ആ നഖങ്ങൾ മനുഷ്യന്റേതല്ല
Thursday, December 5, 2024 12:00 AM IST
മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞിന്റെ കണ്ണീരുണങ്ങും മുന്പ് അതിന്റെ ജനനേന്ദ്രിയത്തിൽ
നുള്ളി ചോരയൊഴുക്കിയ നഖം മനുഷ്യന്റേതല്ല. അത്തരം കൈകൾ ഇനി ശിശുക്ഷേമ സമിതിയിലും ഒരു സംരക്ഷണകേന്ദ്രത്തിലും ഉണ്ടാകരുത്.
ഇതുപോലെ അസഹനീയമായൊരു നീറ്റൽ കേരള മനഃസാക്ഷി അനുഭവിച്ചിട്ടില്ല. രണ്ടര വയസുള്ള അനാഥയായ പെൺകുഞ്ഞിന്റെ സ്വകാര്യഭാഗത്ത് ‘സംരക്ഷകർ’ ഏൽപ്പിച്ച മുറിവിന്റെ കാര്യമാണു പറയുന്നത്. ഉറക്കത്തിൽ മൂത്രമൊഴിച്ചതിനായിരുന്നു ആ ശിക്ഷയെന്നുകൂടി അറിയുന്പോഴാണ് സങ്കടവും രോഷവും അണപൊട്ടുന്നത്.
ഉറക്കത്തിൽ മൂത്രമൊഴിക്കുന്നതൊക്കെ ആ പ്രായത്തിൽ സഹജമായ കാര്യങ്ങളാണെന്നുപോലും അറിയാൻ വയ്യാത്തവരെയാണോ ശിശുക്ഷേമ സമിതി സംരക്ഷണം ഏൽപ്പിച്ചത്? ഇത് ഒറ്റപ്പെട്ട സംഭവമാണെന്നു ചാടിക്കയറി പറഞ്ഞാൽ പോരാ, ഉറപ്പാക്കാൻ പരിശോധന ഉണ്ടാകണം.
യുദ്ധഭൂമിയിൽനിന്നല്ല, കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ബാധ്യസ്ഥമായ സർക്കാർ സ്ഥാപനത്തിൽനിന്നാണ് മാതാപിതാക്കളില്ലാത്ത കുഞ്ഞിനെ ക്രൂരതയ്ക്കിരയാക്കിയ വാർത്ത വന്നിരിക്കുന്നത്; അതും കേരളത്തിൽനിന്ന്. ഒരാഴ്ച മുൻപ് ശിശുക്ഷേമ സമിതിയിൽ എത്തിച്ച രണ്ടര വയസുള്ള പെണ്കുഞ്ഞാണു ക്രൂരതയ്ക്കിരയായത്. അമ്മ മരിച്ചതിനു പിന്നാലെ അച്ഛനും ജീവനൊടുക്കിയതോടെയാണ് അഞ്ച് വയസുകാരിയെയും രണ്ടര വയസുകാരിയെയും ശിശുക്ഷേമ സമിതിയിൽ എത്തിച്ചത്.
മറ്റൊരു ജീവനക്കാരി കുളിപ്പിച്ച സമയത്ത് ജനനേന്ദ്രിയത്തിൽ നീറ്റൽ അനുഭവപ്പെട്ട് കുട്ടി കരഞ്ഞതോടെയാണു വിശദപരിശോധന നടത്തിയത്. പുതിയ ആൾ കുളിപ്പിക്കാനെത്തിയില്ലായിരുന്നെങ്കിൽ ഈ ക്രൂരത പുറംലോകം അറിയില്ലായിരുന്നു. കുഞ്ഞിനെ മുറിവേൽപ്പിച്ച കരിമഠം സ്വദേശി അജിതയെയും സംഭവം മറച്ചുവച്ച സിന്ധു, മഹേശ്വരി എന്നിവരെയും കഴിഞ്ഞയാഴ്ച ജോലിയിൽ ഉണ്ടായിരുന്നവരെയും ഉൾപ്പെടെ ഏഴ് ആയമാരെ പിരിച്ചുവിടുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
നല്ല കാര്യം, പക്ഷേ; അവർ ശിക്ഷിക്കപ്പെടുന്നതിനൊപ്പം പ്രാധാന്യമുള്ള കാര്യമാണ് ഇനിയൊരു കുഞ്ഞും ദേഹോപദ്രവം ഏൽക്കരുത് എന്നത്. മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞിന്റെ കണ്ണീരുണങ്ങും മുന്പ് അതിന്റെ ജനനേന്ദ്രിയത്തിൽ നുള്ളി ചോരയൊഴുക്കിയ നഖം മനുഷ്യന്റേതല്ല. അത്തരം കൈകൾ ഇനി അവിടെ ഉണ്ടാകരുത്.
കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും നുള്ളി മുറിവേൽപ്പിച്ചതു കൂടാതെയാണ് ജനനേന്ദ്രിയത്തിലും നഖംകൊണ്ട് നുള്ളി മുറിപ്പെടുത്തിയത്. ക്രൂരത നടത്തിയ ആയമാരെല്ലാം വർഷങ്ങളായി ശിശുക്ഷേമ സമിതിയിൽ ജോലി ചെയ്യുന്നവരാണ്. സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മുറിവുണങ്ങാത്തത് ശിക്ഷാ വൈകൃതത്തിന്റെ കാഠിന്യം വെളിപ്പെടുത്തുന്നതാണ്.
മൂത്രമൊഴിക്കുന്ന കുട്ടികളെ ഇവർ ഇതിനു മുന്പും ഉപദ്രവിച്ചിട്ടുണ്ടെന്നും ജനനേന്ദ്രിയത്തിൽ പരിക്കേൽപ്പിക്കുന്നത് പതിവു കാഴ്ചയാണെന്നും മുൻ ജീവനക്കാരി പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. അധികാരികളോടു പറഞ്ഞിട്ടു കാര്യമില്ലെന്നും ഉത്തരവാദികളെ തത്കാലത്തേക്കു മാറ്റിയാലും പുനർനിയമനം നടത്തുമെന്നുമുള്ള വെളിപ്പെടുത്തലുകൾ നിസാരമല്ല. ശിശുക്ഷേമ സമിതിയിലെ കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ, സംരക്ഷിക്കാനെത്തിയ സ്ത്രീ നുള്ളി പരിക്കേൽപ്പിച്ച ദിവസം കേരളത്തിലെ ആയിരക്കണക്കിനു വീടുകളിൽ കുഞ്ഞുങ്ങൾ എണീറ്റത് കിടക്കയിൽ മൂത്രമൊഴിച്ചിട്ടാണ്! പല കുഞ്ഞുങ്ങളും കിടക്കയിലല്ല, മാതാപിതാക്കളുടെ നെഞ്ചിലാണ് ഉറങ്ങുന്നതെന്നും ശിശുക്ഷേമ സമിതിയെയും ഈ സർക്കാരിനെയും ഓർമിപ്പിക്കട്ടെ. ഇനിയും ഇത്തരമൊരു വാർത്ത കേൾക്കാൻ തക്കവിധം കഠിനമായിട്ടില്ല കേരളത്തിന്റെ ഹൃദയം.
ആയമാരെ നിയമിക്കുന്നതിന് ശിശുക്ഷേമ സമിതി നിശ്ചയിച്ചിരിക്കുന്ന യോഗ്യതയും മാനദണ്ഡവും എന്താണെങ്കിലും അത് വൻ പരാജയമാണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. മാതാപിതാക്കൾ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്റെ സങ്കടത്തിനു ചെവി കൊടുക്കാനാവാത്തവരും മനുഷ്യത്വം മരവിച്ചവർക്കു മാത്രം സാധ്യമായ കാര്യങ്ങൾ ചെയ്യുന്നവരും എങ്ങനെയാണ് ആയമാരായത്? നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടലുണ്ടോ?
മറ്റൊരു വശംകൂടി പറയേണ്ടതുണ്ട്. എത്ര വലിയ ക്ലേശത്താലാണെങ്കിലും ജീവനൊടുക്കുന്ന മാതാപിതാക്കൾ അറിയുന്നില്ല, അനാഥരാക്കപ്പെടുന്ന തങ്ങളുടെ മക്കൾ അനുഭവിക്കാനിരിക്കുന്ന കൂടുതൽ ക്ലേശകരവും പീഡാസഹനങ്ങൾ നിറഞ്ഞതുമായ നാളുകളെക്കുറിച്ച്. ജീവനൊടുക്കാൻ തോന്നുന്ന ഓരോ മനുഷ്യനും, ബാക്കിയാകുന്ന തന്റെ പ്രിയപ്പെട്ടവർക്ക് ഉറപ്പാക്കുന്നത് നരകമാണ്. ശിശുക്ഷേമ സമിതിയിലെ കുഞ്ഞിന്റെ പുറത്തു പറയാനാവാത്ത നീറ്റൽ ആത്മഹത്യക്കെതിരേ കരഞ്ഞുകൊണ്ടുള്ള അഭ്യർഥനകൂടിയാണ്.