രൂപയ്ക്കു നേട്ടം 63 പൈസ
Wednesday, February 12, 2025 12:02 AM IST
മുംബൈ: രണ്ടു വർഷത്തിനിടെ ഒറ്റ ദിവസത്തെ ഏറ്റവും വലിയ തിരിച്ചുവരവുമായി രൂപ. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ ഡോളറിനെതിരേ രൂപ 63 പൈസയുടെ നേട്ടത്തിൽ 86.82ലേക്കാണ് രൂപയുടെ മൂല്യം ഉയർന്നത്.
ബാങ്കുകൾ കൈവശമുള്ള ഡോളർ വിറ്റഴിച്ചതാണ് രൂപയ്ക്ക് കരുത്തായത്. ഡോളർ ഒന്നിന് 87.45 എന്ന നിലയിലാണ് രൂപ ഇന്ന് വിനിമയം തുടങ്ങിയത്. ഒരു ഘട്ടത്തിൽ 86.61 ലേക്ക് കുതിച്ചുയർന്ന രൂപ 86.82ൽ ക്ലോസ് ചെയ്യുകയായിരുന്നു.
2023 മാർച്ച് മൂന്നിനാണ് ഇതിന് മുൻപ് രൂപ ഒറ്റദിവസം ഇത്രയുമധികം ഉയർന്നത്. അന്നും 63 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. താരിഫ് യുദ്ധ ഭീഷണിയെ തുടർന്ന് തിങ്കളാഴ്ച രൂപ 45 പൈസ നഷ്ടത്തിൽ 88ലേക്ക് അടുത്തതാണ്.
എന്നാൽ ഉച്ചക്കഴിഞ്ഞ് തിരിച്ചുവന്ന രൂപ 87.45ലാണ് ക്ലോസ് ചെയ്തത്. ഇന്നലെ വ്യാപാരത്തിന്റെ അവസാനം ഉണ്ടായ മുന്നേറ്റം ഇന്ന് രൂപ തുടരുകയായിരുന്നു.