നാല് ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്ന് ഡാളസ് പോലീസ്
പി.പി. ചെറിയാൻ
Wednesday, January 15, 2025 12:51 PM IST
ഡാളസ്: നാല് ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വച്ചാൽ അറസ്റ്റ് ചെയ്യരുതെന്ന് ഡാളസ് പോലീസിന്റെ നിർദേശം. മുൻപ് രണ്ട് ഔൺസിൽ താഴെ കഞ്ചാവ് കൈവശം വച്ചിരിക്കുന്ന ആളുകളെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്ന നിർദേശം.
പ്രൊപ്പോസിഷൻ ആർ നടപ്പിലാക്കുന്നതിലൂടെ, കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റുകൾ നടപ്പിലാക്കുന്ന കാര്യത്തിൽ ഡാളസ് പൊലീസ് ഉദ്യോഗസ്ഥർക്ക് പുതിയ മാർച്ചിംഗ് ഓർഡറുകൾ നൽകുന്നുണ്ട്.
"ഡാളസ് ഫ്രീഡം ആക്ട്' എന്നും പിന്തുണയ്ക്കുന്നവർ വിളിക്കുന്ന പ്രൊപ്പോസിഷൻ ആർ, നവംബറിലെ തെരഞ്ഞെടുപ്പിൽ 66 ശതമാനം വോട്ടോടെ പാസായി. കഴിഞ്ഞ വർഷം, ഡാളസ് മുൻ പോലീസ് മേധാവി എഡി ഗാർസിയ ഈ നിർദേശം പൊതുസുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
ടെക്സസ് നിയമപ്രകാരം, രണ്ട് ഔൺസോ അതിൽ കുറവോ കഞ്ചാവ് കൈവശം വയ്ക്കുന്നത് 180 ദിവസം വരെ തടവും 2,000 ഡോളർ വരെ പിഴയും ലഭിക്കാവുന്ന ക്ലാസ് ബി കുറ്റകൃത്യമാണ്. രണ്ട് മുതൽ നാല് ഔൺസ് വരെ കഞ്ചാവ് കൈവശം വയ്ക്കുന്നത് ഒരു വർഷം വരെ തടവും 4,000 ഡോളർ വരെ പിഴയും ലഭിക്കാവുന്ന ക്ലാസ് എ കുറ്റകൃത്യമാണ്.