അബുദാബിയിൽ നാടകരാവുകൾക്കു തുടക്കമാകുന്നു
അനിൽ സി. ഇടിക്കുള
Saturday, December 21, 2024 8:04 AM IST
അബുദാബി: ഇനി നാടകപ്രേമികളുടെ ഇഷ്ട്ടനാളുകൾ വരവായി. കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ പതിമൂന്നാമത് ഭരത് മുരളി നാടകോത്സവം വെള്ളിയാഴ്ച രാത്രി എട്ടിന് ആരംഭിക്കും. ജനുവരി 20 വരെ നീളുന്ന നാടകോത്സവത്തിൽ യുഎഇയിലെ പ്രമുഖ നാടക സംഘങ്ങൾ ഒരുക്കുന്ന ഒന്പത് നാടകങ്ങളാണ് അരങ്ങേറുന്നത്.
ഉദ്ഘാടന പരിപാടിയിൽ ജെമിനി ബിൽഡിംഗ് മെറ്റീരിയൽ മാനേജിംഗ് ഡയറക്ടർ ഗണേഷ് ബാബു മുഖ്യാതിഥിയായിരിക്കും. കെഎസ്സി പ്രസിഡന്റ് ബീരാൻകുട്ടി അധ്യക്ഷത വഹിക്കും. കെഎസ് സി ബാലവേദി കൂട്ടുകാർ അവതരിപ്പിക്കുന്ന നാടകഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ട്.
ഡോ. ശ്രീജിത്ത് രമണന്റെ സംവിധാനത്തിൽ ശക്തി തിയറ്റേഴ്സ് അബുദാബി അവതരിപ്പിക്കുന്ന ന്ധ അബദ്ധങ്ങളുടെ അയ്യരുകളി 23ന് ആദ്യ നാടകമായി അരങ്ങേറും. വൈശാഖ് അന്തിക്കാടിന്റെ സംവിധാനത്തിൽ പറുദീസ പ്ലേ ഹൗസ് അവതരിപ്പിക്കുന്ന സീക്രെട്ട് ജനുവരി മൂന്നിന് അരങ്ങേറും .
സലീഷ് പദ്മിനിയുടെ സംവിധാനത്തിൽ അൽ ഐൻ മലയാളി സമാജം അവതരിപ്പിക്കുന്ന നീലപ്പായസം ജനുവരി അഞ്ച്, ക്രീയേറ്റീവ് ക്ളൗഡ് അവതരിപ്പിക്കുന്ന സാജിദ് കൊടിഞ്ഞിയുടെ സിദ്ധാന്തം അഥവാ യുദ്ധാന്ത്യം ജനുവരി ഏഴിന്, അഭിമന്യ വിനയകുമാറിന്റെ സംവിധാനത്തിൽ മാസ് ഷാർജയുടെ ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ജനുവരി 10, തിയറ്റർ ദുബായി അവതരിപ്പിക്കുന്ന ഒ.ടി. ഷാജഹാന്റെ ജീവന്റെ മാലാഖ ജനുവരി 12,
എമിൽ മാധവിയുടെ സംവിധാനത്തിൽ അൽ ഖൂസ് തിയേറ്റർ ഒരുക്കുന്ന രാഘവൻ ദൈ ജനുവരി 14 ഡോ. സാം പട്ടംകിരിയുടെ സംവിധാനത്തിൽ കനൽ ദുബായി അവതരിപ്പിക്കുന്ന ചാവുപടികൾ ജനുവരി 17, സുരേഷ് കൃഷ്നയുടെ സംവിധാനത്തിൽ പ്രവാസി നാടക സമിതി അവതരിപ്പിക്കുന്ന ശംഖുമുഖം ജനുവരി 18 എന്നിവയാണ് മറ്റു നാടകങ്ങൾ .
അബുദാബി കേരള സോഷ്യൽ സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാത്രി എട്ടിന് നാടകങ്ങൾ ആരംഭിക്കും. മലയാള നാടകവേദിയിലെ പ്രഗൽഭരായ നാടക പ്രവർത്തകർ വിധികർത്താക്കളായി എത്തുന്നുണ്ട്. ജനുവരി 20നു വിജയികളെ പ്രഖ്യാപിക്കും.