡിഎഫ് ആലോചിക്കുമെന്നും വി.എസ് വ്യക്തമാക്കി. കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിള്ളയ്ക്കെതിരേ അഴിമതിക്കേസില്‍ പോരാട്ടം നടത്തിയത് വി.എസ് അല്ലേ എന്ന ചോദ്യത്തിന്, അതൊക്കെ ശരി; ഇപ്പോഴത്തെ നിലപാടിലെ വിശ്വാസ്യതയായിരിക്കും പരിഗണിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

പിള്ളയെ എടുക്കുന്നത് അജന്‍ഡയിലില്ല: പന്ന്യന്‍

കണ്ണൂര്‍: കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ളയെ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നും അക്കാര്യം മുന്നണിയുടെ അജന്‍ഡയിലില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍.


യുഡിഎഫില്‍നിന്ന് ആരെയും അടര്‍ത്തിയെടുക്കേണ്ട കാര്യമില്ല. ബാലകൃഷ്ണപിള്ള ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണ്. അടുത്ത 17ന് എല്‍ഡിഎഫ് യോഗം ചേരുന്നുണ്െടങ്കിലും മുന്നണി വികസിപ്പിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നില്ലെന്നും കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തരോടു സംസാരിക്കവേ പ ന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

പിള്ള എല്‍ഡിഎഫിനെ സമീപിച്ചാല്‍ മുന്നണിയില്‍ എടുക്കുമോ എന്ന ചോദ്യത്തിന്, ജാതകം നോക്കേണ്ട സമയമല്ല ഇപ്പോഴെന്നായിരുന്നു മറുപടി. നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട വിഷയമാണു യോഗത്തിലെ പ്രധാന അജന്‍ഡ. കോഴയും അഴിമതിയുമാണു യോഗത്തിലെ പ്രധാന വിഷയം. അഴിമതി നടത്തുന്നവര്‍ അകത്തും അഴിമതിക്കെതിരേ പറയുന്നവര്‍ പുറത്തുമെന്ന വിചിത്ര സംഭവമാണ് ഇപ്പോള്‍ യുഡിഎഫില്‍ നടക്കുന്നത്. വലതുമുന്നണി തകരുകയാണെന്നും പന്ന്യന്‍കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.