സിറിയ: ഗതി മാറി, വിധി മാറുമോ?
Tuesday, December 10, 2024 12:00 AM IST
ഏകാധിപത്യത്തിൽനിന്നു ജനാധിപത്യത്തിലേക്കല്ല, മതാധിപത്യത്തിലേക്കാണ് സിറിയ പിന്മാറിയത്.
ഭരിക്കുന്നവരെ തെരഞ്ഞെടുക്കാൻ അവസരമില്ലാത്ത സിറിയക്കാർക്കു മുന്നിൽ രണ്ടു ദുരന്തസാധ്യതകളാണ് ഉണ്ടായിരുന്നത്. ഏകാധിപത്യവും മത തീവ്രവാദവും. അര നൂറ്റാണ്ടായി ഏകാധിപത്യത്തിന്റെ രുചിയറിഞ്ഞു. ഇനിയിപ്പോൾ മതതീവ്രവാദത്തിന്റെ സദ്യയാണ്. ഏകാധിപതിയായിരുന്ന ബഷർ അൽ അസാദിനെ അട്ടിമറിച്ചുകൊണ്ട് സുന്നി ഇസ്ലാമിക തീവ്രവാദ സംഘമായ ഹയാത് തഹ്രീർ അൽ ഷാം (എച്ച്ടിഎസ്) അധികാരത്തിലെത്തിയിരിക്കുന്നു.
ജനാധിപത്യത്തിൽ പൗരനു ലഭ്യമാകുന്ന സ്വാതന്ത്ര്യവും ഭരണപങ്കാളിത്തവും പരിചയമില്ലാത്ത, മതോന്മുഖ ജീവിതവീക്ഷണമുള്ള സിറിയൻ ജനതയ്ക്ക് ഏകാധിപത്യത്തേക്കാൾ മതഭരണത്തോട് ആഭിമുഖ്യം തോന്നിയേക്കാം. മറ്റൊന്നിനും അവസരവുമില്ല. പക്ഷേ, ഇസ്ലാമിക തീവ്രവാദം ഒരു രാജ്യത്തുകൂടി ഭരണം ഉറപ്പിക്കുന്പോൾ ജനാധിപത്യലോകത്തിന് ആശങ്കകൾ ഏറെയാണ്.
തങ്ങൾ ഇനിമേൽ തീവ്രവാദികളല്ല, മറ്റു മതങ്ങളോടും സഹിഷ്ണുതയുള്ളവരായിരിക്കും എന്നൊക്കെ തീവ്രവാദ വേരുകളുള്ള എച്ച്ടിഎസ് പറയുന്നുണ്ടെങ്കിലും യാഥാർഥ്യം കണ്ടറിയണം. തീവ്രവാദത്തിൽ തുടരുകയാണെങ്കിൽ അവർക്കതു സാധ്യമല്ല. ജനാധിപത്യത്തിന് അവസരം ലഭിച്ചിട്ടില്ലാത്ത രാജ്യമാണ് സിറിയ.
1516 മുതൽ നാലു നൂറ്റാണ്ട് ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന സിറിയ പിന്നീട് ഫ്രഞ്ച് അധീനതയിലായി. 1946ലാണ് സ്വാതന്ത്ര്യം നേടിയത്. പിന്നീട് പട്ടാളത്തിനായിരുന്നു മേൽക്കൈ. 1963ൽ അട്ടിമറിയിലൂടെ ഭരണത്തിലെത്തിയ അറബ് സോഷ്യലിസ്റ്റ് ബാത്ത് പാർട്ടിയിൽനിന്ന് മറ്റൊരട്ടിമറിയിലൂടെ 1971ൽ അധികാരം പിടിച്ചടക്കിയാണ് ജനറൽ ഹഫീസ് അൽ അസാദ് മൂന്നു പതിറ്റാണ്ട് സിറിയ ഭരിച്ചു.
അദ്ദേഹത്തിന്റെ മരണശേഷം ഏകാധിപത്യ കുടുംബവാഴ്ചയുടെ തുടർച്ചയായി 2000ൽ മകൻ ബാഷർ അൽ അസാദ് പ്രസിഡന്റായി. അതാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. അതിനു നേതൃത്വം നൽകിയത് അബു മുഹമ്മദ് അൽ ജുലാനിയുടെ നേതൃത്തിലുള്ള എച്ച്ടിഎസ് ആണ്. അഴിമതിക്കും സാന്പത്തിക മുരടിപ്പിനും ഏകാധിപത്യത്തിനുമെതിരേ 2010ൽ ടുണീഷ്യയിൽ തുടങ്ങിയ അറബ് വസന്തം അഥവാ മുല്ലപ്പൂ വിപ്ലവം 2011ൽ സിറിയയിലുമെത്തിയിരുന്നു.
