കലാകാരന്മാരോടുള്ള അവഗണനയ്ക്കെതിരേ സവാബ്
1516215
Friday, February 21, 2025 3:47 AM IST
പത്തനംതിട്ട: കേരള സർക്കാർ കലാകാരന്മാരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ് ) സംസ്ഥാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
60 വയസ് കഴിഞ്ഞ കലാകാരന്മാരുടെ ക്ഷേമ പെൻഷൻ മുടങ്ങിയിട്ടു മൂന്നുമാസമായി. ഡിസംബർ, ജനുവരി , ഫെബ്രുവരി മാസങ്ങളിലെ ക്ഷേമ പെൻഷനുകളാണ് മുടങ്ങിയത്. അടിയന്തരമായി സർക്കാർ ക്ഷേമ പെൻഷൻ കൊടുക്കാൻ തയാറാകണം. നിത്യജീവിതത്തിനു പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് കലാകാരൻമാരിൽ നല്ലൊരു പങ്കും.
കലാകാരന്മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകാത്തപക്ഷം ശക്തമായ സമര പരിപാടിയുമായി മുന്നോട്ടുപോകും. കലാപരിപാടികൾ നടത്തുന്നതിന് ഉച്ചഭാഷിണി അനുമതി രാത്രി 10 എന്നുള്ളത് രാത്രി ഒന്നുവരെയാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്ത്, രക്ഷാധികാരി ഡോ. നിരണം രാജൻ, ജനറൽ സെക്രട്ടറി എം.ജി. മുരളിദാസ്, വൈസ് പ്രസിഡന്റ് ഹേമ ആർ. നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.