ഭൂരിപക്ഷവാദം നിഷ്കളങ്കമല്ല
Wednesday, December 11, 2024 12:00 AM IST
ഹിന്ദുക്കളല്ലാത്തവരെ രണ്ടാംതരം പൗരന്മാരായി കാണുന്ന പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനമാണ് അലഹാബാദ് ഹൈക്കോടതി ജഡ്ജിയുടെ ഭൂരിപക്ഷ അപ്രമാദിത്വ വാദത്തിൽ അടങ്ങിയിരിക്കുന്നത്.
ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടതെന്ന് അലാഹാബാദ് ഹൈക്കോടതി ജഡ്ജി നടത്തിയ പ്രസംഗം, ഭരണഘടനയിൽ വിശ്വസിക്കുകയും ആൾക്കൂട്ടനീതിയിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന എല്ലാവരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്.
ഓക്സിജന് ശ്വസിച്ച് ഓക്സിജന് തന്നെ പുറത്തുവിടുന്ന ഒരേയൊരു ജീവി പശുവാണെന്ന് വർഷങ്ങൾക്കു മുന്പ് ഉത്തരവിൽ എഴുതിച്ചേർത്ത ജഡ്ജിയാണ് ഇപ്പോൾ ഭൂരിപക്ഷ രാഷ്ട്രീയത്തെ ഉയർത്തിപ്പിടിക്കുന്നത്.
രണ്ടു പരാമർശവും ഒരേ ആശയത്തിന്റെ സൃഷ്ടിയാണ്. ഭൂരിപക്ഷത്തിനു വിധേയരായി മറ്റുള്ളവർ ജീവിക്കണമെന്നു ഭൂരിപക്ഷവാദികളോ ഫാസിസ്റ്റുകളോ വർഗീയവാദികളോ പറയുന്നതുപോലെയല്ല, ഒരു ജഡ്ജി പറയുന്നത്.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ അത് അവിശ്വസനീയമല്ലെങ്കിലും ആപത്കരമാണ്. നമ്മുടെ മഹത്തായ ജനാധിപത്യ-മതേതര ഭരണഘടനയെ അപഹസിക്കുന്ന ഇത്തരം വിഭജന പരാമർശങ്ങൾ ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസമില്ലാതെ നാം ഇന്ത്യക്കാരായ ജനങ്ങൾ തള്ളിക്കളയണം.
അലാഹാബാദ് ഹൈക്കോടതിയുടെ ലൈബ്രറി ഹാളിൽ വിശ്വഹിന്ദു പരിഷത്തിന്റെ ലീഗൽ സെൽ സംഘടിപ്പിച്ച പരിപാടിയിൽ ‘ഏകീകൃത സിവിൽ കോഡിന്റെ ഭരണഘടനാപരമായ ആവശ്യകത’ എന്ന വിഷയത്തിൽ ജസ്റ്റീസ് ശേഖർ കുമാർ യാദവ് നടത്തിയ പ്രഭാഷണമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
“ഹിന്ദുസ്ഥാനാണ് ഇന്ത്യയെന്നു പ്രഖ്യാപിക്കാൻ മടിയില്ല. ഹിന്ദുക്കളാകുന്ന ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ഇന്ത്യ പ്രവർത്തിക്കേണ്ടത്. കുടുംബത്തിന്റെ കാര്യത്തിലായാലും സമൂഹത്തിന്റെ കാര്യത്തിലായാലും ഭൂരിപക്ഷത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണു പ്രവർത്തിക്കേണ്ടത് എന്നാണു നിയമം.
ഭൂരിപക്ഷത്തിന്റെ താത്പര്യവും ക്ഷേമവും സന്തോഷവുമാണ് സ്വീകരിക്കപ്പെടേണ്ടത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ലയെ പ്രതിഷ്ഠിക്കാൻ പൂർവികരിൽ പലരും വലിയ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്.” ജഡ്ജിയുടെ പരാമർശങ്ങളെല്ലാം ഒരേ ആശയത്തിന്റെ ബഹിർസ്ഫുരണങ്ങളാണ്. അതിൽ പ്രധാനം ഭൂരിപക്ഷവാദമാണ്.
എന്തു ന്യായീകരണമുണ്ടെങ്കിലും അത് സ്വാഭാവികമായും രാജ്യത്തെ ന്യൂനപക്ഷത്തെ ഒരുപടി താഴ്ത്തി ഭൂരിപക്ഷത്തിനു വിധേയരായിരിക്കാൻ ആവശ്യപ്പെടുന്നു. അതിൽ വേണ്ടുവോളം കാണുന്നത്, ഹിന്ദുക്കളല്ലാത്തവരെ രണ്ടാംതരം പൗരന്മാരായി കാണുന്ന പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനമാണ്.