അന്ന് അസാദിനെതിരേ നടത്തിയ പ്രക്ഷോഭത്തിന്റെ മുന്നിലുണ്ടായിരുന്നതും അൽ-ഖ്വയ്ദയെന്ന ഭീകരപ്രസ്ഥാനത്തിന്റെ സിറിയൻ പതിപ്പുമായിരുന്ന അൽ നുസ്ര ഫ്രണ്ടിന്റെ പരിഷ്കരിച്ച പതിപ്പാണ് എച്ച്ടിഎസ്. 2012ല് അവർ ആലെപ്പോയുടെ പ്രധാന ഭാഗങ്ങൾ പിടിച്ചെടുത്തെങ്കിലും 2016ൽ റഷ്യയുടെ പിന്തുണയോടെ അസാദ് ഭരണകൂടം തിരിച്ചുപിടിച്ചിരുന്നു. പിന്നീട്, അടങ്ങിയിരുന്ന വിമതർ ഏതാനും ദിവസം മുന്പ് കലാപക്കൊടി ഉയർത്തുകയായിരുന്നു.
ആലെപ്പോയിൽ നിന്ന് 11 ദിവസംകൊണ്ട് തലസ്ഥാനമായ ഡമാസ്കസിലെത്തിയ വിമതർ അധികാരം പിടിച്ചു. അസാദിന്റെ പിൻബലമായിരുന്ന റഷ്യയും ഇറാനും ദുർബലമായ സമയത്തു നടത്തിയ നീക്കം പക്ഷേ, ഇത്ര അനായാസ വിജയമാകുമെന്ന് നിരീക്ഷകരൊന്നും കരുതിയില്ല. ഏകാധിപത്യത്തിൽനിന്ന് മതാധിപത്യത്തിലേക്കുള്ള ഈ ഗതിമാറ്റം സിറിയക്കാരുടെ ദുരിതങ്ങളുടെ വിധി മാറ്റുമോയെന്നു പറയാനും നിരീക്ഷകർക്കു കഴിഞ്ഞിട്ടില്ല.
സ്വതന്ത്ര ലോകം ഏറെ കൊട്ടിഘോഷിക്കുന്ന ജനാധിപത്യത്തെ അധികാര രാഷ്ട്രീയമായി ചുരുക്കിയവർ ഇസ്ലാമിക തീവ്രവാദത്തെ വളർത്തിയതും ചരിത്രമാണ്. സോവിയറ്റ് റഷ്യയുടെ എഴുപതുകളിലെ അഫ്ഗാൻ ഭരണത്തെയും സൈനികസാന്നിധ്യത്തെയും ചെറുക്കാൻ, മുജാഹിദീനുകളെയും തീവ്രവാദ ആഭിമുഖ്യമുണ്ടായിരുന്ന ഉസാമ ബിൻ ലാദനെയും പിന്തുണച്ച അമേരിക്ക അതിന്റെ ഒന്നാമത്തെ ഉദാഹരണമാണ്.
പിന്നീട്, ബിൻ ലാദന്റെ അൽ-ഖ്വയ്ദ അമേരിക്കക്കെതിരേ തിരിഞ്ഞതോടെ അയാളെ വധിച്ചതും അമേരിക്ക തന്നെ. താലിബാനെ എതിർക്കാൻ അവർ അഫ്ഗാനിസ്ഥാനിലെത്തിയതും ഒടുവിൽ അവർക്ക് അധികാരം കൈമാറി രാജ്യം വിട്ടതും ചരിത്രം. പ്രദേശത്തെ താരതമ്യേന മതേതര ഭരണകർത്താവായിരുന്ന സദ്ദാം ഹുസൈനെ, ഇല്ലാത്ത ആയുധങ്ങളുടെ പേരിൽ ആക്രമിക്കുകയും വധിക്കുകയും ചെയ്തതു അമേരിക്കയാണ്.
ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ വംശഹത്യ ചെയ്യപ്പെടുന്നതും പലായനം ചെയ്യുന്നതുമാണ് പിന്നീടു കണ്ടത്. ലോകത്തെ ഏറ്റവും വലിയ ഭീകരപ്രസ്ഥാനമായ ഇസ്ലാമിക് സ്റ്റേറ്റ് അവിടെനിന്നാണ് തുടങ്ങിയത്. അത് നിരവധി രാജ്യങ്ങളിൽ തീവ്രവാദത്തിന് ഇന്ധനം പകർന്നു. ഇപ്പോൾ സിറിയയിലെ തീവ്രവാദ പ്രസ്ഥാനങ്ങളെ അസാദിനെതിരേ മുന്നേറാൻ സഹായിച്ചതിലും അമേരിക്കയ്ക്കു പങ്കുണ്ട്.
