മുക്കുപണ്ടം പണയം വച്ച് തട്ടിപ്പിനു ശ്രമിച്ചയാൾ പിടിയിൽ
1516564
Saturday, February 22, 2025 3:22 AM IST
അടൂർ: ഒരേസ്ഥാപനത്തിൽ രണ്ടാംവട്ടവും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പിനു ശ്രമിച്ചയാളെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. കുളക്കട ഈസ്റ്റ് തുരുത്തിലമ്പലം പുന്തലവിള വീട്, അനിൽകുമാറാണ് (46) പിടിയിലായത്. ഏനാത്ത് ജംഗ്ഷനിൽ മഠത്തിവിളയിൽ ഫിനാൻസ് എന്നപേരിൽ ധനകാര്യ സ്ഥാപനം നടത്തുന്ന ടോം ജേക്കബാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ സ്ഥാപനത്തിലെത്തി 10 ഗ്രാം തൂക്കം വരുന്ന മുക്കുപണ്ടമായ വള പണയം വച്ച് പരമാവധി തുക വേണമെന്ന് ആവശ്യപ്പെട്ടു. ഇയാൾ കഴിഞ്ഞ മൂന്നിനും ഇതേ സ്ഥാപത്തിലെത്തി ഒരു വള പണയം വച്ച് 43000 രൂപ വാങ്ങിയിരുന്നു. പരിശോധനയിൽ രണ്ടും മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടു.
പോലിസ് സ്റ്റേഷനിൽ അറിയിച്ചതുപ്രകാരം ഉടനടി സ്ഥലത്തെത്തിയ പോലീസ് സംഘം അനിൽകുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. വളകളും രേഖകളും പോലീസ് പിടിച്ചെടുത്തു കോടതിയിൽ ഹാജരാക്കി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.