പ്രതി കെഎസ്ഇബി, ശിക്ഷ ജനത്തിന്
Monday, December 9, 2024 12:00 AM IST
അന്യായവിലയ്ക്കു വൈദ്യുതിവാങ്ങൽ, പാഴായ പദ്ധതികൾ, നിയമവിരുദ്ധ ശന്പളവർധന, അഴിമതി, ധൂർത്ത്... കുറ്റം കെഎസ്ഇബിയുടേത്; ശിക്ഷ ജനങ്ങൾക്ക്.
കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങേണ്ടിവരുന്നതും പദ്ധതികൾ പാതിവഴിയിൽ മുടങ്ങുന്നതും കെടുകാര്യസ്ഥതയും ശന്പളധൂർത്തുമൊക്കെ പരിഹരിക്കാൻ കെഎസ്ഇബിയും സർക്കാരും കഠിനാധ്വാനം ചെയ്യേണ്ടിവരും. പക്ഷേ, നിരക്കു വർധിപ്പിക്കാൻ ഇതൊന്നും വേണ്ട. അത്രയേ കെഎസ്ഇബി ചെയ്തിട്ടുള്ളൂ. തങ്ങളുടെ ഭരണത്തിൽ, ജനങ്ങളുടെ വരുമാനം കൂടിയില്ലെങ്കിലും വിലക്കയറ്റവും ജീവിതച്ചെലവും കുത്തനെ വർധിച്ചെന്ന യാഥാർഥ്യവും സർക്കാരിനു വിഷയമല്ല. സർക്കാരിന്റെ ജനദ്രോഹത്തെ ചെറുക്കാൻ പ്രതിപക്ഷത്തിന്റെ പ്രസ്താവനകൾക്കും കഴിയുന്നില്ല.
2027 മാർച്ച് 31 വരെയുള്ള വൈദ്യുതിനിരക്ക് വർധന ഡിസംബർ അഞ്ചിനാണ് നിലവിൽ വന്നത്. ഗാർഹിക ഉപയോക്താക്കൾക്ക് യൂണിറ്റിനു 16 പൈസ ഇനി അധികം നൽകണം. റെഗുലേറ്ററി കമ്മീഷന്റെ നിയന്ത്രണം ഇല്ലായിരുന്നെങ്കിൽ കെഎസ്ഇബിയുടെ വർധന എത്രയാകുമായിരുന്നു എന്നുകൂടി അറിയേണ്ടതാണ്.
യൂണിറ്റിന് ഈ വര്‍ഷം 34 പൈസയും 2025-26ല്‍ 24 പൈസയും 2026-27ല്‍ 5.90 പൈസയും വീതം നിരക്കു വര്‍ധിപ്പിക്കാനായിരുന്നു ശിപാര്‍ശ. കഴിഞ്ഞ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ റെഗുലേറ്ററി കമ്മീഷൻ ജനങ്ങളിൽനിന്ന് അഭിപ്രായം സ്വീകരിക്കാൻ സിറ്റിംഗുകൾ നടത്തിയതും അതിൽ അഭൂതപൂർവമായ ജനപങ്കാളിത്തമുണ്ടായതും വാർത്തയായിരുന്നു. എന്നിട്ടും കാര്യമായ ഗുണം ജനങ്ങൾക്കുണ്ടായില്ല. മീറ്റർവാടക വർധിപ്പിച്ചിട്ടില്ലെന്നതു തെല്ലൊരാശ്വാസമായി.
വ്യവസായമേഖലയുടെ താത്പര്യം കണക്കിലെടുത്ത് ശരാശരി ഒന്നുമുതല്‍ രണ്ടു ശതമാനം നിരക്ക് വര്‍ധിപ്പിക്കുകയും പകൽസമയത്ത് 10 ശതമാനം ഇളവ് അനുവദിക്കുകയും ചെയ്തപ്പോൾ കൃഷി ആവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കില്‍ യൂണിറ്റിന് അഞ്ചു പൈസയുടെ വർധന ഉണ്ടാകുകയും ചെയ്തു. കേരളത്തിലെ കാർഷികമേഖലയുടെ തകർച്ച റെഗുലേറ്ററി കമ്മീഷൻ തിരിച്ചറിയണമെന്നില്ല. പക്ഷേ, അതറിയാവുന്ന സർക്കാർ കർഷകദ്രോഹത്തിനു കൂട്ടുനിന്നു.
