ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് രണ്ടുവയസുകാരി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
1516827
Sunday, February 23, 2025 3:18 AM IST
പത്തനംതിട്ട: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ കുട്ടി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. പെരുമ്പെട്ടിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന ദമ്പതികളുടെ രണ്ടു വയസുള്ള കുട്ടി കളിച്ചുകൊണ്ടിരിക്കേ കിണറ്റില്‍ വീണു മരിച്ച സംഭവം ചൂണ്ടിക്കാട്ടി കേരള ജനവേദി സംസ്ഥാന പ്രസിഡന്റ് റഷീദ് ആനപ്പാറ നല്കിയ പരാതിയെത്തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. ഷാജി - സരള ദമ്പതികളുടെ ഇളയ മകൾ അരുണിമയാണ് മരിച്ചത്.
ആള്‍മറയില്ലാത്ത കിണറുകള്‍ കൈവരികെട്ടി സംരക്ഷിക്കണമെന്നു 1994 ലെ കേരള പഞ്ചായത്ത് രാജില്‍ പറയുന്നുണ്ട്. അതുകൂടാതെ ആള്‍മറ ഇല്ലാത്ത കിണറുകള്‍ കൈവരികെട്ടി സംരക്ഷിക്കണമെന്നും ഉപയോഗമില്ലാത്തവ മൂടണമെന്നും കാണിച്ച് സര്‍ക്കാര്‍ സര്‍ക്കുലറും ഇറക്കിയിട്ടുള്ളതാണ്.
എന്നാല്‍, ഇപ്രകാരമുള്ള ചട്ടങ്ങള്‍ വസ്തുവിന്റെ ഉടമകള്‍ പാലിക്കാത്തതുമൂലം അബദ്ധത്തില്‍ കിണറുകളില്‍ വീണു അനേകം കുട്ടികളും മുതിര്‍ന്നവരും മരണപ്പെടുന്നുണ്ട്. വസ്തുവിന്റെ ഉടമ പഞ്ചായത്ത് രാജിന് അനുസൃതമായി സര്‍ക്കാരിന്റെ സര്‍ക്കുലറിന് അനുസൃതമായി ഭീഷണിയായി നിന്ന കിണറിന് സംരക്ഷണ ദിത്തി കെട്ടാത്തത് മൂലമാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നു പരാതിയില്‍ പറയുന്നു.
കുട്ടി മരണപ്പെട്ട സംഭവത്തില്‍ സംരക്ഷണഭിത്തി നിര്‍മിക്കാത്ത കിണറിന്റെ ഉടമസ്ഥനെതിരേ കേസെടുക്കണമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വസ്തുവിന്റെ ഉടമയില്‍നിന്നു നഷ്ടപരിഹാരം നല്‍കണമെന്നും സംസ്ഥാനത്തെ മുഴുവന്‍ ആള്‍മറയില്ലാത്ത കിണറുകളും മൂടാന്‍ നടപടി ഉണ്ടാകണമെന്നും റഷീദ് ആനപ്പാറ പരാതിയിലൂടെ ആവശ്യപ്പെട്ടു.