സാമ്പത്തിക പ്രതിസന്ധിക്കു കാരണം മദ്യനയമല്ല: സുധീരന്‍
സാമ്പത്തിക പ്രതിസന്ധിക്കു കാരണം മദ്യനയമല്ല: സുധീരന്‍
Sunday, September 21, 2014 12:10 AM IST
കോഴിക്കോട്: സര്‍ക്കാരിന്റെ മദ്യനയം കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമായിട്ടില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. പുതിയ മദ്യനയമാണു സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്ന ഘടകകക്ഷികളുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മദ്യനയം നടപ്പാക്കാന്‍ തുടങ്ങിയിട്ടില്ല. അതു കോടതിയുടെ പരിഗണനയിലാണ്. തീരുമാനം ഇനിയും ഉണ്ടായിട്ടില്ല. കാര്യങ്ങള്‍ മനസിലാക്കാതെയാണു വിമര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളക്കരവും ഭൂനികുതി വര്‍ധനയും സംബന്ധിച്ചു കെപിസിസി പരിശോധന നടത്തും. ഇക്കാര്യത്തില്‍ ഇതുവരെ മുഖ്യമന്ത്രിക്കു നിര്‍ദേശമൊന്നും നല്‍കിയിട്ടില്ല. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാതെ എങ്ങനെ വരുമാനം വര്‍ധിപ്പിക്കാമെന്നതിനെക്കുറിച്ചു ക്രിയാത്മക നിര്‍ദേശങ്ങള്‍ കെപിസിസി ചര്‍ച്ചചെയ്തു സര്‍ക്കാരിനു നല്‍കും. സാമ്പത്തിക പ്രതിസന്ധിയും മദ്യനയവും തമ്മില്‍ കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.


സര്‍ക്കാര്‍ കൊണ്ടുവന്ന പുതുക്കിയ നികുതി നല്‍കേണ്ടതില്ലെന്നു പറഞ്ഞു സിപിഎം നടത്തുന്ന സമരം ജനാധിപത്യ വിരുദ്ധമാണെന്നു കോഴിക്കോട് ഡിസിസി ഓഫീസില്‍ നടന്ന ബൂത്ത് പ്രസിഡന്റുമാരുടെ കണ്‍വന്‍ഷനില്‍ സുധീരന്‍ പറഞ്ഞു. ഇടതു സര്‍ക്കാര്‍ ഭരിച്ചപ്പോഴും പലതവണ നികുതി കൂട്ടിയിട്ടുണ്െടന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം സിപിഎം ജനങ്ങളില്‍നിന്നു പൂര്‍ണമായും ഒറ്റപ്പെട്ടുപോയി. എന്നിട്ടും പാഠം പഠിക്കാത്ത അവര്‍ മറ്റൊരു കൊലപാതകംകൂടി നടത്തിയിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ കേരളം ബംഗാള്‍ ആകുമെന്ന ഇഎംഎസിന്റെ വാക്ക് അന്വര്‍ഥമാകും. പക്ഷേ, അന്നത്തെ ബംഗാളിനു പകരം ഇന്നത്തെ ബംഗാളാണ് ആവുകയെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.