58-ാം നീക്കത്തിലെ 142 കോടി കരങ്ങൾ
Saturday, December 14, 2024 12:00 AM IST
റീൽസിന്റെയും സോഷ്യൽ മീഡിയയുടെയും ചക്രവ്യൂഹങ്ങളിൽ അകപ്പെട്ട് നിരായുധരും
നിസഹായരുമായി മാറുന്ന പല കൗമാരമനസുകൾക്കും ഇന്നു സ്വപ്നം കാണാൻ കഴിയുന്നുണ്ടോ? ചാന്പ്യൻപട്ടം നേടിയശേഷം ചെസ് ലോകത്തിന്റെ നിശബ്ദതയ്ക്കു ചേർന്നവിധം ആ കളത്തിനരികെ ശാന്തനായിരുന്ന് ആനന്ദക്കണ്ണീർ പൊഴിച്ച ഗുകേഷ് ഇന്ത്യൻ യുവതയ്ക്കു മുന്നിൽ വയ്ക്കുന്ന മറ്റൊരു കരുവുണ്ട്.
ആക്രോശിക്കേണ്ടിവന്നില്ല, തോക്കെടുക്കേണ്ടിവന്നില്ല, ഒരു തുള്ളി രക്തം പൊടിയേണ്ടിയും വന്നില്ല... ഇതാ ഇന്ത്യ ചൈനയെ കീഴടക്കിയിരിക്കുന്നു! ഒളിംപിക്സിലും ഏഷ്യൻ ഗെയിംസിലുമൊക്കെ ചൈനീസ് താരങ്ങളുടെ മിന്നും പ്രകടനം കണ്ട് പലവട്ടം ലജ്ജയോടെ മുഖം താഴ്ത്തി നിന്ന 142 കോടി ജനങ്ങൾക്ക് അതിർത്തിക്കിപ്പുറം അഭിമാനത്തോടെ തലയുയർത്തി നിൽക്കാം; ഇന്ത്യ-ചൈന ലോക ചെസ് യുദ്ധത്തിൽ നമ്മൾ ജയിച്ചിരിക്കുന്നു.
64 കളങ്ങളിൽ 32 കറുത്ത കരുക്കൾ കറുത്ത കുതിരകളായ ദിനത്തിൽ യുദ്ധവീരനായി ഇന്ത്യയുടെ ദൊമ്മരാജു ഗുകേഷ് എന്ന കൗമാരക്കാരൻ. ഡി. ഗുകേഷിന്റെ പതിനെട്ടാം വയസിലെ പടപ്പുറപ്പാടിൽ തലയറ്റു വീണത് റഷ്യൻ ഇതിഹാസം ഗാരി കാസ്പറോവ് 22-ാം വയസിൽ സ്ഥാപിച്ച പ്രായം കുറഞ്ഞ ലോകചാന്പ്യൻ എന്ന റിക്കാർഡ്. വിശ്വനാഥൻ ആനന്ദിനുശേഷം ഇന്ത്യയുടെ ചെസ് വിഹായസിൽ മറ്റൊരു ‘വിശ്വനാഥൻ’.
സിംഗപ്പുരിൽ നടന്ന ഫിഡെ ചെസ് ലോകചാന്പ്യൻഷിപ്പിന്റെ പതിനാലാം ഗെയിമിലെ അന്പത്തിയെട്ടാം നീക്കത്തിനായി ഗുകേഷ് കറുത്ത കരുവിൽ കരം തൊടുമ്പോൾ അതിന് 142 കോടി കരങ്ങളുടെ ഊർജമുണ്ടായിരുന്നു. ലോകചാന്പ്യനെത്തന്നെ വീഴ്ത്തിയ ആ നീക്കത്തിലൂടെ ചതുരംഗപ്പലകയിലെ കളങ്ങൾക്കപ്പുറത്ത് ഇന്ത്യൻ യുവത്വത്തിന്റെ സ്വപ്നങ്ങളിലേക്കാണ് ഗുകേഷ് കരു വച്ചിരിക്കുന്നത്.
നിശബ്ദതയുടെ ഈ മാമാങ്കത്തിൽ ചെവിയോർത്താൽ ഒരു സ്വരം കേൾക്കാം; അത് ഇന്ത്യയുടെ എക്കാലത്തെയും ജനകീയനായ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റേതാണ്. “നിങ്ങൾ സ്വപ്നം കാണുക. നല്ല സ്വപ്നങ്ങളിൽനിന്ന് നല്ല ചിന്തകളുണ്ടാകും; നല്ല ചിന്തകളിൽനിന്നു നല്ല പ്രവൃത്തികളും.”
2013ൽ ചെന്നൈയിലെ ഹയാത് റീജൻസിയിൽ ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദും നോർവേയുടെ മാഗ്നസ് കാൾസണും ലോക ചാന്പ്യൻപട്ടത്തിനായി ഏറ്റുമുട്ടുന്നതു കാണാൻ അച്ഛൻ ഡോ. രജനീകാന്തിനൊപ്പം ചെസിൽ പിച്ചവച്ചു തുടങ്ങിയ ഡി. ഗുകേഷും പോയിരുന്നു. ഇതിഹാസ താരങ്ങളുടെ ആ മത്സരം കണ്ടിരിക്കുന്പോൾ ഗുകേഷിന്റെ ഉള്ളിൽ ഒരു സ്വപ്നം വിടർന്നു, എനിക്കും ലോകചാമ്പ്യനാകണം. ചെന്നൈയിൽ കണ്ടുതുടങ്ങിയ സ്വപ്നം പത്തു വർഷങ്ങൾക്കിപ്പുറം സിംഗപ്പുരിൽ പൂവണിഞ്ഞിരിക്കുന്നു.
