ഒരു ഭൂമി,ഒരു കുടുംബം
Tuesday, December 3, 2024 12:00 AM IST
ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിച്ച സർവമത സമ്മേളനം അതീവപ്രാധാന്യമുള്ളതാണ്. സമാധാനം ഏതാനും പേരുടെ മാത്രം ഉത്തരവാദിത്വമല്ലെന്നുകൂടി അത് ഓർമിപ്പിക്കുന്നു.
അവനവന്റെ പരിസരങ്ങളിലും ആവർത്തിക്കണമെന്ന് യഥാർഥ മനുഷ്യൻ ആഗ്രഹിക്കേണ്ട കാഴ്ചയാണ് വത്തിക്കാനിലെ ക്ലെമന്റൈൻ ഹാളിൽ ലോകം കണ്ടത്. നമുക്ക് ഒന്നിച്ചു നടക്കാമെന്ന് എല്ലാ മനുഷ്യരെയും ആഹ്വാനം ചെയ്ത സർവമത സമ്മേളനമാണ് അവിടെ നടന്നത്. സംഘാടകർ ശിവഗിരി മഠത്തിലെ സന്യാസിമാരായതുകൊണ്ട് നമുക്കതു കൂടുതൽ പ്രസക്തവും അഭിമാനകരവുമായിട്ടുണ്ട്.
എല്ലാ മനുഷ്യരും ഏകോദരസഹോദരങ്ങളെന്ന യാഥാർഥ്യം തിരിച്ചറിയുന്ന ഒരു ദിവസം ഉണ്ടാകുമെന്നു കരുതുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്നവരാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കായ്ക്കടുത്തുള്ള ഹാളിൽ ഒന്നിച്ചുകൂടിയത്. ലോകസമാധാനത്തിനുവേണ്ടിയുള്ള അവരുടെ പരിശ്രമങ്ങളോട് ക്രിയാത്മകമായോ നിഷേധാത്മകമായോ പ്രതികരിക്കാൻ നമുക്കു സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ആ പ്രതികരണമാണ് സമാധാനത്തിലേക്കുള്ള ദൂരം കൂട്ടുകയോ കുറയ്ക്കുയോ ചെയ്യുന്നതെന്നതിൽ സംശയമില്ല.
ആലുവയിൽ ശ്രീനാരായണ ഗുരു വിളിച്ചുചേർത്ത സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ സർവമത സമ്മേളനം നടത്തിയത്. സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞത്, പൊതുവായുള്ള ആധ്യാത്മികസത്യങ്ങൾ, മൂല്യങ്ങൾ എന്നിവ ഉൾക്കൊണ്ടുകൊണ്ടും സ്വന്തം മതവിശ്വാസത്തിലും ബോധ്യങ്ങളിലും ഉറച്ചുനിന്നുകൊണ്ടും നമുക്ക് ഒന്നിച്ചു നടക്കാനും നല്ലൊരു നാളേക്കായി ഒന്നിച്ചു പ്രവർത്തിക്കാനും സാധിക്കുമെന്നാണ്.
വംശീയവും മതപരവും സാംസ്കാരികവുമായ വൈവിധ്യങ്ങൾക്കുപരിയായി ഏവരും ഏക മനുഷ്യകുലത്തിലെ അംഗങ്ങളാണ് എന്ന വ്യക്തമായ സന്ദേശമായിരുന്നു ശ്രീനാരായണ ഗുരുവിന്റേത്. യാതൊരു തരത്തിലുള്ള വേർതിരിവും ആരോടും കാട്ടരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നെന്നും ഇത് ഇന്നത്തെ ലോകത്തും പ്രസക്തമാണെന്നും മാർപാപ്പ പറഞ്ഞു.
2019 ഫെബ്രുവരി നാലിന് അബുദാബിയിൽ ഗ്രാന്‍ഡ് ഇമാം അൽ അസർ അഹമ്മദ് അൽ ത്വയ്യിബുമൊത്ത് താൻ ഒപ്പുവച്ച, ലോകസമാധാനത്തിനും ഒരുമിച്ചുള്ള ജീവിതത്തിനുമായുള്ള സുപ്രധാന രേഖ മാർപാപ്പ അനുസ്മരിച്ചു. ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനായി പ്രയത്നിക്കണമെന്നുമുള്ള ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ വാക്കുകൾ സമാധാനശ്രമത്തിന് എല്ലാവർക്കുമുള്ള ആഹ്വാനമായി മാറി.
