സിറിയയിൽ വീണ്ടും മരണക്കളി
Wednesday, December 4, 2024 12:00 AM IST
സിറിയയിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരേ തീവ്രവാദികളായ വിമതർ വീണ്ടും
യുദ്ധത്തിനിറങ്ങിയിരിക്കുകയാണ്. അതായത്, 2011 മുതൽ അഞ്ചു ലക്ഷത്തോളം മനുഷ്യർ കൊല്ലപ്പെട്ട രാജ്യത്ത് വീണ്ടും കുഞ്ഞുങ്ങളെ ഉൾപ്പെടെ മരിക്കാൻ ഒരുക്കിനിർത്തിയിരിക്കുന്നു.
“ഞാൻ ഇതെല്ലാം ദൈവത്തോടു പറഞ്ഞുകൊടുക്കും”-2012ൽ സിറിയൻ ആഭ്യന്തരകലാപത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരൻ മരിക്കുന്നതിനു മുന്‍പ്, തീവ്രവാദികളോടു പറഞ്ഞ വാക്കുകളാണത്രേ. മനുഷ്യന്റെ നിസഹായതയെ അങ്ങേയറ്റം വെളിപ്പെടുത്തുന്ന വാക്കുകളും നിലവിളികളുമുയർത്തി സിറിയയിൽ വീണ്ടും ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്.
ഏകാധിപത്യ സർക്കാരും വിമതർ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന മുസ്ലിം തീവ്രവാദി സംഘങ്ങളുമാണ് ഏറ്റുമുട്ടുന്നത്. സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലെപ്പോ പിടിച്ചടക്കിയ തീവ്രവാദികൾ മറ്റിടങ്ങളിലേക്കു നീങ്ങുകയാണ്. കുഞ്ഞുങ്ങൾ ഉൾപ്പെടെ മരിച്ചുവീഴുന്നു. അവരുടെ തണുത്തുമരവിച്ച അധരങ്ങളിൽ യുദ്ധക്കൊതിയന്മാർക്കെതിരേയുള്ള പരാതികൾ വാക്കൊഴിഞ്ഞു കിടപ്പുണ്ടാകാം. സമാധാനംകൊണ്ട് ഇനിയവർക്കെന്തു കാര്യം?
തുർക്കി സായുധസംഘങ്ങളുടെ പിന്തുണയോടെ സിറിയയിലെ സുന്നി സായുധസംഘമായ ഹയാത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്ടിഎസ്) നേതൃത്വത്തിലാണ്, പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സര്‍ക്കാരിനെതിരേ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. 2011 മുതൽ സിറിയ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്. 2012ല്‍ ആലെപ്പോയുടെ പ്രധാന ഭാഗങ്ങൾ വിമതര്‍ പിടിച്ചെടുത്തെങ്കിലും 2016ൽ റഷ്യയുടെ പിന്തുണയോടെ അസദ് ഭരണകൂടം തിരിച്ചുപിടിച്ചിരുന്നു.
പിന്നീട് അടങ്ങിയിരുന്ന വിമതർ ഏതാനും ദിവസം മുന്‍പ് കലാപക്കൊടി വീണ്ടും ഉയർത്തുകയായിരുന്നു. സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലെപ്പോ പിടിച്ചടക്കിയവർ സമീപത്തുള്ള ഇദ്ലിബ്, ഹമ, ലടാകിയ പ്രദേശങ്ങളിലുമെത്തി. തലസ്ഥാനമായ ഡമാസ്കസിലെത്തി ഭരണം പിടിക്കുകയാണു ലക്ഷ്യം. അസദിനെ സഹായിക്കാൻ റഷ്യയും ഇറാന്റെ പിന്തുണയോടെ ഇറാക്കിൽ പ്രവർത്തിക്കുന്ന സായുധസംഘങ്ങളും സിറിയയിലെത്തി. മുന്‍പും സിറിയയെ സഹായിച്ചുകൊണ്ടിരുന്നത് റഷ്യയും ഇറാനുമാണ്.
റഷ്യ യുക്രെയ്ൻ അധിനിവേശത്തിൽ ഏർപ്പെട്ടിരിക്കുകയും ഇറാൻ, ഹമാസിനെയും ഹിസ്ബുള്ളയെയും പിന്തുണച്ച് ഇസ്രയേലുമായി ഏറ്റുമുട്ടലിലാകുകയും ചെയ്തതോടെ സിറിയയ്ക്കുള്ള സഹായം കുറയുമെന്ന വിമതരുടെ കണക്കുകൂട്ടലാകാം ഇപ്പോഴത്തെ പടപ്പുറപ്പാടിനു പിന്നിൽ. അൽ-ഖ്വയ്ദയുടെയും ഇസ്ലാമിക് സ്റ്റേറ്റിന്റെയും മുസ്ലിം ബ്രദർഹുഡിന്റെയുമൊക്കെ തീവ്രവാദ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഹയാത് തഹ്രീർ അൽ ഷാമിനെ തുർക്കിയും അമേരിക്കയും പിന്തുണയ്ക്കുന്നുണ്ട്.
ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഇറാനിൽനിന്ന് ലബനനിലെ ഹിസ്ബുള്ളയ്ക്ക് ആയുധമെത്തിക്കാൻ സിറിയൻ ഭൂമി അനുവദിക്കുന്നത് അവസാനിപ്പിക്കുകയും ചെയ്താൽ സിറിയയ്ക്കേതിരേയുള്ള ഉപരോധങ്ങൾ അമേരിക്ക നീക്കിയേക്കുമെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തങ്ങളുടെ സൈനിക താത്പര്യങ്ങൾ സംരക്ഷിക്കാനും ഭരണകൂടങ്ങളെ ദുർബലമാക്കാനും വിഘടനവാദികളെയും തീവ്രവാദി സംഘടനകളെയും പിന്തുണയ്ക്കുന്നതിൽ പാശ്ചാത്യരെന്നോ പൗരസ്ത്യരെന്നോ വ്യത്യാസമില്ല.
