ടീകോമിനല്ല, നഷ്ടം ജനങ്ങൾക്ക്
Saturday, December 7, 2024 12:00 AM IST
13 വർഷം സ്മാർട് സിറ്റിയെന്നു പറഞ്ഞു പറ്റിച്ച് മുങ്ങുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നത് സുതാര്യമാണെന്നു കരുതാൻ ന്യായമില്ല. അന്വേഷണം വേണം. അങ്ങനെയൊക്കെയല്ലേ
നാട് രക്ഷപ്പെടാത്തതിന്റെ കാരണം കണ്ടെത്തുന്നത്.
പഠിക്കാനും തൊഴിലിനും വേണ്ടി സംസ്ഥാനവും രാജ്യവും വിട്ടുപോകുന്ന യുവാക്കളെ സാക്ഷിനിർത്തി നമ്മുടെ സർക്കാരുകളെ വിചാരണ ചെയ്യേണ്ട കേസാണ് സ്മാർട് സിറ്റി. വിവരസാങ്കേതികവിദ്യയിലും തൊഴിലവസരങ്ങളിലും ഏറെ പ്രതീക്ഷകളോടെ ഈ സംസ്ഥാനം കാത്തിരുന്ന പദ്ധതിക്കു മസ്തിഷ്കമരണം സംഭവിച്ചെന്ന് സർക്കാർ പരോക്ഷമായി അറിയിച്ചിരിക്കുന്നു. തീർന്നില്ല, പദ്ധതിയെ വളർത്താനേൽപ്പിച്ചവർ അന്തകരായെന്നു പ്രഥമദൃഷ്ട്യാ ബോധ്യമായെങ്കിലും ആ ഉത്തരവാദികൾക്കു നഷ്ടപരിഹാരം നൽകാനും തീരുമാനിച്ചത്രേ.
ഈ അസാധാരണസംഭവം അന്വേഷിക്കേണ്ടതില്ലേ? ഇതു വെറും നഷ്ടപരിഹാരക്കേസല്ല. പൊതുമുതൽ ദുർവിനിയോഗം, അഴിമതി, രാഷ്ട്രീയ താത്പര്യങ്ങൾ തുടങ്ങിയവയുടെ നിഴലാട്ടമുണ്ട്. ഇല്ലെങ്കിൽ നികുതിദായകരെ ബോധ്യപ്പെടുത്തണം. നഷ്ടപരിഹാരം കൊടുക്കേണ്ടത്, വിവരവിജ്ഞാന വിപ്ലവവും തൊഴിലവസരവും വാഗ്ദാനം ചെയ്ത് ഏറ്റെടുത്ത പദ്ധതി ഇട്ടിട്ടു പോകുന്നവർക്കല്ല, ഈ കെടുകാര്യസ്ഥതയുടെ ചെലവ് വഹിച്ച നികുതിദായകർക്കാണ്; നാടുവിടാൻ പോലും പാങ്ങില്ലാത്ത ഇവിടത്തെ തൊഴിലില്ലാത്ത യുവാക്കൾക്കാണ്.
2005ൽ ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് തുടങ്ങിയ ചർച്ചകളിലും ദുബായ് സന്ദർശനത്തിലുമാണ് സ്മാർട് സിറ്റിയുടെ പിറവി. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 2007ൽ പ്രാഥമിക കരാറും 2011ൽ പാട്ട വ്യവസ്ഥകളടങ്ങിയ അന്തിമ കരാറും ഒപ്പിട്ടു. സംസ്ഥാനസർക്കാരിനു 16 ശതമാനവും ടീ കോമിന്റെ മാതൃകന്പനിയായ ദുബായ് ഹോൾഡിംഗ്സിന് 84 ശതമാനവും ഓഹരിപങ്കാളിത്തത്തോടെയാണ് കൊച്ചിയിൽ കാക്കനാട് കേന്ദ്രമായി പദ്ധതി വിഭാവനം ചെയ്തത്. 88 ലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള സ്മാർട് സിറ്റിയിൽ 10 വർഷത്തിനിടെ 90,000 തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നായിരുന്നു പരസ്യം. പക്ഷേ, എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു.