സൗജന്യ കാർഷിക വൈദ്യുത പദ്ധതിയിൽ അംഗമല്ലാത്ത കർഷകർക്ക് വലിയ സാന്പത്തിക ബാധ്യതയായി. ഇടതു സർക്കാർ അധികാരമേറ്റ 2016നുശേഷം എട്ടു വർഷത്തിനിടെ അഞ്ചാമത്തെ തവണയാണ് വൈദ്യുതിനിരക്കു വർധിപ്പിച്ചത്. അതേസമയം, വ്യവസായവകുപ്പിനു കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക ദിവസങ്ങൾക്കു മുന്‍പ് എഴുതിത്തള്ളിയിട്ടുമുണ്ട്.
കുറഞ്ഞ വിലയ്ക്കു 465 മെഗാവാട്ട് വൈദ്യുതി നാലു കമ്പനികളില്‍നിന്ന് 25 വര്‍ഷത്തേക്കു വാങ്ങാനുള്ള കെഎസ്ഇബിയുടെ ദീര്‍ഘകാല കരാറുകള്‍ 2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടതാണ്. അതിൽ ക്രമക്കേടുണ്ടെന്ന് എൽഡിഎഫ് ആരോപിക്കുകയും പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടി റെഗുലേറ്ററി കമ്മീഷന് റദ്ദാക്കുകയും ചെയ്തു. അതുപോലെ, ഹിമാചൽ പ്രദേശിലെ സത്ലജ് ജല്‍ വൈദ്യുതി നിഗം ലിമിറ്റഡില്‍നിന്ന് 25 വര്‍ഷത്തേക്ക് 4.46 രൂപയ്ക്ക് കിട്ടേണ്ടിയിരുന്ന 166 മെഗാവാട്ട് വൈദ്യുതി കെഎസ്ഇബി തീരുമാനം വൈകിച്ചതുകൊണ്ടു മാത്രം നഷ്ടമായെന്നു കഴിഞ്ഞ വര്‍ഷം ചൂണ്ടിക്കാണിച്ചത് റെഗുലേറ്ററി കമ്മീഷനാണ്. പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതി പിന്നീട് തിരിച്ചുകൊടുക്കുന്ന സ്വാപ് രീതിക്കു പകരം, ദിവസവും പണം നല്കി വാങ്ങിയത് ബോര്‍ഡിനു സാമ്പത്തിക പ്രതിസന്ധിയായതും കഴിഞ്ഞ വര്‍ഷം വിവാദമായിരുന്നു.
അദാനിയിൽനിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടെ നീക്കം റെഗുലേറ്ററി കമ്മീഷനാണ് അടുത്തയിടെ റദ്ദാക്കിയത്. കൊള്ളവിലയ്ക്കു പുറത്തുനിന്നു വൈദ്യുതി വാങ്ങേണ്ടിവരുന്പോഴും 778 മെഗാവാട്ടിന്റെ 128 ജലവൈദ്യുത പദ്ധതികൾ സംസ്ഥാനത്ത് പൂർത്തിയാക്കാതെ കിടപ്പുണ്ടെന്നോർക്കണം. പരിസ്ഥിതിവാദക്കാർ തടസമുന്നയിക്കുന്നതാണു കാരണമെന്നു പറഞ്ഞ് മന്ത്രിയും കൈകഴുകി. കെഎസ്ഇബിയുടെ മറ്റൊരു കെടുകാര്യസ്ഥതയാണ് 24 മെഗാവാട്ട് ശേഷിയുള്ള ഭൂതത്താൻകെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി.
നിശ്ചിത സമയത്തു പൂർത്തിയായിരുന്നെങ്കിൽ ലഭിക്കേണ്ട തുകയും ചേർത്ത് ഏകദേശം 500 കോടിയുടെ നഷ്ടമുണ്ടായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. 18 മാസംകൊണ്ട് പൂർത്തിയാക്കണമെന്ന വ്യവസ്ഥയോടെ 2015 മാർച്ചിൽ തമിഴ്നാട്ടിലെ ശ്രീശരവണ എൻജിനിയറിംഗ് ഭവാനി (എസ്എസ്ഇബി) എന്ന കമ്പനിക്കു നൽകിയെങ്കിലും അവർ മുങ്ങിയ സൂചനയാണുള്ളത്. കന്പനിക്കു തുക മുൻകൂറായി നൽകുകയും ചെയ്തു. അതേസമയം, ഇത്തരം ഉന്നത കെടുകാര്യസ്ഥരുടെ കന്പനിക്ക് ശന്പളവർധനയുടെ കാര്യത്തിൽ കാര്യസ്ഥത കൂടുതലുമാണ്.