എണ്ണനിക്ഷേപങ്ങൾ, സൈനിക താവളങ്ങൾ, ആയുധവിൽപ്പന എന്നിവയെല്ലാം ലക്ഷ്യമിട്ടുള്ള അമേരിക്കൻ മുൻകൈയിലുള്ള പാശ്ചാത്യ നീക്കങ്ങളാണ് ഇസ്ലാമിക തീവ്രവാദത്തിനു കാരണം എന്നു പറയുന്നത് തികച്ചും തെറ്റാകുമെങ്കിലും തീവ്രവാദത്തെ വളർത്തുന്നതിൽ അവർക്കുള്ള പങ്ക് വിസ്മരിക്കാനാവില്ല. സിറിയ ഏറ്റവും പുതിയ ഉദാഹരണമാണ്.
എച്ച്ടിഎസിന്റെ നേതാവ് ജുലാനി അണിഞ്ഞിരിക്കുന്ന വേഷം ഇസ്ലാമിക തീവ്രവാദികളുടേതല്ല, സൈനികരുടേതാണ്. അത് തീവ്രവാദം മറച്ചുവയ്ക്കാനുള്ള വേഷംകെട്ടലാണോയെന്ന് കാത്തിരുന്നു കാണണം. ഇസ്ലാമിക് സ്റ്റേറ്റ് തലവനായിരുന്ന അബൂബക്കർ അൽ ബാഗ്ദാദിയുടെ അടുപ്പക്കാരനായിരുന്നു ഒരിക്കൽ ജുലാനി.
സിറിയയിലെ ഇദ്ലിബില് സമാന്തര സർക്കാരുണ്ടാക്കിയപ്പോൾ ജുലാനിയുടെ ഭരണഘടന നടപ്പാക്കിയത് ശരിയത്ത് നിയമമായിരുന്നു. ഇസ്ലാമിക ഖിലാഫത്ത് സ്വപ്നം കാണുന്ന തുർക്കിയാണ് ജുലാനിക്കും എച്ച്ടിഎസിനും പിന്തുണ നൽകുന്ന മറ്റൊരു രാജ്യം. ഇരുണ്ട ഭൂതകാലമുള്ള സിറിയന് ചരിത്രത്തെ മെച്ചപ്പെട്ട ഭാവിയുടെ പുതിയ ചക്രവാളത്തിലേക്കു നയിക്കുമെന്നും പ്രതികാരമല്ല, പരിഷ്കരണമാണ് ലക്ഷ്യമെന്നും ജുലാനി പറഞ്ഞത്, പാശ്ചാത്യരുടെ ശത്രുത ക്ഷണിച്ചുവരുത്താതിരിക്കാനാണെന്നും നിരീക്ഷണങ്ങളുണ്ട്.
ഒരു കാര്യം ഉറപ്പാണ്; ഇസ്ലാമിക തീവ്രവാദം രാജ്യങ്ങളിലല്ല, മനസുകളിലാണ് എന്ന യാഥാർഥ്യം നിലനിൽക്കുന്നു. അത് എത്രവർഷം സുഷുപ്തിയിലാണ്ടു കിടന്നാലും തക്കം കിട്ടുന്പോൾ ആയുധമെടുക്കും. സിറിയന് തലസ്ഥാനമായ ഡമാസ്കസ് പിടിച്ചടക്കിയതോടെ “സ്വാതന്ത്ര്യം...” എന്ന് ആർപ്പുവിളിച്ചുകൊണ്ടാണ് എച്ച്ടിഎസുകാർ ആഘോഷിച്ചത്.
ആ സ്വാതന്ത്ര്യം അവർക്കു മാത്രം അവകാശപ്പെട്ടതായിരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ഏകാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്കല്ല, മതാധിപത്യത്തിലേക്കാണ് സിറിയ ചുവടുവച്ചത്. അതു രണ്ടടി പിന്നോട്ടല്ല, ഒരടി മുന്നോട്ടാണ് എന്നു സ്ഥാപിക്കാനുള്ള ജുലാനിയുടെ ശ്രമം ഇസ്ലാമിക തീവ്രവാദത്തെ കൈവിടാതെ വിജയിക്കില്ല. തീവ്രവാദവും വർഗീയതയും നാശം വിതച്ച ചരിത്രമേ നമുക്കു മുന്നിലുള്ളു; മറ്റെല്ലാം പ്രചാരണങ്ങളാണ്.