ഭൂരിപക്ഷത്തിന്റെ അപ്രമാദിത്വവാദം ആൾക്കൂട്ടത്തിന്റെ പ്രത്യയശാസ്ത്രത്തിൽനിന്ന് ഏറെ അകലെയല്ല. ആൾക്കൂട്ട ആക്രമണങ്ങളെയും കൊലപാതകങ്ങളെയും ന്യായീകരിക്കുന്നവർക്കും എടുത്തുപയോഗിക്കാൻ സാധിക്കുന്നതാണ് ജഡ്ജിയുടെ ആശയം.
ഭൂരിപക്ഷത്തിന്റെ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഇദ്ദേഹത്തിൽനിന്നു തങ്ങൾക്കു നീതി ലഭിക്കുമോയെന്ന് ന്യൂനപക്ഷങ്ങൾ ചിന്തിച്ചേക്കാമെന്ന സാധ്യതപോലും കോടതികളുടെ നിഷ്പക്ഷതയെയും വിശ്വാസ്യതയെയും ന്യായാസനത്തിൽനിന്നിറക്കി പ്രതിക്കൂട്ടിലെത്തിക്കും. ജഡ്ജിമാർ ഭരണകൂടത്തിന് അനുകൂലമായി പരസ്യപ്രസ്താവനകൾ നടത്തുന്നതും വിരമിച്ചുകഴിഞ്ഞ് സർക്കാരിന്റെ ആനുകൂല്യത്തിൽ പാർലമെന്റിലെത്തുന്നതും മറ്റു സ്ഥാനമാനങ്ങൾ സ്വീകരിക്കുന്നതുമൊക്കെ സാധാരണ കാര്യമായി മാറിക്കഴിഞ്ഞു.
രാജ്യത്തെ ആരാധനാലയങ്ങളുടെ 1947 ഓഗസ്റ്റ് 15ലെ സ്ഥിതി സംരക്ഷിക്കാൻ വ്യവസ്ഥ ചെയ്തുള്ള 1991ലെ ആരാധനാലയ സംരക്ഷണ നിയമത്തെ അവഗണിച്ച് കോടതികൾതന്നെ കേസുകൾ പ്രോത്സാഹിപ്പിക്കുന്നതും ഇതോടൊപ്പം ചേർത്തു വായിക്കപ്പെടും. എന്തായാലും കോടതികളുടെ വിശ്വാസ്യത പലവിധത്തിൽ ചോദ്യം ചെയ്യപ്പെടുന്നത് രാജ്യത്തിനു ഗുണകരമല്ല; അതിൽ ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലല്ലോ.
വിദ്വേഷപ്രസംഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ് ജഡ്ജി നടത്തിയതെന്നും സുപ്രീംകോടതി നടപടി സ്വീകരിക്കണമെന്നും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ചൂണ്ടിക്കാട്ടി. പ്രസംഗം ഭരണഘടനയ്ക്കെതിരേയുള്ള കടന്നാക്രമണമാണെന്നും സുപ്രീംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം വൃന്ദ കാരാട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തെഴുതി.
ഇന്നലെതന്നെ ഇക്കാര്യത്തിൽ സുപ്രീംകോടതി പരിശോധന തുടങ്ങിയെന്നത് ആശ്വാസത്തിനു വക നൽകുന്നുണ്ട്. ഓക്സിജന് ശ്വസിച്ച് ഓക്സിജന് തന്നെ പുറത്തുവിടുന്ന ഒരേയൊരു ജീവി പശുവാണെന്ന്, പശുവിനെ കശാപ്പ് ചെയ്ത പ്രതിക്കു ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ ഇതേ ജഡ്ജി 2021 സെപ്റ്റംബറിൽ എഴുതിയിരുന്നു.
ശാസ്ത്രബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ പരാമർശം അതേ വഴിയിൽ സഞ്ചരിച്ച് കൂടുതൽ ആപത്കരമായ തലത്തിലെത്തിയതാണ് ‘ഭൂരിപക്ഷ’ പരാമർശത്തിൽ കണ്ടത്. ജനങ്ങളെ വിഭജിക്കുന്ന ഭൂരിപക്ഷവാദം ഒരാളുടെ വ്യക്തിപരമായ അഭിപ്രായമായി സ്വീകരിക്കാമോ എന്ന ചോദ്യത്തേക്കാൾ പ്രസക്തമാണ്, അത്തരത്തിലൊരാൾക്ക് എല്ലാ മനുഷ്യർക്കും തുല്യമായി നീതി നടപ്പാക്കിക്കൊടുക്കാൻ പറ്റുമോയെന്ന ചോദ്യം.
ആ ചോദ്യം ഇന്ത്യയുടെ വർത്തമാനകാലത്തിന്റെ വിചാരണയും ഭാവിയുടെ വിധിയെക്കുറിച്ചുള്ള ആശങ്കയുമായി വളരുന്നുണ്ട്. ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ ഭേദമില്ലാതെ അതിനെ തളർത്തണം.