സ്മാർട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി നൽകിയ ശിപാർശ ബുധനാഴ്ച മന്ത്രിസഭ അംഗീകരിച്ചു. ടീകോമുമായി ചർച്ചകൾ നടത്തി പരസ്പരധാരണയോടെ പിന്മാറ്റനയം തയാറാക്കാനാണ് തീരുമാനം. നഷ്ടപരിഹാരത്തുക കണക്കാക്കുന്നതിന് സ്വതന്ത്ര ഇവാല്യുവേറ്ററെ നിയോഗിക്കാനും തീരുമാനിച്ചത്രേ. എത്ര മനോഹരമായ ആചാരം! ഇങ്ങനെയാണെങ്കിൽ നമ്മുടെ സംസ്ഥാനത്ത് നിക്ഷേപങ്ങൾ നടത്താൻ ആഗോള കന്പനികൾ ഇനിയും വരും. കാരണം, എന്തു പരീക്ഷണം നടത്തി പരാജയപ്പെട്ടാലും നഷ്ടപരിഹാരം വാങ്ങി സ്ഥലം കാലിയാക്കാൻ ലോകത്ത് മറ്റൊരിടത്തും അവസരമില്ലല്ലോ.
സ്മാർട് സിറ്റി പദ്ധതിയിൽ ടീ കോം മുടക്കിയ തുക വിലയിരുത്തി തിരിച്ചു കൊടുത്ത് ഒഴിവാക്കാനുള്ള തീരുമാനം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്നാണ് സർക്കാരിന്റെ വിശദീകരണം. യുഎഇയുമായുള്ള നല്ല ബന്ധം തുടരാൻ കൂടിയാണ് വ്യവസ്ഥ ലംഘിച്ചിട്ടും ടീകോമിനെതിരേ നിയമ നടപടിക്ക് ശ്രമിക്കാത്തതെന്നും വ്യവസായ വകുപ്പ് പറയുന്നു.
ആശ്ചര്യം! അവിടെനിന്നുള്ള കന്പനി കേരളവുമായി ഏർപ്പെട്ട കരാറും വ്യവസ്ഥകളും ലംഘിച്ചതിന്റെ പേരിൽ നടപടിയെടുത്താൽ നല്ല ബന്ധത്തെ എങ്ങനെയാണ് ബാധിക്കുന്നത്? ലോകത്തെവിടെയെങ്കിലും ഇങ്ങനെ ആരെങ്കിലും പിണങ്ങിയ ചരിത്രം കേട്ടിട്ടുണ്ടോ? അങ്ങനെയാണെങ്കിൽ, നാളെ ഏതൊരു വിദേശനിക്ഷേപകനും പൊളിഞ്ഞ പദ്ധതിക്കു നഷ്ടപരിഹാരം ചോദിക്കാൻ ഇതു കീഴ്വഴക്കമാകില്ലേ? ഒരു ചെറുകിടക്കാരന്റെ കച്ചവടം പൊളിഞ്ഞാൽ അയാളുടെ വായ്പ പലിശസഹിതം തിരിച്ചുപിടിക്കാൻ കിടപ്പാടം ജപ്തി നടത്തുന്ന നാടിന്റെ ഭരണാധികാരികളാണ് ഇതു പറയുന്നതെന്നുകൂടി ഓർക്കണം.
ഏറ്റെടുക്കുന്ന ഭൂമി ഇൻഫോപാർക്കിന്റെ വിപുലീകരണത്തിനും പുതിയ പങ്കാളികൾക്കും നൽകാനാണത്രേ സർക്കാരിന്റെ നീക്കം. അതിൽ പരാതിയില്ല. ടീകോം പോകുന്പോൾ ആ ഭൂമിയും അവിടെ ബാക്കിയുള്ള 37 കന്പനികളും ചെറിയ നിർമാണപ്രവർത്തനങ്ങളുമൊക്കെ കടലിലെറിയാനാകില്ലല്ലോ.
പക്ഷേ, നടത്തിപ്പുകാരായ ടീകോമും പദ്ധതിയെ യാഥാർഥ്യമാക്കാൻ ജാഗ്രത പുലർത്തേണ്ട സർക്കാരും കഴിഞ്ഞ 13 വർഷം എന്താണ് ചെയ്തതെന്ന് ജനം അറിയണം. കരാർ ലംഘിച്ചവർക്ക് നഷ്ടപരിഹാരം കൊടുക്കുമെന്ന തീരുമാനത്തിന്റെ പിന്നാന്പുറം അറിയണം. സാന്പത്തികമായി മുച്ചൂടും മുടിഞ്ഞ സംസ്ഥാനത്തിന്റെ ഭരണാധികാരികൾക്ക് ഇത്തരമൊരു തീരുമാനം എടുക്കാനായത് എങ്ങനെയാണെന്നറിയണം. കെഎസ്ആർടിസിയെയും കെഎസ്ഇബിയെയുമൊക്കെ പോലെ ഇനിയിപ്പോൾ വിദേശകന്പനികളെയും തീറ്റിപ്പോറ്റാനാണോ ഗതികെട്ട മലയാളിയുടെ വിധിയെങ്കിൽ അതും അറിയണം.