ചാന്പ്യൻപട്ടം നേടിയശേഷം ചെസ് ലോകത്തിന്റെ നിശബ്ദതയ്ക്കു ചേർന്നവിധം ആ കളത്തിനരികെ ശാന്തനായിരുന്ന് ആനന്ദക്കണ്ണീർ പൊഴിച്ച ഗുകേഷ് ഇന്ത്യൻ യുവതയ്ക്കു മുന്നിൽ വയ്ക്കുന്ന മറ്റൊരു കരുവുണ്ട്, ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളക്കരു. നിങ്ങൾ ഒരു സ്വപ്നത്തിനായി മനസും സമയവും അധ്വാനവും സമർപ്പിച്ചാൽ ഒരു പത്മവ്യൂഹത്തിനും നിങ്ങളെ തളച്ചിടാനാകില്ല, നിങ്ങൾ ആ സ്വപ്നത്തിലേക്ക് കുതിക്കുകതന്നെ ചെയ്യുമെന്നതാണ് ആ ആനന്ദക്കണ്ണീരിന്റെ അളവുകോൽ.
റീൽസിന്റെയും സോഷ്യൽ മീഡിയയുടെയും ചക്രവ്യൂഹങ്ങളിൽ അകപ്പെട്ട് നിരായുധരും നിസഹായരുമായി മാറുന്ന പല കൗമാരമനസുകൾക്കും ഇന്നു സ്വപ്നം കാണാൻ കഴിയുന്നുണ്ടോയെന്നു സംശയം. സിന്തറ്റിക് ലഹരിയുടെ വിഭ്രാന്തിക്കാഴ്ചകൾ പലരുടെയും സ്വപ്നങ്ങളെ മൂടിക്കളഞ്ഞിരിക്കുന്നു. സ്വാർഥ താത്പര്യങ്ങൾക്കുവേണ്ടി മക്കളുടെ സ്വപ്നങ്ങൾക്കു ചിറകു നൽകാൻ മറന്നുപോകുന്ന മാതാപിതാക്കൾ മറ്റൊരു ഗണം.
അവർക്കു മുന്നിൽ ഒരു പാഠപുസ്തകമാണ് ഗുകേഷിന്റെ മാതാപിതാക്കളായ ഡോ. രജനീകാന്തും ഡോ. പദ്മയും. വൈദ്യശാസ്ത്രരംഗത്തെ ജോലിത്തിരക്കുകൾക്കിടയിലും മകന്റെ സ്വപ്നങ്ങൾക്കു കൂടുകൂട്ടാൻ അവർ മറന്നില്ല. വീട്ടിൽ നേരന്പോക്കിനായി അവർ കളിച്ചിരുന്ന ചെസ് കളി കണ്ടാണ് ഏഴാം വയസിൽ കറുപ്പും വെളുപ്പുമുള്ള കളങ്ങളിൽ ഗുകേഷിന്റെ കണ്ണുടക്കുന്നത്. പിന്നീടുള്ളത് തികഞ്ഞ അർപ്പണത്തിന്റെയും അധ്വാനത്തിന്റെയും കഥ.
സ്വപ്നം കാണാനും അതിനെ വിടാതെ പിന്തുടരാനും ഈ നേട്ടം പ്രചോദനമാകുന്പോഴാണ് ലോകചാന്പ്യന്മാർ വീണ്ടും പിറക്കുന്നത്. തന്നേക്കാൾ ഒരു വയസ് മാത്രം കൂടുതലുള്ള ഇന്ത്യയുടെ ചെസ് സെൻസേഷൻ ആർ. പ്രഗ്നാനന്ദ അണ്ടർ 9 കാറ്റഗറിയിൽ ലോകചാന്പ്യനായതു പ്രചോദനമായപ്പോഴാണ് ഗുകേഷിലെ ചെസ് പ്രതിഭ ഉണർന്നത്.
ഈ സ്വപ്നനേട്ടം അധികാരികൾക്കു മുന്നിലേക്കും ചില കരുക്കൾ നീക്കിവയ്ക്കുന്നുണ്ട്. പ്രതിഭകളെ ചെറുപ്പത്തിലേ കണ്ടെത്താനും അവർക്കു സൗകര്യമൊരുക്കിക്കൊടുക്കാനും പലപ്പോഴും നമ്മുടെ സംവിധാനങ്ങൾക്കു കഴിയുന്നില്ല. പണമില്ലാത്തതിന്റെ പേരിൽ മത്സരങ്ങളിൽ പങ്കെടുക്കാനാകാതെ വിഷമിക്കുന്ന എത്രയോ പേരുടെ കഥകളാണ് ഇടയ്ക്കിടെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
രാഷ്ട്രീയ, പ്രാദേശിക താത്പര്യങ്ങൾക്കപ്പുറം പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഉത്തരവാദപ്പെട്ടവർ മനസുറപ്പിച്ചാൽ ആർക്കു മുന്നിലും നമുക്കു തലതാഴ്ത്തി നിൽക്കേണ്ടിവരില്ല, കാരണം, ഗുകേഷിനെപ്പോലെയുള്ള അതുല്യപ്രതിഭകളുടെ ഹരിതഭൂമികയാണ് നമ്മുടെ രാജ്യം.