നവംബർ 29, 30, ഡിസംബർ ഒന്ന് തീയതികളിലായിരുന്നു സമ്മേളനം. ‘നല്ല മനുഷ്യത്വത്തിനായി മതങ്ങൾ ഒരുമിച്ച്’ എന്ന വിഷയത്തിലായിരുന്നു സെമിനാർ. ഹിന്ദു-ക്രിസ്ത്യൻ-മുസ്ലിം പ്രാർഥനാകേന്ദ്രവും ധ്യാനമണ്ഡപവും ഉൾപ്പെടുന്ന സർവമത ആരാധനാകേന്ദ്രം ശിവഗിരിയിൽ സ്ഥാപിക്കുമെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
അതിന്റെ രൂപരേഖ ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു. നിയുക്ത കർദിനാൾ ആർച്ച് ബിഷപ് മാർ ജോർജ് കൂവക്കാട്ട്, കർണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ ഫരീദ്, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, സംഘാടകസമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ജനറല്‍ കണ്‍വീനര്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ, കുണ്ഡേലിങ് തത്സക് റിമ്പോച്ച തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബീറ്റിൽസ് എന്ന പാശ്ചാത്യസംഗീത സംഘത്തിലെ ഗായകനും ഗാനരചയിതാവുമായിരുന്ന ജോൺ ലെനന്റെ വിഖ്യാതമായ വാക്യങ്ങൾ ഇവിടെ ചേർത്തുവയ്ക്കാം: “ഞാനൊരു സ്വപ്നാടകനാണെന്നു നിങ്ങൾ പറഞ്ഞേക്കാം. പക്ഷേ, അതു ഞാൻ മാത്രമല്ല. ഒരിക്കൽ നിങ്ങളും ഞങ്ങളോടൊപ്പം ചേരുകയും മനുഷ്യർ ഒന്നായി ജീവിക്കുകയും ചെയ്യും.” സഹോദരങ്ങളെപ്പോലെ ജീവിക്കാൻ മനുഷ്യനു സാധിക്കുന്ന ഒരു ദിവസത്തെ സ്വപ്നം കാണുന്നവരുടെ പക്ഷത്തേക്ക് നമുക്കു ചേരേണ്ടതുണ്ട്; ഒരു ദിവസമെങ്കിൽ ഒരു ദിവസം മുന്നേ.
1924ൽ ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരു വിളിച്ചുചേർത്ത സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ വത്തിക്കാനിൽ സർവമത സമ്മേളനം നടത്തിയത്. അതായത്, ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും സമാധാനം സ്ഥാപിക്കുന്നതിൽ നാം വിജയിച്ചിട്ടില്ല എന്നുതന്നെ കാണാം.
എന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം പറയാൻ മറ്റൊരു ചോദ്യത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. ആരാണ് സമാധാനത്തിനായി പരിശ്രമിച്ചത്? ഏതാനും മനുഷ്യർ മാത്രം. എന്നാൽ, ഭിന്നത നിലനിർത്തി നേട്ടമുണ്ടാക്കാൻ ശ്രമിച്ചവർ ഏറെയായിരുന്നു; വത്തിക്കാനിലെ ഈ സാഹോദര്യ സമ്മേളനത്തെയും വിമർശിക്കുന്നവരെപ്പോലെ.
സമ്മേളനം കഴിഞ്ഞു. ഡിസംബറിന്റെ തണുപ്പും ക്രിസ്മസിന്റെ വരവുമറിഞ്ഞ് വിവിധ രാജ്യങ്ങളിൽനിന്നുള്ള വിവിധ മതക്കാർ വത്തിക്കാനിൽനിന്നു മടങ്ങി. സർവമത സമ്മേളനത്തിലെ സമാധാന ആഹ്വാനം തീർന്നുപോയ പ്രസംഗങ്ങളല്ല. പുരോഗതിയുടെ അളവുകോലും വികസനത്തിന്റെ അടിസ്ഥാനഘടകവുമാണ്. പക്ഷേ, ഒന്നോർക്കണം; സമാധാനവും സാഹോദര്യവും അവരുടെ ഉത്തരവാദിത്വവും നമ്മുടെ ആഗ്രഹവുംകൊണ്ടു മാത്രം കെട്ടിപ്പടുക്കാനാവില്ല. എല്ലാവരുടെയും പങ്കുണ്ടാകണം.