അമലിനെ കാണതായിട്ട് നൂറു ദിവസം; പ്രതീക്ഷ കൈവിടാതെ കുടുംബം
Friday, December 20, 2024 11:49 AM IST
കണ്ണൂർ: സെപ്റ്റംബർ ഒന്നിന് കുവൈറ്റ് സമുദ്രാതിർത്തിലുണ്ടായ കപ്പലപകടത്തിൽ കാണാതായ ആലക്കോട് കാവുംകുടിയിലെ കോട്ടയിൽ അമൽ സുരേഷിനെ(26) കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതെ തുടരുന്നു.
സംഭവം നടന്ന് നൂറു ദിവസം കഴിഞ്ഞിട്ടും അമൽ എവിടെ എന്ന കാര്യത്തിൽ ആശങ്കയോടെ കഴിയുകയാണ് കുടുംബം. കാണാതായ രണ്ടു മലയാളികൾ അടക്കം ആറുപേരിൽ നാലുപേരുടെ മൃതദേഹം ലഭിച്ചെങ്കിലും അമലിനെക്കുറിച്ചും കപ്പലിന്റെ ക്യാപ്റ്റനെക്കുറിച്ചുമാണ് യാതോരു വിവരവുമില്ലാത്തത്.
ഇവർക്കായി സൗദി, ഖത്തർ ജയിലുകളിൽ അന്വേഷിക്കണമെന്ന് മുംബൈ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ഓഫീസ് ചെയർമാൻ ശ്യാം ജഗന്നാഥനോട് അമലിന്റെ പിതാവ് സുരേഷ് ആവശ്യപ്പെട്ടു.
സെയ്ലേഴ്സ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് രവി വിട്ടിലിനൊപ്പമാണ് സുരേഷ് മുംബൈയിലൈ ഷിപ്പിംഗ് ഓഫീസിലെത്തിയത്. സെപ്റ്റംബർ ഒന്നിനാണ് അമൽ ജോലിചെയ്തിരുന്ന ഇറാനിയൻ കപ്പൽ അറബക്തർ കുവൈറ്റ് സമുദ്രാതിർത്തിയിൽ മുങ്ങി അമൽ ഉൾപ്പെടെ ആറ് ജീവനക്കാരെ കാണാതായത്.
തൃശൂർ സ്വദേശി അനീഷ് ഹരിദാസിന്റേതടക്കം നാലുപേരുടെ മൃതദേഹം ലഭിച്ചു. അമലും ഇറാനിയായ ക്യാപ്റ്റനും സുരക്ഷാബോട്ടിൽ രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ എത്താൻ സാധ്യതയുള്ള സൗദി, ഖത്തർ ജയിലുകളിൽ പരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മുംബൈ ഗ്ലോബൽ മറൈൻ ഏജൻസി വഴിയാണ് അമൽ പോയതെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. എന്നാൽ, മുംബൈയിൽതന്നെയുള്ള എർത്ത് ഓഷ്യൻ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസി വഴിയാണിതെന്ന് ഡിജിഎസ് ഉദ്യോഗസ്ഥർ നേരത്തെ കണ്ടെത്തിയിരുന്നു.
വെസൽ ഈസ് മറിയം എന്ന കപ്പലിൽ ജോലി ലഭിച്ചെന്നാണ് രേഖയിലുള്ളത്. ഈ സാഹചര്യത്തിൽ അമൽ അറബക്തർ ഒന്നിൽ എത്തിയതിൽ ദുരൂഹതയുണ്ട്. ജനുവരിയിൽ ജോലി ലഭിച്ച് മുബൈയിലേക്ക് പുറപ്പെട്ട അമൽ കൈയിൽ കരുതിയ 4,32,000 രൂപയിൽ നാല് ലക്ഷം ഏജൻസിക്ക് കൊടുത്തെന്നാണ് അറിയിച്ചത്.
ജോലിയിൽ കയറിയതിനുശേഷം കപ്പൽക്കമ്പനി ഒരു രൂപപോലും ശമ്പളം നൽകിയില്ല. ഇക്കാര്യങ്ങളൊക്കെ വിശദമായി അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സുരേഷിന് ഡിജിഎസ് ചെയർമാൻ ഉറപ്പുനൽകിയിരുന്നു.
അമലിനെ കണ്ടെത്താൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, കെ. സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ തുടങ്ങിയവർക്കും നിവേദനം നൽകിയെങ്കിലും അമലിനെ കുറിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽനിന്നോ കേന്ദ്ര സർക്കാരിൽനിന്നോ യാതൊരു വിവരങ്ങളും കുടുംബത്തിന് ലഭിച്ചിരുന്നില്ല.