സുവർണയുഗം പ്രഖ്യാപിച്ച് ട്രംപ്
Tuesday, January 21, 2025 10:44 AM IST
വാഷിംഗ്ടൺ: അമേരിക്കയ്ക്ക് സുവർണ യുഗപ്പിറവി പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ് 47-ാമത് പ്രസിഡന്റായി സ്ഥാനമേറ്റു. തിങ്കളാഴ്ച അമേരിക്കൻ സമയം ഉച്ചയ്ക്ക് 12ന് (ഇന്ത്യൻ സമയം രാത്രി 10.30) വാഷിംഗ്ടൺ ഡിസിയിലെ യുഎസ് കാപിറ്റോളിൽ നടന്ന ഹ്രസ്വവും പ്രൗഢഗംഭീരവുമായ ചടങ്ങിൽ വിവിധ വിദേശരാജ്യത്തലവന്മാർ, അമേരിക്കയുടെ മുൻ പ്രസിഡന്റുമാർ, വ്യവസായ പ്രമുഖർ, ട്രംപ് ഭരണത്തിലെ വിവിധ വകുപ്പുകളിലേക്കുള്ള നോമിനികൾ തുടങ്ങിയവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.
അതിശൈത്യത്തെത്തുടർന്ന് ഭരണസിരാകേന്ദ്രമായ കാപിറ്റോൾ ഹില്ലിലെ റോട്ടൻഡ ഹാളിലാണു സത്യപ്രതിജ്ഞാചടങ്ങ് നടന്നത്. യുഎസ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ജോൺ റോബർട്സ് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈറ്റ് ഹൗസിനു സമീപം സെന്റ് ജോൺസ് എപ്പിസ്കോപ്പൽ പള്ളിയിലെ വിശുദ്ധ കുർബാനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്.
സത്യപ്രതിജ്ഞയ്ക്കു പ്രാരംഭമായി നടന്ന പ്രാർഥനയ്ക്കു ന്യൂയോർക്ക് ആർച്ച്ബിഷപ് കർദിനാൾ തിമോത്തി ഡോളൻ നേതൃത്വം നൽകി. നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസാണ് ആദ്യം സത്യവാചകം ചൊല്ലിയത്. തുടർന്ന് ട്രംപ് സത്യവാചകം ചൊല്ലി. ഇരുവരും ബൈബിളിൽ തൊട്ടാണു സത്യവാചകം ചൊല്ലിയത്.
നാലു പതിറ്റാണ്ടിനിടെ ആദ്യമായാണ് അതിശൈത്യത്തെത്തുടർന്ന് പുറത്തേ വേദിയിൽനിന്ന് യുഎസ് പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ മാറ്റുന്നത്. സത്യപ്രതിജ്ഞയ്ക്കുശേഷം രാജ്യത്തെ അഭിസംബോധന ചെയ്യവെ, രാജ്യത്തു സുവർണയുഗം പിറന്നുകഴിഞ്ഞെന്ന് ട്രംപ് പറഞ്ഞു.
തന്റെ നേതൃത്വത്തിനു കീഴിൽ രാജ്യം കൂടുതൽ വളരുമെന്നും ബഹുമാനിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റ പ്രതിസന്ധി കൈകാര്യം ചെയ്ത ബൈഡൻ സർക്കാരിനെ വിമർശിച്ച അദ്ദേഹം, രാജ്യത്തുനിന്ന് ക്രിമിനിലുകളെ പുറത്താക്കുമെന്നും വ്യക്തമാക്കി.
അമേരിക്കയ്ക്കിതു പുതിയ തുടക്കമാണ്. ട്രാൻസ്ജെൻഡറുകളെ പൂർണമായും തള്ളിപ്പറഞ്ഞ ട്രംപ്, രാജ്യത്ത് ഇനി ആണും പെണ്ണും എന്ന വർഗം മാത്രമേ ഉണ്ടാകൂവെന്നും പ്രഖ്യാപിച്ചു.
തീവ്രവാദ-മയക്കുമരുന്ന് സംഘങ്ങളെയും അനധികൃത കുടിയേറ്റക്കാരെയും തടയുന്നതിന്റെ ഭാഗമായി യുഎസ്-മെക്സിക്കോ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ട്രംപ്, പനാമ കനാൽ തിരിച്ചുപിടിക്കുമെന്നും വ്യക്തമാക്കി. ആദ്യദിനം നികുതി നിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ട്രംപ് നടത്തിയില്ല.