ഗോൾഡൻ ജൂബിലി കരോൾ നടത്തി
അനില്‍ സി. ഇടിക്കുള
Wednesday, December 11, 2024 5:15 PM IST
ദുബായി: യുഎഇയിലെ ആദ്യ സിഎസ്ഐ ദേവാലയമായ ദുബായി സിഎസ്ഐ മലയാളം ഇടവകയുടെ ഗായക സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ഗാനശുശ്രൂഷ ഊദ് മേത്തയിലെ ഹോളി ട്രിനിറ്റി ചർച്ചിൽ വച്ച് നടത്തി.
സിഎസ്ഐ ഇടവകയും ഗായക സംഘവും സ്ഥാപിതമായിട്ട് 50 വർഷം പൂർത്തീകരിച്ചു എന്ന പ്രത്യേകതയും ഈ വർഷത്തെ കരോള്‍ സർവീസിനുണ്ട്. 1975ൽ ജെ.ഇ. മാത്യുവിന്റെ നേതൃത്വത്തിൽ 12 മെയിൽ അംഗങ്ങളോടെ ആരംഭിച്ച ഗായക സംഘത്തിൽ ഇന്ന് 90 അംഗങ്ങൾ ഉണ്ട്.
55 അംഗങ്ങൾ അടങ്ങിയ ജൂനിയർ ക്വയറും ഗായക സംഘത്തിന്റെ ഭാഗമാണ്. ജൂബി എബ്രഹാം ക്വയർ മാസ്റ്റർ ആയും ജിനോ മാത്യു ജോയ് അസിസ്റ്റന്റ് ക്വയർ മാസ്റ്റർ ആയും പ്രവർത്തിച്ചുവരുന്നു. ഇടവക വികാരി റവ. രാജു ജേക്കബ് ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
റവ. സ്റ്റീഫൻ മരിയൻ ക്രിസ്മസ് സന്ദേശം നൽകുകയും റവ. പ്രേം മിത്ര ആശംസ അറിയിക്കുകയും ചെയ്തു. റവ. ചാൾസ് എം. ജെറിൽ, റവ. ബിജു കുഞ്ഞുമ്മൻ, റവ. ബ്രൈറ്റ് മോഹൻ എന്നിവർ സഹകാർമികത്വം വഹിച്ചു.
ഇടവക ഗായക സംഘത്തിന്റെ സ്ഥാപക ക്വയർ മാസ്റ്റർ ആയ ജെ.ഇ. മാത്യു, മുൻ ക്വയർ മാസ്റ്റർ മാത്യു ഫിലിപ്പ്, സ്ഥാപക അംഗം മാത്യു വർഗീസ്, ജൂബിലി ലോഗോ ഡിസൈൻ ചെയ്ത കൃപ സാറാ തോമസ് എന്നിവരെ ആദരിച്ചു.
യുഎഇയിലെ വിവിധ ഭാഗങ്ങളിലും മറ്റു രാജ്യങ്ങളിൽ നിന്നും വന്ന മുൻ ഗായക സംഘ അംഗങ്ങൾ അവതരിപ്പിച്ച കരോൾ ഗാനം വേറിട്ട അനുഭവമായി. ഈപ്പൻ കെ ജോർജ് നന്ദി പ്രകാശിപ്പിച്ചു.