ശന്പളച്ചെലവ് ഏഴുമുതൽ 10 വരെ ശതമാനമെങ്കിലും കുറച്ചില്ലെങ്കിൽ നിലനിൽക്കാനാവില്ലെന്നും തസ്തികകൾ വെട്ടിച്ചുരുക്കണമെന്നും ഡയറക്ടർമാരുടെ ഉപസമിതിയോട് ബോർഡ് തന്നെ നിർദേശിച്ചത് 2022 മേയിലാണ്. ബോർഡിൽ ആറായിരത്തോളം ജീവനക്കാർ അധികമാണെന്ന് റെഗുലേറ്ററി കമ്മീഷൻ അതിനു മുന്‍പേ കണ്ടെത്തിയിരുന്നു. ഇതിനൊന്നും പരിഹാരമായില്ലെങ്കിലും സർക്കാരിന്റെ അനുമതിപോലും തേടാതെ ക്രമവിരുദ്ധമായി 2021ൽ ബോർഡ് ശന്പളപരിഷ്കരണം നടപ്പാക്കി. ഇതിലൂടെ വർഷം 734.4 കോടി രൂപയുടെ അധികബാധ്യത ബോർഡിനുണ്ടായി. ഈ പരിഷ്കരണത്തിലൂടെ ശമ്പള-പെൻഷൻ വിഹിതം റവന്യു വരുമാനത്തിന്റെ 26.77 ശതമാനമായിരുന്നത് ഒറ്റയടിക്ക് 46.59 ശതമാനമായി.
ഇതു രാജ്യത്തെ ഏറ്റവും ഉയർന്ന ചെലവാണെന്നാണ് അറിയുന്നത്. ശമ്പളവും പെൻഷനും പരിഷ്കരിക്കാൻ തീരുമാനിച്ച ഡയറക്ടർ ബോർഡ് അംഗങ്ങൾക്കെതിരേ അച്ചടക്കനടപടിയെടുക്കാൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ 2023 മേയിൽ ശിപാർശ ചെയ്തിരുന്നു. ഒരു കാര്യവുമില്ല. സർക്കാരിന്റെ അനുമതി തേടാതെ 2016ലും ശമ്പളപരിഷ്കരണം നടപ്പാക്കിയിരുന്നു. സർക്കാരിന്റെ അനുമതിയോടെ മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങളിൽ ശമ്പളപരിഷ്കരണം നടപ്പാക്കാവൂ എന്ന് 2021 ജനുവരിയിൽ സർക്കാർ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നൽകിയ നിർദേശത്തിനു പുല്ലുവില നൽകിക്കൊണ്ടാണ് തൊട്ടടുത്ത മാസം ശന്പളം വർധിപ്പിച്ചത്. സർക്കാർ അനങ്ങിയില്ല.
ഇത്തരം ധിക്കാരങ്ങൾക്കും കെടുകാര്യസ്ഥതകൾക്കും ധൂർത്തിനും കരാർ റദ്ദാക്കലിനുമൊന്നും എൽഡിഎഫിനോ യുഡിഎഫിനോ റെഗുലേറ്ററി കമ്മീഷനോ കെഎസ്ഇബിക്കോ നഷ്ടമില്ല. നഷ്ടം ജനങ്ങൾക്കു മാത്രം. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയും പകൽക്കൊള്ളയുമാണെന്നും ജനകീയ പ്രക്ഷോഭത്തിനു യുഡിഎഫ് നേതൃത്വം നൽകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. അതൊരു രാഷ്ട്രീയ നടപടിക്രമം മാത്രമായിട്ടേ ജനം കാണുന്നുള്ളൂ.
വൈദ്യുതിനിരക്കു വർധന മോശമായിപ്പോയെന്ന് മുൻ വൈദ്യുതി മന്ത്രിയും സിപിഎം നേതാവുമായ എ.കെ. ബാലനും പറഞ്ഞു. ഒരു മുടക്കുമില്ലാത്ത സഹതാപം! കെഎസ്ഇബിയെയും യുഡിഎഫ് കാലത്തെ കരാർ റദ്ദാക്കിയ റെഗുലേറ്ററി ബോർഡിനെയുമൊക്കെ പഴിക്കാൻ അദ്ദേഹത്തിന്റെ ആവശ്യമില്ല. ആത്മാർഥയുണ്ടെങ്കിൽ സർക്കാരിനോടു പറഞ്ഞു തിരുത്തിയാൽ മതി. തങ്ങൾ വരുന്പോൾ എല്ലാം ശരിയാകുമെന്നു പറഞ്ഞതിന്റെ, വന്നപ്പോഴുള്ള അവസ്ഥയെന്താണെന്ന് സർക്കാരോ എൽഡിഎഫോ ധവളപത്രം ഇറക്കാൻ സമയമായി. പ്രകടനപത്രികയല്ല, ധവളപത്രം..!