അൽ-ഖ്വയ്ദയുടെയും താലിബാന്റെയുമൊക്കെ വളർച്ചയിൽ ലോകം അതു കണ്ടതാണ്. സിറിയയിൽ 2011 മുതൽ 2023 വരെ മരിച്ചത് അഞ്ചു ലക്ഷത്തിലേറെ മനുഷ്യരാണെന്ന് "സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്' പറയുന്നു. കൊന്നതും മരിച്ചതും ഏറെയും ഒരേ മതത്തിൽപ്പെട്ടവർ. ആര് ഏതു പക്ഷത്തു നിൽക്കും?
1963ൽ അട്ടിമറിയിലൂടെ ഭരണത്തിലെത്തിയ അറബ് സോഷ്യലിസ്റ്റ് ബാത്ത് പാർട്ടിയിൽനിന്ന് മറ്റൊരു അട്ടിമറിയിലൂടെ 1971ൽ അധികാരം പിടിച്ചടക്കിയാണ് ജനറൽ ഹഫീസ് അൽ അസദ് മൂന്നു പതിറ്റാണ്ട് സിറിയ ഭരിച്ചത്.
അദ്ദേഹത്തിന്റെ മരണശേഷം 2000ത്തിൽ മകൻ ബാഷർ അൽ അസദ് പ്രസിഡന്റായി. അതായത്, ആറു പതിറ്റാണ്ടായി സിറിയക്കാർ ഏകാധിപത്യത്തിനു കീഴിലാണ്. ഇതിനിടെ, ഏകാധിപത്യം അവസാനിപ്പിക്കാൻ അറബ് വസന്തത്തിന്റെ ആവേശത്തിൽ 2011 മുതൽ മുസ്ലിം ബ്രദർഹുഡ് ഉൾപ്പെടെ തീവ്രസംഘടനകൾ നടത്തിയ ശ്രമങ്ങളെ അസദ് അടിച്ചമർത്തി. മുസ്ലിം ബ്രദർഹുഡ് അധികാരത്തിലെത്തിയാലും മാറ്റം ഏകാധിപത്യത്തിൽനിന്ന് ഇസ്ലാം തീവ്രവാദത്തിലേക്കു മാത്രമായിരിക്കുമെന്നും ലോകത്തിന് ഇപ്പോഴറിയാം.
ജനാധിപത്യത്തിന്റെ എതിർധ്രുവത്തിലാണ് ഭീകരപ്രസ്ഥാനങ്ങളും മത ഭരണകൂടങ്ങളും നിലയുറപ്പിച്ചിരിക്കുന്നത്. മനസുകളിൽനിന്നു മനസുകളിലേക്ക് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്ന ഭീകരതയെന്ന വൈറസിനെതിരേ ഒന്നിക്കാൻ ലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. “ഞാൻ ഇതെല്ലാം ദൈവത്തോടു പറഞ്ഞുകൊടുക്കും” എന്നു സിറിയൻ ബാലൻ പറഞ്ഞതിനു തെളിവില്ല.
ആശുപത്രിയിൽ അവന്റെ ഫോട്ടോയെടുത്ത എഎഫ്പി ഫോട്ടോഗ്രാഫർ ആരിസ് മെസിനിസും അതു കേട്ടിട്ടില്ല. അങ്ങനെയാണെങ്കിൽ, മനുഷ്യന്റെ മരവിച്ച മനസാക്ഷിയെ ഉണർത്താൻ മനുഷ്യത്വമുള്ള ആരോ നടത്തിയ അവസാനശ്രമമായി അതിനെ കാണേണ്ടതുണ്ട്. യുക്രെയ്നിലോ ഗാസയിലോ ഇസ്രയേലിലോ സിറിയയിലോ എവിടെയുമാകട്ടെ, മരിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് ദൈവത്തോടു പറയാൻ പരാതികൾ ഏറെയുണ്ട്.
അവരുടെ മുറിവുകളെക്കുറിച്ച്, നഷ്ടപ്പെട്ട മാതാപിതാക്കളെയും സഹോദരങ്ങളെയുംകുറിച്ച്, കിട്ടാതെപോയ മരുന്നിനെയും ഭക്ഷണത്തെയും വെള്ളത്തെയുംകുറിച്ച്, കൊല്ലാൻ വരുന്ന മുതിർന്നവരെക്കുറിച്ച്, തകർക്കപ്പെട്ട വീടിനെയും വിദ്യാലയത്തെയും കാണാതായ കൂട്ടുകാരെയുംകുറിച്ച്... ഒക്കെയുണ്ട് പറയാൻ.
പക്ഷേ, മതത്തിനും ഇടുങ്ങിയ ദേശീയതയ്ക്കും അതിർത്തികൾക്കുംവേണ്ടി കൊന്നൊടുക്കുന്നവർക്ക് കുട്ടികളോ ദൈവമോ സഹജീവിയോ ഒന്നുമില്ല; കൊല്ലുന്നതിലാണ് സംതൃപ്തി. തീവ്രവാദത്തിന്റെ മുഖ്യപങ്ക് മറച്ചുവച്ചും രാഷ്ട്രീയ-സാന്പത്തിക-സൈനിക താത്പര്യങ്ങൾക്കായി തീവ്രവാദത്തോടു വിട്ടുവീഴ്ച ചെയ്തും ഒരു സമാധാനശ്രമവും സാധ്യമാകില്ല.